മലയാളവും സംസ്കൃത ഉരികളും
ഉത്സവം (വടമൊഴി - 'ത്' ഒലി) - ഉല്‍സവം (മലയാളം - 'ല്' ഒലി)
മത്സരം (വടമൊഴി - 'ത്' ഒലി) - മല്‍സരം (മലയാളം - 'ല്' ഒലി)
പിതാ (വടമൊഴി) - പിതാവ് (മലയാളം)
ഗ്രാമം (വടമൊഴി) - ഗ്രാമമു (തെലുങ്ക്)
അന്നം (വടമൊഴി) - അന്നമു (തെലുങ്ക്)
സൂര്യ: (വടമൊഴി) - സുര്യുടു (തെലുങ്ക്)
ലോകം (വടമൊഴി) - ഉലകം (തമിഴ്)
ശില്‍പ്പം (വടമൊഴി) - സിര്‍പ്പം (തമിഴ്)
സിംഹം (വടമൊഴി) - സിംഗം (തമിഴ്)
യന്ത്രം (വടമൊഴി) - എന്തിരം (തമിഴ്)
സന്ധ്യ (വടമൊഴി) - സഞ്ചെ (കന്നഡ)
പക്ഷി (വടമൊഴി) - ഹക്കി (കന്നഡ)
യാത്ര (വടമൊഴി) - യാത്രെ (കന്നഡ)
ഉരികള്‍ കടമെടുത്തു എന്നത് കൊണ്ട് മുറ്റും മലയാളം വടമൊഴിയില്‍ നിന്നും വന്നതാണ് എന്ന് പറയുന്നത് തെറ്റാണ്. ഇങ്കിരിസ് (ഇംഗ്ലീഷ്) മൊഴിയിലെ പകുതിയില്‍ കൂടുതല്‍ ഉരികള്‍ ലത്തീന്‍ - ഫ്രഞ്ച് മൊഴികളില്‍ നിന്നും പോയവയാണ്. എന്നിരുന്നാലും ഇങ്കിരിസ്സിനെ ഒരു ജര്‍മ്മാനിക് മൊഴി ആയാണ് മൊഴി ആരാഴ്ചികര്‍ തരംതിരിക്കുന്നത്. ഒരു മൊഴിയുടെ അടിത്തറ അതിന്‍റെ മൊഴിമുറയാണ്. ഉരികള്‍ കടമെടുക്കുന്നത് കൊണ്ട് ഒരു മൊഴിയുടെ അടിത്തറ മാറുന്നില്ല. പറങ്കി (പോര്‍ച്ചുഗീസ്) ഉരികള്‍ കടമെടുത്താലും മലയാളം ഒരു എറോപ്പിയന്‍ മൊഴി ആയി മാറില്ലല്ലോ. പറങ്കി മൊഴിയും വടമൊഴിയും ഇന്തോ-എറോപ്പിയന്‍ മൊഴിയിനത്തില്‍ പെടുന്നവയാണ്, മലയാളം ആകട്ടെ ദ്രാവിഡ മൊഴിയിനത്തിലും.
'അം' എന്നൊടുങ്ങുന്ന ഉരികള്‍ '-ഇല്‍', '-ഇനോട്' എന്നിവയുമായി ചേരുമ്പോള്‍ '-ത്തില്‍', 'ത്തിനോട്' എന്നായി മാറുന്നത് ഒരു ദ്രാവിഡ മൊഴിമുറയാണ്. വടമൊഴി ഉരികള്‍ കടമെടുക്കുമ്പോഴും നാം ഇതേ ചട്ടം പിന്തുടര്‍ന്നാണ് പോകുക:
വൃക്ഷം (വടമൊഴി) + '-ഇല്‍' - വൃക്ഷത്തില്‍
വേഷം (വടമൊഴി) + '-ഇന്' - വേഷത്തിന്
നഗരം (വടമൊഴി) + '-ഇലേക്ക്' - നഗരത്തിലേക്ക്
പലപ്പോഴും മലയാളത്തില്‍ വടമൊഴി ഉരികളെ തനത് മലയാള ഉരിയുമായി കൂട്ടിക്കുഴച്ചുകൊണ്ട് ഉണ്ടാക്കിയ പുതിയ ഉരികളും കാണുവാനാകും. ഇത്തരം ഉരികള്‍ വടമൊഴിയില്‍ നിന്നും കടം കൊണ്ടവയാണ് എന്ന് പറയാനാകില്ല.
