നാനാവോ സകാകിയുടെ പാനകളുടെ മൊഴിമാറ്റം


 

൧. കെട്ടത് കേട്ടാൽ കാത് കഴുക്,

കെട്ടത് കണ്ടാൽ കണ്ണ് കഴുക്,

കെട്ടതോർത്താൽ ഉള്ളം കഴുക്,

കാലിൽ മുറ്റും അഴുക്ക് പുരളട്ടെ


൨. കാലത്തെ തടുക്കാൻ,

ഉലകത്തെ കാക്കാൻ,

കണ്ണാടിയെ ഉടയ്ക്കുക


൩. കാലിന് മണ്ണ്

കൈക്ക് മഴു

കണ്ണിന് പൂവ്

കാതിന് കിളികൾ

മൂക്കിന് കൂണ്

വായക്ക് പുഞ്ചിരി

നെഞ്ചിന് പാട്ട്

തൊലിക്ക് വിയർപ്പ്

മനസ്സിന് തെന്നൽ


൪. ദേ അവിടൊരു മല

ഞാൻ മല കയറാറില്ല

മല എന്നെ കയറും

ഞാൻ തന്നെയാണ് മല

ഞാൻ എന്നെ തന്നെ കയറുന്നു


൫. മിണ്ടാൻ നേരം ഉണ്ടെങ്കിൽ നീ വായിക്കുക

വായിക്കാൻ നേരം ഉണ്ടെങ്കിൽ മലകളെയും പുഴകളെയും കാണുക

നടക്കാൻ നേരം ഉണ്ടെങ്കിൽ

പാട്ട് പാടി ആടിക്കളിക്കുക

ആടിക്കളിക്കാൻ നേരം ഉണ്ടെങ്കിൽ 

ഊഴുറ്റവനേ, നീ മിണ്ടാതിരിക്കുക


പിന്‍കുറിപ്പ്:

നാനാവോ സകാകി ഇരുപതാം നൂറ്റാണ്ടിലെ ഒരു പേരുകേട്ട ജാപ്പനീസ് എഴുത്തുകാരൻ ആയിരുന്നു. കാടിനെയും മണ്ണിനെയും ഒരുപാട് ഓമനിച്ചിരുന്ന നാനാവോ സകാകിയുടെ പാനകളുടെ അടയാളം മണ്ണിന്‍റെ മണം തന്നെയാണ്. പല മൊഴികളിലേക്കും അവരുടെ പാനകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 

ഊഴുറ്റവന്‍ = ഭാഗ്യവാന്‍


Next Post Previous Post
No Comment
Add Comment
comment url