കല്‍വി തള്ള-മൊഴിയില്‍ ആകട്ടെ!
ഒരിക്കല്‍ എന്‍റെ ഉറ്റവരില്‍ ഒരാള്‍ പറയുകയുണ്ടായി, അവര്‍ തന്‍റെ മക്കളോട് ഇങ്കിരിസ്സില്‍ ആണ് മിണ്ടാട്ടം എന്ന്. തള്ള-മൊഴി കല്‍ക്കുന്നത് കൊണ്ട് നേട്ടം ഒന്നുമില്ല എന്നായിരുന്നു അവര്‍ കരുതിയത്. മക്കള്‍ ഇങ്കിരിസ്സ് പള്ളിക്കൂടത്തിലായിരുന്നു പോക്ക്. അവിടെ രണ്ടാം മൊഴിയായി ഹിന്ദി ഉണ്ട്, മൂന്നാം മൊഴിയായി ജര്‍മ്മന്‍, ഫ്രഞ്ച്, സംസ്കൃതം അവയില്‍ ഒന്ന്. തള്ള-മൊഴിക്ക് ഇന്ന് നമ്മുടെ പള്ളിക്കൂടങ്ങളില്‍ പതിയേ ഇടം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മലയാളികളുടെ ഇടയില്‍ തന്നെ നമ്മുടെ മൊഴിയുടെ പഴമയും പെരുമയും അറിയാത്ത പലരും തന്നെയാണ് ഈ മാറ്റത്തിന്‍റെ ആക്കം കൂട്ടുന്നത്. അയലത്തെ തമിഴരും കന്നഡക്കാരും തങ്ങളുടെ മൊഴികളുടെ പെരുമയെ വാനോളം ഉയര്‍ത്തുവാന്‍ തുനിയുമ്പോള്‍ മലയാളി എളിമയോടെ മാറി നില്‍ക്കുന്നത് അവര്‍ക്ക് തങ്ങളുടെ മൊഴിയുടെ വലുപ്പം അറിയാത്തത് കൊണ്ടാണ്. എന്‍ജിനിയറിംഗ് തുടങ്ങിയ ഉയര്‍തല കല്‍വികള്‍ ഇന്ത്യന്‍ മൊഴികളില്‍ നടത്തുവാന്‍ കഴിയും എന്ന ഉത്തരവ് വന്നതിനു പുറകേ തന്നെ ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ മൊഴികളില്‍ എന്‍ജിനിയറിംഗ് ഏടുകള്‍ ഒരുക്കപ്പെടുന്നു, മലയാളമാകട്ടെ വീണ്ടും പിന്നിലാകുന്നു. എന്ത് കൊണ്ട് കല്‍വി തള്ള-മൊഴിയില്‍ ആകണം എന്നതിനെക്കുറിച്ച് നമുക്ക് ആരായാം.
൧. ആരാന്‍റെ മൊഴിയില്‍ പറഞ്ഞാല്‍ ചെവിയില്‍ കയറും, തള്ള-മൊഴിയില്‍ പറഞ്ഞാല്‍ തലയില്‍ കയറും
തള്ളമൊഴിയില്‍ കല്‍ക്കുന്നത് ആണ് ഏറ്റവും മികച്ചത് എന്ന് പല ആരാഴ്ചികളും തെളിയിച്ചിട്ടുള്ളതാണ്. വീട്ടില്‍ മിണ്ടുന്ന അതേമൊഴിയില്‍ തന്നെ കല്‍വി നടന്നാല്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ കച്ചങ്ങള്‍ തിരിയും. ഇന്ന് നടക്കുന്നത് എന്താണെന്നാല്‍ പലരും വീട്ടില്‍ വേറെ മൊഴിയില്‍ മിണ്ടുന്നു, പള്ളിക്കൂടത്തില്‍ ആകട്ടെ ഇങ്കിരിസ്സില്‍ കല്‍ക്കുകയും ചെയ്യുന്നു. ഇതിനാല്‍ തന്നെ കല്‍ക്കുന്ന അറിവുകളോട് ഒരു അകല്‍ച്ച അവരില്‍ ഉളവാകുന്നു. തല്ലിപ്പഴുപ്പിക്കുക എന്ന മട്ടിലാണ് ഇത്തരം കല്‍വി മുന്നോട്ട് പോകുന്നത്. എളുതായി മലയാളത്തില്‍ പറഞ്ഞു കൊടുക്കാന്‍ ആവുന്ന കച്ചങ്ങള്‍ ഒരു മറുനാടന്‍ മൊഴിയില്‍ കല്‍ക്കുമ്പോള്‍ കുട്ടികള്‍ ഒരേ പോലെ തങ്ങളുടെ തള്ള മൊഴിയില്‍ നിന്നും അതേ പോലെ തന്നെ കല്‍ക്കുന്ന അറിവുകളില്‍ നിന്നും അകലുന്നു. ഇത് കൊണ്ട് ആര്‍ക്കാണ് നേട്ടം ഉണ്ടാകുന്നത്?