തെറ്റ് (മലയാളം) + ധാരണ (വടമൊഴി) ------> തെറ്റിദ്ധാരണ
ബുദ്ധി (വടമൊഴി) + മുട്ട് (മലയാളം) ------> ബുദ്ധിമുട്ട്
മനസ്സ് (വടമൊഴി) + ആക്കുക (മലയാളം) ------> മനസ്സിലാക്കുക
ആ (മലയാളം) + ദേഹം (വടമൊഴി) ------> അദ്ദേഹം
കുറ്റം (മലയാളം) + ബോധം (വടമൊഴി) ------> കുറ്റബോധം
പലപ്പോഴും വടമൊഴി ഉരികള്‍ പറച്ചിലില്‍ വേറെ ഉരുവത്തില്‍ നിലകൊള്ളുന്നു:
ക്ഷമ (വടമൊഴി / മലയാളം എഴുത്തുമൊഴി) - ഷമ (മലയാളം പറച്ചില്‍)
ക്ഷീണം (വടമൊഴി / മലയാളം എഴുത്തുമൊഴി) - ഷീണം (മലയാളം പറച്ചില്‍)
ധൃതി (വടമൊഴി / മലയാളം എഴുത്തുമൊഴി) - ധിറുതി (മലയാളം പറച്ചില്‍)
കൃഷി (വടമൊഴി / മലയാളം എഴുത്തുമൊഴി) - ക്രിഷി (മലയാളം പറച്ചില്‍)
വികൃതി (വടമൊഴി / മലയാളം എഴുത്തുമൊഴി) - വിക്രിതി (മലയാളം പറച്ചില്‍)
കടമെടുത്ത വടമൊഴി ഉരികള്‍ക്ക് ഓരോ മൊഴിയിലും ഓരോ പൊരുളുകള്‍ ഉള്ളതായും കാണാം:
സംസാരം ---> വടമൊഴി/ഹിന്ദി - World, മലയാളം - Talk, തമിഴ് - Family
അവസരം ---> വടമൊഴി/ഹിന്ദി/മലയാളം - Opportunity, തമിഴ് - Haste
അവകാശം ---> ഹിന്ദി - Break, മലയാളം - Right, കന്നഡ - Opportunity
സൗജന്യം ---> മലയാളം - Free, കന്നഡ - Credit
ഉചിതം ---> വടമൊഴി/ഹിന്ദി/മലയാളം - Appropriate, കന്നഡ - Free
മൃഗം ---> വടമൊഴി - Deer, മലയാളം/തമിഴ് - Animal
പ്രാണി ---> വടമൊഴി/തമിഴ്/ഹിന്ദി - Living being, മലയാളം - Insect
അനുവാദം ---> ഹിന്ദി - Translation, മലയാളം - Permission
കടമെടുത്ത ഈ ഉരികള്‍ക്ക് വേറെ പൊരുളുകള്‍ ഉള്ളപ്പോള്‍ ഇവയെ വടമൊഴി ഉരിയായി തന്നെ കണക്കാക്കാന്‍ പാടുമോ എന്ന് നാം ഓര്‍ക്കണം. കടമെടുത്ത് പൊരുള്‍ മാറ്റിയ ഇത്തരം ഉരികളെ നമ്മുടെ മൊഴികളിലെ തനതായ ഉരികളായി തന്നെ കാണാം എന്നാണ് എന്‍റെ വയ്പ്. എന്നാല്‍ പൊരുളേടില്‍ ഉള്ള ഉരികളില്‍ കടം കൊണ്ടവ ഏറെയും പൊതുവേ നാം പെരുമാറാത്തവയാണ്. നാടന്‍ മലയാളത്തില്‍ വടമൊഴി ഉരികള്‍ ഉയര്‍ന്ന തോതില്‍ കാണാന്‍ കഴിയില്ല. ഇപ്പോള്‍ നിങ്ങള്‍ വായിക്കുന്ന ഈ കുറിപ്പ് പച്ച മലയാളത്തില്‍ എഴുതിയിരിക്കുന്നതാണ്. വടമൊഴി ഉരികള്‍ ഒന്നും ഇല്ലാതെ തന്നെ എഴുതപ്പെട്ട ഈ കുറിപ്പ് ഒരു ശരാശരി മലയാളിക്ക് വായിക്കാനാകും എന്നതില്‍ നിന്നു തന്നെ ഒന്നുറപ്പ്- വടമൊഴി ഉരികള്‍ ഇല്ലാതെയും മലയാളത്തിന് നിലനില്‍പ്പ് ഉണ്ട്.