മുമ്പേ നടക്കേണ്ടത് പിമ്പേ നടക്കുമ്പോൾ
ഇനി മുതൽ കേരളത്തിനകത്തുള്ള സർക്കാർ ഊഴിയങ്ങൾക്ക് വേണ്ടുന്ന എല്ലാ ഫാറങ്ങളും മലയാളത്തിൽ മുറ്റും മതിയെന്ന് തീർപ്പ് കൈക്കൊള്ളുക ഉണ്ടായി. എന്നാൽ ഇതു പോലെയുള്ള നടപടികൾ മുന്നോട്ട് വയ്ക്കുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങളെ അറിയുവാനണ് ഈ കുറിപ്പിലൂടെ ഉന്നം വയ്ക്കുന്നത്.
മുമ്പേ നടക്കേണ്ടത് പിമ്പേ നടക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ ഏടാകൂടങ്ങളും ഇപ്പോൾ കൈക്കൊണ്ട ഈ തീർപ്പിൽ ഉണ്ടെന്ന് പറയാതെ വയ്യ. നാടടക്കമൊഴി മലയാളമാക്കിയപ്പോൾ ഏൽപ്പും എതിർപ്പും ഒരുപോലെ മുഴങ്ങിക്കേട്ടു. എന്നാലും നമ്മുടെ നാട്ടിൽ നമ്മുടെ മൊഴി എന്ന മുഴക്കവും നാം മുന്നോട്ടു പോയി. എന്നാൽ നടാടെ തന്നെ ചെന്നു ചാടിയ ഏടാകൂടത്തിൽ മുഴക്കം ഒക്കെ ചോർന്നു പോകാൻ തുടങ്ങി. അതുവരെ വടമൊഴിയുടെ പകിട്ടിൽ തിളങ്ങി നിന്ന മലയാള എഴുത്തിയലിൽ മേന്മകൊണ്ട നമ്മൾ കണ്ടത് നാടടക്കത്തിനു കവിത മുറ്റും പോരാ എന്നതാണ്. പുതുപൊഴുതിന്റെ വിരവിലുള്ള ചിന്താകോണുകളുടെ വളർച്ചയിൽ ഇങ്കിരീസിനെ വെല്ലാൻ മലയാളത്തിന് എന്നല്ല ഒരു ഇന്ത്യൻ മൊഴിക്കും അത്ര പെട്ടെന്ന് കഴിയുകയില്ല എന്ന നേർക്കാഴ്ച അന്നു നമ്മുടെ മുന്നിൽ തെളിഞ്ഞു.
ഒരു ഞൊടിനേരം പോലും കളയാതെ മലയാളമൊഴിയുടെ പുലവർ വടമൊഴിയുടെ വാക്കു ചെൽവത്തിലേക്ക് മടികൂടാതെ എടുത്തു ചാടി. മുങ്ങി നിവർന്നപ്പോൾ കിട്ടിയ പുതിയ വാക്കുകൾ കണ്ട് മലയാളികൾ നടുങ്ങി നിന്നു. കടിച്ചാൽ പൊട്ടാത്ത ഈ പുത്തനുരകൾ ചവറ്റുകൊട്ടയിലേക്ക് പോയതും ഇങ്കിരീസു തന്നെ തുടർന്നതും അതിനാൽ ഇങ്കിരീസ് വാക്കുകൾ തന്നെ കടംകൊള്ളേണ്ടി വന്നതും തൊട്ടടുത്തകാലത്തെ പഴയിട. പിന്നീട് ഈ കടുകട്ടി ആര്യവാക്കുകൾ കൊണ്ട് മലയാളം കൊഴുപ്പിക്കണ്ട എന്നും തീർപ്പുണ്ടായി.
എന്നാൽ തമിഴിനു ഈ കെടുതി വന്നില്ലെന്ന് മുറ്റുമല്ല ഇങ്കിരീസിനോട് കിടപിടിക്കാൻതക്ക കെൽപ്പ് ആ മൊഴിക്ക് കൈവരുകയും ചെയ്തു. തനിത്തമിഴ് ഇയക്കം ആണ് അതെന്നും അതിൽ കഴമ്പുണ്ടെന്നും പറയാൻ ഒരുങ്ങുന്നതിനു മുന്നേ നാടടക്കത്തിനായി പെരുമാറി വരുന്ന ചെന്തമിഴിൽ വടമൊഴിവാക്കുകൾ നല്ല വകയിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞുകൊൾക. എന്തിനേറെ, നാം പൊതുവെ കേൾക്കാറുള്ള അരചം, അരചു, അരചിയൽ എന്നീ തമിഴ് വാക്കുകൾ ഒക്കെ തന്നെ വടമൊഴിയിൽ നിന്നും ഉളവായവ ആണ്. ഈ വാക്കുകൾ വടമൊഴിയിൽ നിന്നല്ല മറിച്ച് തനിത്തമിഴ് തന്നയാണ് എന്ന് തമിഴ് ദേശീയവാദികൾ മുറവിളി കൂട്ടുന്നുണ്ടെങ്കിലും അതിനൊന്നും ഒത്തുപോകുന്ന തെളിവുകൾ നിരത്താൻ അവർക്കു കഴിയുകയില്ല. ഇന്ത്യൽ തന്നെ പുതിയ കാലയളവിൽ ഇത്രത്തോളം വളർച്ച കൈക്കൊണ്ട മറ്റൊരു മൊഴിയും ഇല്ലെന്നു തന്നെ പറയാം. തമിഴിന്റെ വിരവിലുള്ള ഈ വളർച്ചയിൽ നിന്നും മലയാളത്തിനു ഏറെ പയിറ്റുവാനുണ്ട്. പുത്തൻ തട്ടുകളിലേക്ക് ചുവടു വയ്ക്കുമ്പോൾ അടിപ്പടവിനു നല്ല ഉറപ്പുണ്ടായിരിക്കണം എന്നത് എടുത്തു പറയേണ്ടതില്ലല്ലോ.പടിപടിയായി മലയാളത്തിനു ഇത്തരം തട്ടുകളിൽ എത്തിച്ചേരാനുള്ള കെൽപ്പു വരുത്തുക എന്നതാണ് നാം നിലവിൽ നടപ്പിലാക്കേണ്ട തുറം.