പലമയില്‍ ഒരുമയും കേരളപ്പിറവിയും
പലമയില്‍ ഒരുമ- ഇതാണ് ഇന്‍ഡ്യയെന്ന നമ്മുടെ നാടിന്‍റെ കരുത്ത്. വിടുതല്‍ കിട്ടിക്കഴിഞ്ഞ് ഇന്‍ഡ്യയ്ക്കകത്തുള്ള പല പല നാടുകളെ എല്ലാം ഒരുമിച്ചു നിര്‍ത്തേണ്ടത് എങ്ങിനെ എന്നതിന് പല വാക്കാണങ്ങള്‍ നിലനിന്നിരുന്നു. ഒരൊറ്റ മൊഴിയുടെ കീഴില്‍ വാഴ്ച നടത്തിയാല്‍ ഒരുമ ഉറപ്പ് വരുത്താം എന്ന് ഒരു കൂട്ടര്‍. അതേ നേരം മറുവശത്ത് തങ്ങളുടെ മൊഴിയ്ക്കായി പൊരുതുന്നവരും ഉണ്ടായിരുന്നു. മദ്രാസ് കരയിലായിരുന്നു ഈ പോരാട്ടത്തിന്‍റെ നാമ്പുകള്‍ മുളച്ചത്. തെലുങ്ക് മൊഴി മിണ്ടുന്നവര്‍ വാഴുന്നയിടങ്ങള്‍ ഇങ്കിരിസ്സുകാരുടെ വാഴ്ചയില്‍ മദ്രാസ് കരയില്‍ ആയിരുന്നു . എന്നാല്‍ ഇന്‍ഡ്യക്ക് വിടുതല്‍ കിട്ടിക്കഴിഞ്ഞപ്പോഴും മദ്രാസ് കരയില്‍ തുടരേണ്ടി വന്നാല്‍ തമിഴ് അല്ലെങ്കില്‍ ഹിന്ദി മൊഴികള്‍ തങ്ങളുടെ മേല്‍ ഇനിയും അടിച്ചേല്‍പ്പിക്കപ്പെടും എന്ന് തെലുങ്കര്‍ പേടിച്ചിരുന്നു. അതിനാല്‍ പൊട്ടി ശ്രീരാമുലു അവര്‍കള്‍ മുതലായവര്‍ തെലുങ്ക് മിണ്ടുന്നവര്‍ക്ക് അവരുടേതായ ഒരു കര വേണം എന്ന ഉന്നത്തിനായി പോരാടി. ഈ പോരാട്ടം ഇന്‍ഡ്യയുടെ മറ്റ് പലയിടങ്ങളിലും പടര്‍ന്നു. ഹിന്ദി മൊഴി അടിച്ചേല്‍പ്പിച്ചാല്‍ തങ്ങളുടെ മൊഴികള്‍ പതിയേ ഇല്ലാതാകും എന്ന് പേടിച്ച പലയാളുകളും തങ്ങളുടെ മൊഴി മിണ്ടുന്നവര്‍ക്ക് ആയിടങ്ങളുടെ വാഴ്ച അവിടത്തെ തള്ളമൊഴിയില്‍ തന്നെ ആകണം എന്ന വാക്കാണം മുന്നോട്ട് വെയ്ക്കാന്‍ തുടങ്ങി. 1948 (൧൯൪൮) ല്‍ തന്നെ മൊഴിയുടെ പേരില്‍ ആയിരിക്കണം കരകളെ തിരിക്കേണ്ടത് എന്ന് വാഴ്ചയാളര്‍ക്ക് ശുപാര്‍ശ കിട്ടിയിരുന്നു.
