അതിയമാൻ നെടുമാൻ അഞ്ചി - അവ്വയാർ



കൂടൽ എഴുത്തിയലിലെ പെൺപെരുമയായിരുന്ന ഔവ്വയാറിന്റെ (അവ്വയാർ) പുറനാനൂറിലെ ഒരു പാട്ട് കാണാം.

അവ്വയാറിനെ കുറിച്ച് 

കൂടലെഴുത്തിയലിലെ ഏറ്റവും പേരുകേട്ട പെണ്ണെഴുത്തുകാരിയാണ് അവ്വയാർ. അവ്വയാർ എന്നത് ഒരാളുടെ ശരിക്കുമുള്ള പേരല്ല, മറിച്ചു വണക്കമുള്ള ഒരു തലക്കെട്ടാണ്. പരണരുടെയും കപിലരുടെയും കാലയളവിലാണ് അവ്വയാർ ഉണ്ടായിരുന്നത് എന്നു കരുതപ്പെടുന്നു. നറ്റിണയിൽ ഏഴും കുറിന്തൊകയിൽ പതിനഞ്ചും അകനാനൂറിൽ നാലും പുറനാനൂറിൽ മുപ്പത്തിമൂന്നു പാട്ടുകളും അവ്വയാറിന്റെ തിരുപ്പടപ്പുകളാണ്. അതിയമാൻ പെരുമാൻ, വേൾപ്പാരി എന്നീ മന്നൻമാരുമായി അവ്വയാറിനു അടുത്ത ചാർച്ച ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

അതിയമാൻ നെടുമാൻ അഞ്ചിയെക്കുറിച്ചു അവ്വയാർ പാടിയ ഒരു പാട്ട്. 

എട്ടുതൊകൈ പുറനാനൂറു ൮൰൮ (88)

യാവിർ ആയിഩും, “കൂഴൈ താർ കൊണ്ടു

യാം പൊരുതും” എഩ്റൽ ഓമ്പുമിൻ! ഓങ്കു തിറൽ

ഒളിറു ഇലങ്കു നെടുവേൽ മഴവർ പെരുമകൻ,

കതിർ വിടു നുൺ പൂൺ അം പകട്ടു മാർപിൻ

വിഴവു മേമ്പട്ട നൽ പോർ 

മുഴവുത് തോൾ എൻ ഐയൈക് കാണാ ഊങ്കേ.

പൊരുൾ: യാവിർ ആയിനും - ആരായാലും , കൂഴൈ - കൂഴ (പടയുടെ പിന്നണി/പിന്നണി പടയാളി), താർ - തമിഴിൽ പടയെന്നും പൊരുൾ ഉണ്ട്. താർ എന്നാൽ മലയാളത്തിൽ നൂലുണ്ട, പൂവ്, മാല എന്ന പൊരുളുകൾ ഉണ്ട്. 

കൊണ്ടു യാം പൊരുതും - കൊണ്ട് നാം പൊരുതും. എന്റൽ - പറഞ്ഞാൽ / പറച്ചിൽ (എന്നുക - പറയുക)

 ഓമ്പുമിൻ - നീ ഓമ്പും (നീ രക്ഷിക്കും) - ഓമ്പുക - ഓമനിക്കുക, രക്ഷിക്കുക, താലോലിക്കുക.

ഓങ്കു - ഓങ്ങ്/ഓങ്ങൽ (ഉയർന്ന), തിറൽ - തിറം (കരുത്ത്, കഴിവ്) ഇവിടെ വീരം എന്ന പൊരുൾ, 

ഒളിറു ഇലങ്കു നെടുവേൽ - ഒളിയുള്ള ഇലങ്കുന്ന നെടുവേൽ (കാന്തിയുള്ള ശോഭിക്കുന്ന നീളമുള്ള വേൽ[കുന്തം]) ഒളി -  മറ, കാന്തി, വെളിച്ചം, കീർത്തി, പ്രകാശം എന്നൊക്കെ പൊരുൾ, ഇലങ്കുക എന്നാൽ സംസ്കൃതമലയാളത്തിൽ ശോഭിക്കുക എന്ന പൊരുൾ.

മഴവർ - ചെറുപ്പക്കാർ (മലയാളത്തിൽ മഴമ - പുതുമ, ചെറുപ്പം, ഇളപ്പം) പെരുമകൻ - വലിയവൻ 

കതിർ വിടു - കതിരു പുറത്തുവിടുന്ന (കതിർ - രശ്മി, കിരണം) , നൂൺ പൂൺ - നുണ് (വളരെ ചെറിയ, മെലിഞ്ഞ, നേർത്ത, പകിട്ടാർന്ന) പൂണ് (ആഭരണം).

അം പകട്ടു മാർപിൻ - അം എന്നാൽ തമിഴിൽ അഴകുള്ള എന്ന പൊരുൾ - അഴകുള്ള പകിട്ടുള്ള മാറ്. 

വിഴവ് - വിഴവ് (ഉത്സവം), മേമ്പട്ട - മേന്മപെട്ട (മേൻമയാർന്ന), നൽ പോർ - നല്ല പോർ ,

മുഴവു തോൾ - മുഴപോലുള്ള തോൾ (നല്ല ഉരുണ്ട തോൾ), 

എൻ ഐയൈക് കാണാ ഊങ്കേ - എന്റെ അയ്യനെ നീ കാണുന്നതിനു മുമ്പേ. 

നീ ആരുമായിക്കൊള്ളട്ടെ

നീ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ 

അവരുടെ കാൽപ്പടയാളികളാൽ  നാം പൊരുതും

തന്റെ വെറ്റികൾ വിഴാവുകളായി കൊണ്ടാടുന്ന 

എന്റെ അയ്യനെ നീ കണ്ടിട്ടില്ല

മുഴന്തോളുകളും  നേർത്ത പൂണുകൾ

കതിരമെറിക്കുന്ന അഴകുള്ള പകിട്ടാർന്ന

മാറോടുകൂടിയവൻ, അവൻ തിളക്കമുള്ള 

ഇലങ്കുന്ന നെടുവേലേന്തുന്ന ഇളം പോരാളുകളുടെ

പെരുമനാകുന്നു   

Next Post Previous Post
No Comment
Add Comment
comment url