തിരഞ്ഞെടുത്ത ഇസുമി ശികിബു പാനകളുടെ മൊഴിമാറ്റം
൧. എന്തിനു നീ പോയ്‌മറഞ്ഞു
പൊള്ളയായ മാനത്തേക്ക്?
മറ്റെല്ലാം മണ്ണിലേക്ക് വീഴുന്നു
നനുത്ത മഞ്ഞു പോലും
൨. തുളയുള്ള മേല്‍ക്കൂര
വീശുന്ന കാറ്റിന്‍റെ തണുപ്പിനിടയില്‍
നിലാവും ചോരുന്നു ഓട്ടയിലൂടെ
൩. എന്തു ഞാന്‍ ചെയ്യണം
ഞാന്‍ കാത്തിരുന്നവന്‍ ഇപ്പോള്‍ വന്നാല്‍?
മുറ്റത്ത് നല്ല മഞ്ഞുണ്ട്
അതിനെ ചവിട്ടി മെതിക്കണോ എന്‍റെ കാലുകളാല്‍?
൪. ഉറവിനു നിറമില്ലയീ ഉലകത്തില്‍
എന്നിട്ടും എന്‍റെ തൊലിപ്പുറത്ത്
നിന്‍റെ നിറം പറ്റിപ്പിടിക്കുന്നു
൫. എന്തിനു ഞാന്‍ കരഞ്ഞു?
എന്‍റെ കണ്ണീര്‍ ഒരു പുഴയാകട്ടെ
കറ പറ്റിയ ആ പേര് ഞാന്‍ കഴുകട്ടെ
൬. ഒറ്റപ്പെടലാണിന്നെന്‍റെ കൂട്ട്
ഊരിനുള്ള വിറക് കീറുമ്പോള്‍
ഞാന്‍ ഓര്‍ക്കുന്നു,
പുകയെങ്കിലും എന്നില്‍ നിന്നകലാതിരുന്നെങ്കില്‍!
൭. മറവിയുടെ പൂവിനെ
പറിക്കാനിറങ്ങിയ ഞാന്‍ കണ്ടതെന്ത്?
അവന്‍റെ നെഞ്ചകത്തില്‍ തന്നെ അത് വളരുന്നു
൮. ഇറന്നവര്‍ തിരിച്ചു വരുന്ന രാവാണിന്ന്
നീ മുറ്റും ഇവിടെയില്ല
നിന്‍റെ നിഴല്‍ പതിയാതെ എന്‍റെ വീട് വീടാണോ?
൯. പുല്‍ക്കട്ടിലില്‍ കിടക്കുന്ന കാട്ടുപന്നിയും ഉറങ്ങുന്നു
ആയിരം ഓര്‍മ്മകള്‍ അകതാരില്‍ നിറയുമ്പോള്‍
എങ്ങിനെ ഞാന്‍ ഉറങ്ങേണ്ടൂ?
൧൦. അടിയില്‍ നിന്നുരുകി മഞ്ഞു പുല്ലിനെ കണ്ടുമുട്ടുന്നു
എങ്കിലും ഞാന്‍ ഉരുകില്ല, കണ്ടുമുട്ടില്ല ഞാന്‍
എന്നും എന്‍റെ അകതാരില്‍ നിറഞ്ഞിടുന്നവനെ
പച്ച മലയാളം ഉരികള്‍:
ഉറവ് = Love (സ്നേഹം, പ്രണയം)
അകതാര്‍ = Mind (മനസ്സ്)
ഇറന്നവര്‍ = Dead people (മരിച്ചവര്‍)
എഴുത്തുകാരിയെ കുറിച്ച്:
ഇസുമി ശികിബു പത്താം നൂറ്റാണ്ടിലെ ജപ്പാനില്‍ പിറന്ന ഒരു പേരുകേട്ട പെണ്‍കവിയായിരുന്നു. ഉറവും വാഴ്വും തമ്മിലുള്ള നിഴലാട്ടം തന്നെയാണ് അവരുടെ മിക്ക പാനകളിലും നിറഞ്ഞുനില്‍ക്കുന്നത്.