മൊഴികള്‍ കുരുതിയാവുന്ന ഒളിപ്പോരുകള്‍

മൊഴികള്‍ ഇമ്പര്‍ക്ക് (മനുഷ്യര്‍ക്ക്) തമ്മില്‍ മിണ്ടുവാനും അറിവുകള്‍ പങ്കിടാനുമുള്ള ഒരു കരുവി (ഉപകരണം) മുറ്റുമാണ് എന്നതാണ് പലരുടെയും തോന്നല്‍. എന്നാല്‍ മൊഴികള്‍ വെറും കരുവികള്‍ മുറ്റുമല്ല, നമ്മുടെ മുന്‍തലമുറകളുടെ ഓര്‍മ്മകള്‍ കൂടിയാണ്. തള്ള മൊഴി എന്നത് നമ്മുടെ അടയാളമാണ്. ഒരു മൊഴിയെ ഇല്ലാതാക്കിയാല്‍ ഒരു കൂട്ടം ആളുകളുടെ അടയാളത്തെ, ഒരു കണക്കിന് അവരെ തന്നെ പതിയേ ഇല്ലാതാക്കാന്‍ കഴിയും എന്ന് പോരടവുകള്‍ മെനയുന്നവര്‍ പണ്ടേ കണ്ടെത്തിയിരുന്നു. ചോര പൊടിക്കാത്ത ആ ഒളിപ്പോരിന് എതിരാളികളെ നിലംപരിശാക്കാന്‍ പടക്കോപ്പുകളെക്കാള്‍ കഴിവുണ്ട്. അടുത്ത തലമുറയിലേക്ക് അവരുടെ തള്ള മൊഴി എത്തിച്ചില്ലെങ്കില്‍ അവര്‍ ഒരിക്കലും തങ്ങള്‍ ആരാണ് എന്ന് തിരിച്ചറിയില്ല, പകരം അവരെ അടക്കി വാഴുന്നവരുടെ മൊഴിയും, നടപ്പും, ഉടുപ്പും എല്ലാം കൈക്കൊണ്ട് അവര്‍ അടക്കത്തോടെ പാവങ്ങളായി ഇരുന്നുകൊള്ളും. ഈ അടവ് പാരില്‍ പലയിടത്തും പയറ്റിത്തെളിഞ്ഞ ഒന്നാണ്. അവയില്‍ ചിലതിലേക്ക് നമുക്ക് വെളിച്ചം വീശാം.

ഇങ്കിരിസ്സുകാരുടെ കീഴിലുള്ള ഇന്ത്യ

൧൯ (19)-ആം നൂറ്റാണ്ടില്‍ ഇന്ത്യയിലെ കല്‍വിമുറ പുതുക്കി പടിഞ്ഞാറേ നാടുകളുടെ മട്ടില്‍ ആക്കിയത് തോമസ്‌ ബാബിംഗ്ടന്‍ മക്കോലെയുടെ കീഴിലാണ്. ഇങ്കിരിസ് മൊഴി ഇന്ത്യന്‍ മൊഴികളെ എല്ലാം പകരം വെക്കണം എന്നും കല്‍വി ഇങ്കിരിസില്‍ ആണെങ്കില്‍ കുട്ടികള്‍ക്ക് ഇങ്കിരിസ്സുകാരോട് കൂറ് ഉണ്ടാകും എന്ന് അയാള്‍ കരുതിയിരുന്നു. നമ്മുടെ മൊഴികള്‍ അറിയാതെ, ഇങ്കിരിസ് മുറ്റും അറിയാവുന്ന ഒരു പറ്റം ഇന്ത്യക്കാര്‍ ഉണ്ടായാല്‍ അവര്‍ക്ക് നാടിനോട് കൂറ് ഉണ്ടാവില്ലെന്നും അവര്‍ വിടുതലിനായ് പോരാടില്ലെന്നും ഉള്ള നിനവ് തന്നെയായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഈ അടവ് ഏറ്റില്ല. നമ്മുടെ മൊഴികള്‍ നിലനിന്നു, നമ്മള്‍ വിടുതല്‍ നേടിയെടുക്കുകയും ചെയ്തു. 