1953 (൧൯൫൩) ല്‍ തെലുങ്ക് മിണ്ടുന്നവരുടെ ഇടങ്ങള്‍ മദ്രാസില്‍ നിന്നും വേര്‍പെടുത്തി ആന്ധ്രാപ്രദേശ് എന്ന പേരില്‍ ഒരു കര ഉണ്ടാക്കപ്പെട്ടു. ഇതേ തുടര്‍ന്ന് മറ്റ് മൊഴികള്‍ മിണ്ടുന്നവര്‍ക്കും തങ്ങളുടെ മൊഴികളില്‍ തന്നെ വാഴ്ച നടത്തുവാനുള്ള എളുപ്പത്തിന് അതാത് മൊഴികള്‍ മിണ്ടുന്ന ഇടങ്ങളെ വേറിട്ട കരകളായി തിരിക്കാന്‍ തീരുമാനിക്കപ്പെട്ടു. ഒടുക്കം 1956 (൧൯൫൬) ലെ നവംബര്‍ ഒന്നിന് കേരളം ഉള്‍പ്പെടെയുള്ള കരകള്‍ പിറന്നു. മലയാളം മിണ്ടുന്നവര്‍ക്ക് എല്ലാം തറവാടായുള്ള നമ്മുടെ കൊച്ചുകേരളം അങ്ങിനെയാണ് നിലവില്‍ വന്നത്.
ഇനി കേരളപ്പിറവി എന്തിന് നാം കൊണ്ടാടണം എന്നതിനെ കുറിച്ച് നമുക്ക് ആരായാം. നമ്മള്‍ എല്ലാവരും ഇന്‍ഡ്യക്കാര്‍ ആണ്, നമ്മുടെ കൂറ് ഇന്‍ഡ്യ എന്ന നമ്മുടെ മണ്ണിനോടുമാണ്. കേരളത്തിന്‍റെ (തമിഴ് നാട്, കര്‍ണാടകം, മഹാരാഷ്ട തുടങ്ങിയ മറ്റ് കരകളുടെയും) പിറവി കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്‍ഡ്യയുടെ പഴപ്പാടിലെ തന്നെ തലക്കമുള്ള ഒരു നാളാണ്. ഇന്‍ഡ്യയുടെ ഒരുമ ഊട്ടിയുറപ്പിച്ച ഒരു തീരുമാനമായിരുന്നു അതാത് നാട്ടുകാര്‍ക്ക് അവരുടെ തള്ളമൊഴിയില്‍ തന്നെ വാഴ്ച നടത്തുവാനുള്ള കഴിവ് നല്‍കുക എന്നത്. ആ തീരുമാനം വിടുതല്‍ കഴിഞ്ഞയുടനെ ഉണ്ടാകാന്‍ ഇടയുണ്ടായിരുന്ന പോരുകള്‍, പിളര്‍പ്പ് എന്നിവ ഒഴിവാക്കി. അത് കൊണ്ട് തന്നെ മലയാളം പറയുന്ന മലയാളി ഇന്ന് ഹിന്ദി, ബംഗാളി, മറാട്ടി, തമിഴ്, കന്നഡ തുടങ്ങിയ എത്രയെത്ര മൊഴികള്‍ മിണ്ടുന്ന ആളുകളെ പോലെ തന്നെ ഒരേ അളവില്‍ ഇന്‍ഡ്യക്കാരന്‍/കാരി ആകുന്നു. നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ മൊഴിയില്‍ വാഴ്ച നടത്തുവാന്‍ കേരളത്തിന്‍റെ മണ്ണ് മുറ്റുമേ ഉള്ളൂ, അത് കൊണ്ട് തന്നെ കേരളപ്പിറവി മലയാളത്തിന്‍റെ ഉയിരിനെ കാത്തു എന്ന് വേണം പറയാന്‍. നമ്മുടെ മൊഴിയെ കാക്കുവാന്‍ നമ്മള്‍ മുറ്റുമേ ഉള്ളൂ. വള്ളത്തോളിന്‍റെ വരികള്‍ തന്നെ ആകണം നമ്മുടെ വഴികാട്ടി:
"ഭാരതം എന്ന പേര് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം; കേരളം എന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ"
പച്ചമലയാളം ഉരികള്‍:
പലമ = വൈവിധ്യം
ഒരുമ = ഐക്യം
വിടുതല്‍ = സ്വാതന്ത്ര്യം
വാക്കാണം = അഭിപ്രായം
വാഴ്ച = ഭരണം
വാഴ്ചയാളര്‍ = ഭരണകാരികള്‍
കര = സംസ്ഥാനം