കാടു വിളിക്കുമ്പോൾ
പടുകൂറ്റൻ മരങ്ങൾ പന്തൽവിരിച്ചു നിൽക്കുന്ന മലഞ്ചെരുവുകളുടെ വായ്മയും മഴക്കാറിന്റെ മൂടിയിൽ വേഴാമ്പൽ കേഴുന്നതിന്റെ ഒലിയും പടർവള്ളികളിൽ ചാടിമറിയുന്ന കുരങ്ങുകളും കൂട്ടമായി നീങ്ങുന്ന ആനകളുമെല്ലാം മാലക്കാടിന്റെ തനിമ വിളിച്ചോതുന്ന അടയാളങ്ങളാണ്. മഴനാളുകളിൽ മലയിറങ്ങുന്ന മഞ്ഞു കുളിരണിയിക്കുന്ന താഴ്വാരങ്ങൾ ഒരു കാഴ്ചവിരുന്നു തന്നെയാണ് എന്നു പറയാതെ വയ്യ. പകൽ എട്ടു മണിയോടെ ഞാനും കൂട്ടരും കാടുകയറാൻ തുടങ്ങി, വഴി വെട്ടി തെളിച്ചിട്ടില്ലാത്തതു കൊണ്ടു മുന്നേ നടക്കുന്ന ഞങ്ങളുടെ കൂട്ടാളിയാണ് ഞങ്ങളുടെ വഴികാട്ടി. ഇവിടെ പലതവണ വന്നു തഴക്കമുള്ളതിനാൽ അയാളുടെ ഉറപ്പിൽ ഈ കൂട്ടം മുന്നോട്ടു നീങ്ങുന്നു. എതാണ്ട് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ അകലെ നിന്നും കാട്ടാറിന്റെ ചിലമ്പൽ എന്റെ കാതുകളിലെത്തി. തെല്ലൊന്നു പാടു പെട്ടിട്ടാണ് കുന്നു കയറിയത്, അതിന്റെ ഒരു തളർച്ച എല്ലാർക്കുമുണ്ട്.
കാട്ടാറ് പാറയോടു വഴക്കുണ്ടാക്കുന്നതിന്റെ ഇരമ്പൽ ഞങ്ങൾക്കു കുളിർമയേകുന്നതായിരുന്നു.വലിയ ആഴമില്ലാത്ത മേൽനിരപ്പിലൂടെ ആറ്റുവെള്ളം ഉശിരോടെ ഒഴുകിയിറങ്ങുന്നു. ഇടവിടാതെ കരയുന്ന ചീവിടുകൾ ചിലമ്പലിനൊത്തു മൂളുകയാണെന്ന് എനിക്കു തോന്നി. കൂട്ടത്തിലുള്ള ചിലർ ഒട്ടും മടിച്ചു നിൽക്കാതെ തന്നെ വെള്ളത്തിലേക്കിറങ്ങി, ഞാനും അവരുടെ പിന്നാലെ ചെന്നു, നടാടെ കാലുകൾ വെള്ളത്തിലേക്കെടുത്തു വച്ചു, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുവക ഇടപഴക്കമാണപ്പോൾ ഉണ്ടാവുന്നത്. എത്ര അകലം താണ്ടി കിതച്ചു നിൽക്കുകയാണെങ്കിലും ഈ നീരിലേക്കിറങ്ങുമ്പോൾ നമ്മുടെ തളർച്ചയെല്ലാം വിട്ടൊഴിയും. നീരാട്ടു കഴിഞ്ഞു കയ്യിൽ കരുതിയിരുന്ന ശാപ്പാടുകൂടിയായപ്പോൾ എല്ലാവരും ഒന്നു ഉണർന്നു. വൈക്കുന്നേരത്തിനു മുന്നേ ഇവിടുന്ന് അഞ്ചു മൈലുകൾ താണ്ടേണ്ടതുണ്ട്. ഇടയ്ക്കു കുറച്ചു മയിലുകളെയും മലയണിലുകളെയും കണ്ടതല്ലാതെ മറ്റൊരു മാകും ഞങ്ങളുടെ കാഴ്ചയിൽ പതിനിഞ്ഞില്ല.
ഇരുളണയും മുന്നേ തന്നെ എത്തേണ്ടിടത്തു എത്തിച്ചേർന്നെങ്കിലും എല്ലാർക്കും നല്ല തളർച്ചയുണ്ടായിരുന്നു. മാമരങ്ങളും വള്ളിപ്പടർപ്പുകളും പിന്നിട്ട് ഇപ്പോൾ ഒരു മുട്ടക്കുന്നിന്റെ മുകളിലാണ് ഞങ്ങൾ തമ്പടിച്ചിരിക്കുന്നത്. വരുന്ന വഴിക്കു പെറുക്കിയെടുത്ത വിറകുകൾ കൂടാതെ ഞങ്ങൾ ഇരിപ്പുറപ്പിച്ചിടത്തു നിന്നു തന്നെ ഒരു പാഴ്മരവും ഉണ്ടായിരുന്നു. അതെല്ലാം ഇന്നു തീയ്ക്കുള്ള ശാപ്പാടാണ്. ഇരുൾ മൂടുമ്പോൾ കാട് മറ്റൊരു മോറു കൈക്കൊള്ളും, ഇപ്പോൾ ചീവീടുകളുടെ കരച്ചിലിനു മറ്റൊരു മട്ട് കൈവരും, അകലെ നിന്നും പലവകയിലുള്ള ചെറുതായി ഉള്ളുഞെരുക്കുന്ന ചില ഒച്ചപ്പാടുകൾ കേട്ടു തുടങ്ങും, ഇവയെല്ലാം ആളെത്തീനികളുടെ കരച്ചിൽ ആകണം എന്നില്ല. എന്നിരുന്നാലും ഇരുട്ടിൽ ആ ഒച്ചകൾ നമ്മെ പേടിപ്പെടുത്തും എന്നതിൽ കില്ലുവേണ്ട. നടാടെ കാട്ടിൽ തുറന്ന ഒരിടത്തു വിണ്ണിന്റെ വിയമ്പിനു കീഴെ ഉറങ്ങുക എന്നത് അത്ര എളുപ്പമുള്ളതല്ല. ചെറിയൊരു ഒച്ചയനക്കം മതി ഉള്ളിൽ അച്ചമുണ്ടാകാൻ. എന്നാൽ ഇരുളിൽ കാടിന്റെ ഉള്ളിൽ ചുവരുകളും മേൽക്കൂരയുമില്ലാതെ മാനത്തെ മീനുകളെയും നോക്കി മയക്കം കൺപോളകളിൽ കനക്കുമ്പോൾ എല്ലാം മറന്നു നാം ആ ചുറ്റുപാടിൽ ഇടകലരുന്നു.