ശാസിക്കപ്പെടുന്ന ശാസ്ത്രം!
തുറം : പനുവൽ.മലയാളം
കൈനോട്ടവും പറവനോട്ടവും ഒക്കെ ശാസ്ത്രം ആകവെ കമ്പ്യൂട്ടർ സയൻസും, നാച്ചുറൽ സയൻസുമൊക്കെ ഒക്കെ ശാസ്ത്രമാകുമോ.
നിലവിളക്കിനു മുന്നിൽ കരിവിളക്ക് വച്ചെന്ന് പറയുന്ന പോലെ പുലവരുടെ പഴുവം ഇത് കാണാത്തത് ആണോ കണ്ടില്ലെന്ന് നടിക്കുന്നതാണോ? "ജ്യോതിഷശാസ്ത്രം, പക്ഷിശാസ്ത്രം, ഗൗളിശാസ്ത്രം, കാമശാസ്ത്രം, ഹസ്തരേഖാശാസ്ത്രം (കൈനോട്ടം) ഒക്കെ "സയൻസ്" ആണെങ്കിൽ അത് അട്ടയെ പിടിച്ച് മെത്തയിൽ കിടത്തുന്ന പോലെയാണ്. മലയാളമൊഴി നേരിടുന്ന നിലകേടുകളുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇതുപോലെയുള്ള ഏടാകൂടങ്ങൾ. കൈനോട്ടവും ചീട്ടെടുപ്പും ഒക്കെ സയൻസായി "മലയാള പണ്ഡിതർ" കണക്കാക്കുന്നതിനാലാകാം ഇങ്ങനെ ഒരു നിലകേട് മലയാളത്തിൽ നിലനിൽക്കുന്നത്. പച്ച മലയാളത്തിൽ കൈനോട്ടവും ചീട്ടെടുപ്പും ഒന്നും "സയൻസ്"ആകാത്തതും "പണ്ഡിത" പഴുവത്തെ അമ്പരപ്പിച്ചിട്ടുണ്ടാകാം.
സ്കൈർ (അറിയുക) എന്ന ലത്തീൻ വാക്കിൽ നിന്നുമാണ് 'സയൻസ്' വന്നത്. സയൻസ് എന്നാൽ 'അറിവ്' എന്നാണ് ഇവിടെ പൊരുളാക്കുന്നത്. ഇനി "ജ്യോതിഷശാസ്ത്രവും ഗൗളിശാസ്ത്രവും" ശാസ്ത്രം ആണോ എന്ന് വിനവിയാൽ അവ "ശാസ്ത്രങ്ങൾ" തന്നെ. ശരിക്കും പറയുകയാണെങ്കിൽ അവയാണ് "ശാസ്ത്രങ്ങൾ". "ശാസിക്കപ്പെടുന്നത് ആണ് ശാസ്ത്രം" . ശാസ്ത്ര , ശാസ്ത്രം എന്നാൽ വടമൊഴിയിൽ (സംസ്കൃതത്തിൽ) ഏവൽ (ആജ്ഞ/കൽപന), ചട്ടം എന്നൊക്കെയാണ് പൊരുളുകൾ [1]. ഇനി "പണ്ഡിതന്മാർ" ഇതിനെ വെളുപ്പിക്കാതെ ഇരിക്കാൻ ഉറവിട വാക്കുകളും ഇടാം.
ശാസ, ശാസഃ - ശാസിക്കുക, ശാസന എന്ന പൊരുളുകൾ. [2]
ഇനി സയൻസ് എന്ന വാക്കിനു ചില ഇന്ത്യൻ മൊഴികളിൽ എന്താണ് പറയുന്നത് എന്ന് കൂടി കാണുക.
ഹിന്ദി - വിഗ്യാൻ (അറിവ്)
തമിഴ് - അറിവിയൽ , വിഞ്ഞാനം (വിജ്ഞാനം)
സംസ്കൃതം - വിജ്ഞാനം (അറിവ്)
പച്ച മലയാളത്തിൽ പനുവൽ എന്നാണ് സയൻസിനു പറയുക. പനുവുക എന്ന വാക്കിൽ നിന്നുമാണ് ഇത് വന്നത് എങ്കിലും "ശാസ്ത്രം" എന്നതിന്റെ പൊരുളുകൾ ഈ വാക്കിനു ഇല്ല.