അയര്‍ലാണ്ടില്‍ നടന്നത്

ഇങ്കിരിസ്സുകാര്‍ തങ്ങളെ കീഴ്-പ്പെടുത്തുന്നത് വരെ അയര്‍ലാണ്ടില്‍ ഐറിഷ് എന്ന് നാം ഇന്ന് വിളിക്കുന്ന ഒരു ഗെയ്ലിക് (Gaelic) മൊഴിയായിരുന്നു ആളുകള്‍ മിണ്ടിയിരുന്നത്. ഇത് ആംഗ്ലോ ജര്‍മ്മാനിക് വകുപ്പില്‍ പെട്ട ഇംഗ്ലീഷില്‍ നിന്നും വളരെയേറെ വേറിട്ട്‌ നില്‍ക്കുന്ന ഒരു മൊഴിയാണ്. തങ്ങളുടെ അടയാളം ഊട്ടിയുറപ്പിക്കാന്‍ അന്നാട്ടുകാരുടെ അടയാളം മായ്ക്കണം എന്ന് ഇങ്കിരിസ്സുകാര്‍ തീരുമാനിച്ചു. മൊഴി തന്നെയായിരുന്നു ഏറ്റവും എളുപ്പമായി കീഴടക്കാനാവുന്ന ഇര. പതിയെ ഐറിഷ് മണ്ണില്‍ നിന്നും അവരുടെ മൊഴി തുടച്ചുനീക്കാന്‍ അവര്‍ക്കായി. ഇന്ന് അന്‍പത്തിയഞ്ചു ലക്ഷം പേര്‍ താമസിക്കുന്ന അയര്‍ലാണ്ടില്‍ വളരെ ചുരുക്കം പേര്‍ക്കേ ഐറിഷ് മിണ്ടാന്‍ അറിയൂ. ഇപ്പോള്‍ ഐറിഷ് മൊഴിയെ വീണ്ടെടുക്കാന്‍ പല തുനിവുകളും നടക്കുന്നുണ്ട്, അത് കൊണ്ട് പരുങ്ങല്‍ നിലയില്‍ നിന്നും അത് കരകയറും എന്ന് നമുക്ക് കരുതാം. 

പോളണ്ടില്‍ നടന്നത്

പോളണ്ടിനെ റഷ്യ കീഴടക്കിവാണിരുന്ന കാലത്ത് അവരുടെ ചെറുത്തുനില്‍പ്പുകളെ തടുക്കാന്‍ അവരുടെ മൊഴിയെ ഇല്ലാതാക്കാന്‍ റഷ്യക്കാര്‍ തുനിഞ്ഞിരുന്നു. പള്ളികൂടത്തില്‍ പോളിഷ് മൊഴി ഉള്‍പ്പെടുത്തിയാല്‍ കൊടുംപിഴകള്‍ പതിവായിരുന്നു. പോളിഷ് മക്കള്‍ക്ക് ഒളിച്ചും പാത്തും തങ്ങളുടെ മൊഴി കല്‍ക്കേണ്ടി വന്നു. നോബല്‍ നേടിയ മേരി ക്യൂറി ഇക്കാലത്ത് ആയിരുന്നു പിറന്നത്. ഒരിക്കല്‍ അവരുടെ പള്ളിക്കൂടത്തില്‍ ഒരു റഷ്യന്‍ മേലാളന്‍ വന്നെത്തി. അവിടെ ആളുകള്‍ പോളിഷ് മൊഴിയില്‍ മിണ്ടുന്നുണ്ടോ എന്ന് അറിയുകയായിരുന്നു വരവിന്‍റെ ഉന്നം. ആ പള്ളിക്കൂടം റഷ്യയെ എതിര്‍ക്കുന്ന ആളുകളുടെ ഒന്നായിരുന്നു, അത് കൊണ്ട് അവിടെ റഷ്യന്‍ ആരും കല്‍ക്കുന്നുണ്ടായിരുന്നില്ല. നിനച്ചിരിക്കാതെ മേരി ക്യൂറി എഴുന്നേറ്റ് നിന്ന് റഷ്യയെ വാഴ്ത്തുന്ന ഒരു പാട്ട് റഷ്യനില്‍ പാടിയത് കൊണ്ട് മേലാളന്‍ കൂടുതല്‍ നേരം അവിടെ നിന്നില്ല, ആ പള്ളിക്കൂടത്തിന്‍മേല്‍ പിഴ ചുമത്തിയതുമില്ല. അവര്‍ക്ക് തങ്ങളുടെ തള്ളമൊഴിയായ പോളിഷ് ഉയിരായിരുന്നു. ഒരു ഫ്രഞ്ചുകാരനുമായാണ് മിന്നുകെട്ടിയത് എന്നാലും തങ്ങളുടെ മക്കള്‍ പോളിഷ് മൊഴി കല്‍ക്കണം എന്നും ഇടയ്ക്കിടെ പിറന്ന മണ്ണിലേക്ക് പോകണം എന്ന് അവര്‍ ഉറപ്പിച്ചിരുന്നു. 