൨. മൊഴിയും അറിവും വേറെയാണ്, മൊഴി അറിവ് നേടാനുള്ള പാലമാണ്
പനുവലിനും കണക്കിനും മൊഴി ഉണ്മ മുറ്റുമാണ്. ഇങ്കിരിസ്സില്‍ ആയാലും മലയാളത്തില്‍ ആയാലും അതിന്‍റെ ഉണ്മ മാറുന്നില്ല. അറിവുകള്‍ കുറിക്കാന്‍ ഉള്ള ഒരു മൊഴി അറിവിലേക്ക് ഉള്ള ഒരു വഴി മുറ്റുമാണ്. പനുവല്‍ എന്നതിന്‍റെ ഉന്നം ഉണ്മയെ തിരയുക എന്നതാണ്. മൊഴി ഏതായാലും ആ ഉന്നത്തിന് കോട്ടം തട്ടുന്നില്ല! മൊഴികള്‍ കല്‍ക്കുന്നതും അറിവ് നേടുന്നതും അത് കൊണ്ട് തന്നെ വെവ്വേറെ കച്ചങ്ങള്‍ ആണ്.
൩. കിഴക്കും പടിഞ്ഞാറും
ഫ്രാന്‍സില്‍ കല്‍വി നടക്കുന്നത് ഫ്രഞ്ച് മൊഴിയില്‍ ആണ്. അതിനി എന്‍ജിനിയറിംഗ് ആയാലും കണക്ക് ആയാലും എഴുത്തുകല ആയാലും ശരി, കല്‍ക്കുന്നത് തള്ള-മൊഴിയില്‍ തന്നെയാണ്. ജര്‍മ്മനി, കൊറിയ, ചൈന, സ്പെയിന്‍, ഇറ്റലി തുടങ്ങിയ മുന്‍നിര നാടുകളില്‍ എല്ലാം തന്നെ അതാത് നാടുകളിലെ തള്ള-മൊഴികളില്‍ തന്നെയാണ് കല്‍വി നടക്കുന്നത്. അവിടത്തുകാര്‍ക്ക് അവിടെ തന്നെ ജോലിയും കിട്ടുന്നുണ്ട്. ഇങ്കിരിസ്സ് ഒട്ടും അറിയാതെ തന്നെ അവര്‍ക്ക് തടസ്സമില്ലാതെ ജോലികള്‍ നേടാന്‍ ആകുന്നുമുണ്ട്. ഇങ്കിരിസ്സ് വേണ്ട എന്നല്ല പറഞ്ഞു വരുന്നത്. തീര്‍ച്ചയായും ഇങ്കിരിസ്സ് ഇന്ന് പാരില്‍ ഏറ്റവും തലക്കമുള്ള മൊഴി തന്നെയാണ്, അത് നാം കല്‍ക്കുകയും വേണം. എന്നിരുന്നാലും ഇങ്കിരിസ്സില്‍ കല്‍ക്കുമ്പോള്‍ മുറ്റുമേ വെറ്റി ഉള്ളൂ എന്നും തള്ള-മൊഴിയില്‍ കല്‍ക്കുന്നത് കുറച്ചില്‍ ആണെന്നുമുള്ള നിനവ് മാറണം. ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്ന നാടുകളില്‍ എല്ലാം അവരുടെ തള്ള-മൊഴികളില്‍ ആണ് കല്‍വി എന്നിരിക്കെ ഇന്ത്യയില്‍ നമ്മുടെ മൊഴികളില്‍ കല്‍ക്കുന്നതില്‍ എന്താണ് കുറച്ചില്‍?