എന്താണ് സയൻസ് ?
ശാസിക്കുപ്പെടുന്നത് അല്ല സയൻസ്. സയൻസ് എന്നാൽ വെറും അറിവും ആകുന്നില്ല. മറിച്ച് അതൊരു പൊഴുതി ആണ്. ഉറ്റുനോട്ടങ്ങളിലൂടെയും ചെയ്തുനോക്കലുകളിലൂടെയും ഒടുവിൽ എത്തിച്ചേരുന്ന ഒരു മുറയാണ്. ആ പൊഴുതിയിൽ നിന്നും തെളിയിക്കുവാൻ കഴിയുന്ന അറിവ് പിറവിയെടുക്കുന്നു. പനുവൽ എന്നത് എഴുതി വച്ചിരിക്കുന്ന അറിവ് മുറ്റുമാണെന്ന തെറ്റായ നിനവ് ആണ് ഏറിയ പങ്ക് വരുന്ന ആളുകൾക്കും ഉള്ളത്. പള്ളിക്കൂടങ്ങളിൽ വരെ ഈ വകയിൽ പനുവൽ അച്ചടിച്ച എഴുത്തുകളായി മാറിപ്പോകുന്നു. അറിവ് കിട്ടിയത് കൊണ്ട് അത് പനുവൽ ആകുന്നില്ല. കിട്ടിയ അറിവിനെ വിലയിരുത്തി ചെയ്തുനോക്കലിന്റെ അടിത്തറയിൽ ഉളവാകുന്നതിനെ എടുക്കുന്നതാണ് പനുവലിന്റെ നടപടി. ഇവിടെ "ശാസ്ത്രം" ഒട്ടും ഉതകാത്ത ഒരു വാക്ക് ആണ്. സയൻസ് എന്നതിനോട് എന്തുകൊണ്ടും ചേർന്നു നിൽക്കുന്നത് "അറിവ്" എന്ന വാക്കു തന്നെയാണ്.
തെറ്റു തിരുത്തലുകളുടെയും, കണ്ടെത്തലുകളുടെയും ഇടമാണ് സയൻസ്. അത് "ശാസിക്കപ്പെടുന്ന" അറിവ് അല്ല. അത് എപ്പോഴും മാറ്റങ്ങൾക്ക് കീഴ്പ്പെടുന്ന അറിവ് ആണ്. തലമുറകളായി കൈമാറിവരുന്ന ചിട്ടയും മുറയും കൊണ്ട് മുകളിലോട്ട് റോക്കറ്റ് പൊന്തില്ല, എന്നാൽ ഒരാളുടെ തലക്കുറി എഴുതാൻ അതു മതിയായേക്കും. ശാസ്ത്രങ്ങൾ സയൻസുമായി കൂട്ടിക്കുഴക്കേണ്ടത് ഇല്ല. "ശാസ്ത്രീയമായി" എന്ന് പറയുമ്പോൾ അവിടെ ശരിക്കും അറിവ് ആണോ "ശാസ്ത്രം" ആണോ വരുന്നത് എന്നതിൽ എക്കച്ചക്കം ഉണ്ടായേക്കാം. "ശാസ്ത്രങ്ങൾ പറയുന്ന പടി" എന്ന ചൊല്ലിൽ പതിരില്ല എന്നു ഉറപ്പിക്കാം. എന്തെന്നാൽ ഇവിടെ പറയുന്നത് കമ്പ്യൂട്ടർ സയൻസിനെ പറ്റിയല്ല മറിച്ച് ഏതോ കാലത്ത് ആരോ ഉണ്ടാക്കിയ ചില മുറകളെ കുറിച്ചാണ്. തെളിവുകൾ അറിവുകളാകുന്ന പനുവലിൽ കൈനോട്ടത്തിനും ചീട്ടെടുപ്പും എത്തുന്നത് ഈ വകുപ്പിനോട് തന്നെയുള്ള വെറുപ്പാണ് കാണിക്കുന്നത്. 'പൂച്ചയ്ക്ക് എന്താണ് പൊന്നുരുക്കിന്നിടത്ത് കാര്യം' എന്ന് വിനവേണ്ടത് ഇല്ലല്ലോ.