തഴയും‌ തഴപ്പായും

 


മലയാളനാടിന്റെ തനിമയെ തൊട്ടുണർത്തുന്ന അടയാളങ്ങളിലൊണ് കൈത. നമ്മുടെ നാട്ടിലെ തോട്ടിൻവരമ്പുകളിൽ ഒരുകാലത്ത് തഴച്ചു വളർന്നിരുന്ന ചെടിയാണ് കൈത. പൂക്കൈത എന്നും തഴ എന്നും‌ ഇതിനെ വിളിക്കുന്നു. "താഴമ്പൂ മണമുള്ള തണുപ്പുള്ള രാവും‌ കൈതപ്പൂ മണവും" എല്ലാം ഈ ചെടിയുടെ പൂവ് ഉളവാക്കുന്ന കലവിയെക്കുറിച്ചുള്ള പാട്ടുകളാണ്. കൈതപ്പൂവ് അല്ലെങ്കിൽ താഴമ്പൂവ് എന്ന് വിളിക്കുന്നത് ഈ മുള്ളിലച്ചെടിയുടെ നറുമണം പരത്തുന്ന പൂവിനെയാണ്. കൈതയുടെ ഓലകൊണ്ടുണ്ടാക്കുന്ന പായ ആണ് തഴപ്പാ(യ) എന്ന് അറിയപ്പെടുന്നത്. കൊല്ലം‌ ജില്ലയിലെ തഴവ തഴപ്പാ ഉണ്ടാക്കുന്നതിൽ പേരെടുത്ത ഇടമാണ്. പണ്ടുകാലത്ത് കേരളത്തിലെ വീടുകളിൽ തഴപ്പാ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു. ഇന്ന് പശിയമ്പായകളും (പ്ലാസ്റ്റിക്ക് പായ) മെത്തകളും‌ തഴപ്പായെ ഒരു പഴക്കോപ്പ് ആക്കി മാറ്റിയിരിക്കുന്നു. മെത്തയ്ക്കു പകരം കട്ടിലിൽ തഴപ്പായ വിരിച്ചു കിടന്നിരുന്നതും പണ്ട് പതിവായിരുന്നു. 

കൈതച്ചെടിയുടെ ഓല വെട്ടിയെടുത്ത്, അതിന്റെ മുള്ളു കളഞ്ഞ്, അത് ഉണക്കി എടുത്താണ് പായ ഉണ്ടാക്കുന്നത്. ഇവ വളരെക്കാലം ഈടുനിൽക്കുന്നവയുമാണ്. കൂടുതലായും പെണ്ണുങ്ങളാണ് തഴപ്പാ ഉണ്ടാക്കിയിരുന്നത്. പായകൾക്കു പുറമെ കൊട്ട, കയർ തുടങ്ങിയവ ഉണ്ടാക്കാനും തഴ എടുക്കാറുണ്ട്. കൈതയുടെ വേരുകൾ വെള്ളപൂശാനുള്ള തൂലികയായും എടുക്കാറുണ്ട്. 

പണ്ടുകാലത്ത് പെണ്ണുങ്ങൾ കൈതപ്പൂ തലയിൽ ചൂടിയിരുന്നു. തുണിപ്പെട്ടികളിൽ മണം കിട്ടുവാൻ വേണ്ടി ഇതു വയ്ക്കുന്നതും പതിവായിരുന്നു. പൂക്കൈതയുടെ കായ ഏതാണ്ട് ചക്ക പോലെ തോന്നിക്കും. പാടങ്ങളിലും‌ കായൽക്കരകളിലും‌ വെള്ളം ഏറെയുള്ള ഇടങ്ങളിലുമാണ് കൈത കാണപ്പെടുന്നത്. കേരളത്തിനു പുറമെ കർണ്ണാടകയിലും ഈ ചെടി കണ്ടുവരുന്നു. പന്ത്രണ്ടാണ്ടിൽ ഒരിക്കലേ കൈത പൂക്കാറുള്ളു.

Next Post Previous Post
No Comment
Add Comment
comment url