യുക്രെയിനില്‍ നടക്കുന്നത്

ഇപ്പോള്‍ ൨൦൨൨ (2022) ല്‍ യുക്രെയിനില്‍ ഒരു വലിയ പോര് മുറുകുകയാണ് എന്ന് നമുക്കേവര്‍ക്കും അറിയാം. ഈ പോരില്‍ ഉയിര്‍ പൊലിഞ്ഞ ആയിരക്കണക്കിന് ആളുകള്‍ക്ക്- ഇരുകൂട്ടത്തിലെയും പടയാളികള്‍ ഉള്‍പ്പെടെ- കണ്ണീര്‍ ഓര്‍മ്മകള്‍. പോര്‍ തുടങ്ങുന്നതിന് മുന്‍പ് റഷ്യന്‍ തലവന്‍ പറഞ്ഞത് യുക്രെയിനിയന്‍ മൊഴി വേറിട്ട ഒരു മൊഴിയല്ല എന്നും റഷ്യന്‍ മൊഴിയുടെ വെറുമൊരു നാട്ടുമൊഴി ആണെന്നുമാണ്. താന്‍ കീഴടക്കാന്‍ കരുതുന്ന നാട്ടില്‍ ഉള്ളത് മുഴുവനും തങ്ങളുടെ ആളുകള്‍ തന്നെയാണ് എന്നും അത് കൊണ്ട് ഇരു നാടുകളെയും ഒന്നാക്കാനുള്ള പോര് തെറ്റായ നീക്കമല്ല എന്നും കാട്ടുവാനുള്ള ഒരു തുനിവ്. ഇരുമൊഴികളും സ്ലാവിക് വകുപ്പില്‍ പെട്ടവ തന്നെ, എന്നാല്‍ അവ വേറിട്ട രണ്ട് മൊഴികള്‍ തന്നെ. യുക്രേനിയന്‍ റഷ്യന്‍ നാട്ടുമൊഴി ആണ് എന്ന് പറഞ്ഞാല്‍ അത് ഒരിക്കലും ഒടുങ്ങില്ല- സ്ലോവാക്, ബള്‍ഗേറിയന്‍, സ്ലോവേനിയന്‍ തുടങ്ങി എല്ലാ സ്ലാവിക് മൊഴികളും വെറും നാട്ടുമൊഴികള്‍ ആണ്, അത് കൊണ്ട് അവ റഷ്യയില്‍ ചേരണം എന്നാകും അടുത്ത പറച്ചില്‍. യുക്രെയിന്‍കാര്‍ കണ്ണടച്ച് തങ്ങളുടെ മൊഴിയെയും നാടിനെയും കാക്കാന്‍ കച്ച കെട്ടി ഇറങ്ങിയതും ഒരേ വകുപ്പില്‍ പെട്ട, കുറെയൊക്കെ ഉരികള്‍ പങ്കിടുന്ന, എന്നാല്‍ വേറിട്ട്‌ തന്നെ നില്‍ക്കുന്ന മൊഴികള്‍ വെറും "നാട്ടുമൊഴികള്‍" ആണ് വരുത്തിതീര്‍ക്കുന്നത് എന്തിനാണ് എന്ന് അറിയാവുന്നത് കൊണ്ടാണ്. 

ഒന്നുറപ്പ്- തള്ളമൊഴികളെ ഇല്ലാതാക്കി ഒരു കൂട്ടം ആളുകളുടെ അടയാളം മറയ്ക്കുവാനായി നടത്തുന്ന തുനിവുകള്‍ ഒരിക്കലും ഒടുങ്ങുകയില്ല. നമ്മുടെ അടയാളത്തെ കാക്കുവാനായി നമ്മുടെ തള്ളമൊഴികളെയും നാം കാക്കണം. വള്ളത്തോള്‍ എഴുതിയത് ഉള്‍ക്കൊണ്ട് എല്ലാ മൊഴികളോടും ഇമ്പം പുലര്‍ത്തുമ്പോഴും പെറ്റമ്മയായ മലയാളത്തെ നാം ഒരിക്കലും മറക്കരുത്. നമ്മുടെ തേന്‍മൊഴി അടുത്ത തലമുറയിലേക്ക് പകരട്ടെ!

Next Post Previous Post
No Comment
Add Comment
comment url