൪. നമ്മുടെ നാട്ടുകാര്‍ക്ക് കൂടുതല്‍ ജോലികള്‍
മലയാളത്തില്‍ കല്‍വി തുടങ്ങിയാല്‍ മലയാളികള്‍ക്ക് ഒരുപാട് വാതിലുകള്‍ തുറന്നുകിട്ടും. ഇന്ന് പനുവല്‍ തുറങ്ങളില്‍ നിലവില്‍ ഉള്ള ഏടുകള്‍, കുറിപ്പുകള്‍ എന്നിവ മൊഴിമാറ്റം ചെയ്യല്‍, മറ്റുമൊഴികളില്‍ ഉള്ള ആരാഴ്ചികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യല്‍ എന്നതിനൊക്കെ ഒരുപാട് ആളുകളുടെ ഉതക്കം വേണ്ടി വരും. എന്തിനേറെ പറയാന്‍, മറ്റ് മൊഴികളില്‍ ഉള്ള തിരപ്പടങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ തന്നെ ഒരുപാട് ജോലികള്‍ മലയാളികള്‍ക്ക് കിട്ടുന്നുണ്ട്. തിരപ്പടത്തിലെ പാട്ടിന്‍റെ വരികള്‍, മിണ്ടാട്ടങ്ങള്‍, വരകല തുടങ്ങി എത്രയെത്ര തുറങ്ങളാണ് മൊഴിമാറ്റം ചെയ്യാന്‍ ഉള്ളത്. ഇനി കല്‍വിയും ആരാഴ്ചിയും ഒക്കെ മലയാളത്തില്‍ ആണെന്ന് കരുതുക. അപ്പോള്‍ എന്തെല്ലാം ജോലികളുടെ വാതില്‍ ആകും ശരാശരി മലയാളിക്ക് തുറക്കപ്പെടുക!
൫. നമ്മുടെ മൊഴിയെ നമ്മള്‍ കാത്തില്ലെങ്കില്‍ ആര് കാക്കാന്‍?
ഒടുക്കം മലയാളത്തിനെ കാക്കാന്‍ മലയാളിക്ക് മുറ്റുമേ കഴിയൂ. കല്‍വി തള്ളമൊഴിയില്‍ അല്ലെങ്കില്‍ ഇനി വരുന്ന തലമുറകള്‍ പതിയേ നമ്മുടെ മൊഴിയില്‍ നിന്നും അകലാന്‍ ഇട വരും. ഇന്ന് തന്നെ പലരും ആരായുന്നുണ്ട്, എന്തിന് വേണം തള്ളമൊഴി എന്ന്. ഇത്തരം ആളുകളുടെ എണ്ണം ഇനി കൂടാനേ വഴിയുള്ളൂ. പരുങ്ങല്‍ നിലയില്‍ എത്തുന്നതിന് മുന്‍പ് ചില മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ മലയാളത്തിന്‍റെ നിലനില്‍പ്പ് തന്നെ കുഴപ്പത്തിലാകും. ഒരു മൊഴി വളരണമെങ്കില്‍ എല്ലാ തുറങ്ങളിലും അതിന് കരുത്ത് വേണം- അത് ഉറപ്പ് വരുത്താനുള്ള പോംവഴിയോ? കല്‍വി മലയാളത്തില്‍ ആക്കുക എന്നതും.