മലയാളം ലിപിയിൽ മാറ്റങ്ങൾക്കു മുന്നൽ
മലയാളം ലിപിക്കു വീണ്ടും മാറ്റങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നു. ഒടുവിലായി ൲൯൲൭൰൧ (1971) ആണ് ലിപിയിൽ മാറ്റങ്ങൾ കൊണ്ടു വന്നത്. അച്ചടിയിൽ ആണ് അന്നു മാറ്റങ്ങൾ കൊണ്ടുവന്നത്. എന്നാൽ എഴുത്തിൽ ഇപ്പോഴും പഴയ ലിപി പെരുമാറി വരുന്നുമുണ്ട്. ഇതിനു പുറമെ എണ്ണിനികളുടെ വരവോടെ പഴയ ലിപി തിരികെ വരുകയും ചെയ്തു.
ലിപിയിൽ വരാൻ പോകുന്ന മാറ്റങ്ങൾ പുതിയലിപിയേയും പഴയ ലിപിയേയും കൂട്ടിയിണക്കിക്കൊണ്ടുള്ള ഒന്നാണ്. എഴുത്തിലും അച്ചടിയിലും ഒരേ മട്ട് തന്നെ പിൻതുടരണം എന്നതാണ് പുതിയ ലിപി മുന്നോട്ടു വയ്ക്കുന്ന കാതലായ മാറ്റം.
മാറ്റങ്ങൾ
൧. പഴയ ലിപിയിലെ ഉയിരെഴുത്തു അടയാളങ്ങൾ നീക്കുകയും -൭൰൧ -ൽ കൊണ്ടുവന്ന മാറ്റങ്ങൾ എഴുത്തിലും അച്ചടിയിലെന്നപോലെ പിൻതുടരണം.
൨. കൂട്ടെഴുത്തുകൾ : -൭൰൧ -ലെ മാറ്റം പടി ൨൰൬ (26) കൂട്ടെഴുത്തുകൾ ഒഴികെ മറ്റുള്ളവയെല്ലാം വിരാമം ഇട്ടു കുറിക്കാം. എന്നാൽ നിലവിൽ അതിലേറെ കൂട്ടെഴുത്തുകൾ പിരിച്ചെഴുതാത്തതിനാൽ വിരാമമിട്ടു കുറിക്കുന്നതിൽ ചില വിലക്കുകൾ കൊണ്ടുവന്നിട്ടുണ്ട്. അതായത് ന്റ, റ്റ എന്നിവ ൻറ, ററ എന്നിങ്ങനെ കുറിക്കാൻ പാടില്ല.
൩. കുട്ടികൾക്കുള്ള ചുവടികളിൽ ഇനി മുതൽ അം (അനുസ്വാരം), അഃ (വിസർഗം) എന്നു എടുത്തെഴുതേണ്ടതുണ്ട്.
൪. തിരികെ എത്തിയ പഴയ മട്ട്:
ആരായൽ
നിലവിൽ മുന്നോട്ടു വച്ചിരിക്കുന്ന മാറ്റങ്ങൾ എത്രത്തോളം നടത്തിയെടുക്കാൻ കഴിയും എന്നതിൽ തന്നെ വലിയ ഏക്കച്ചക്കം നിലനിൽക്കുന്നു. ഡിജിറ്റൽ തട്ടുകളിൽ പഴയ ലിപിയും പുതിയ ലിപിയും ഒരേവകയിൽ തന്നെ പെരുമാറി വരുന്നുണ്ട്. ഇപ്പൊഴുള്ള യൂണിക്കോട് ഫോണ്ടുകളിൽ ഏറെയും പഴയ ലിപിയെ പിന്താങ്ങുന്നവയാണ്.
മലയാളം ലിപിക്കു ഒലിയും എഴുത്തും ആയിട്ടുള്ള പൊരുത്തം വളരെ കുറവാണ് എന്ന കച്ചം നിലനിൽക്കെ ഇപ്പോൾ മുന്നോട്ടു വച്ചിരിക്കുന്ന മാറ്റങ്ങളിൽ പുതുതായി ഒന്നും തന്നെ ഇല്ല.
'കൃ' യും 'ക്ര' യും വെവ്വേറയായി കാട്ടാതെ ഒരൊറ്റ മട്ടിൽ കാട്ടുന്നതിൽ വലിയ കുഴപ്പങ്ങൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. നിലവിലെ ലിപിയാൽ മലയാളത്തെ ആണ് കുറിക്കേണ്ടത് എന്നിരിക്കെ വലിയ മാറ്റങ്ങൾ വരേണ്ടതുണ്ട്. വടമൊഴി മലയാളത്തിൽ എഴുതുന്നതിന് ഒരു ചിട്ടയുണ്ട്, അതിന്നും നിലനിർത്തിവരുന്നുമുണ്ട്. ഇവ രണ്ടും കൂട്ടിക്കുഴയ്ക്കാതെ വെവ്വേറെയായി നിലനിർത്തുക വേണം.
കൃഷി എന്ന് എഴുതിയാലും ക്രിഷി എന്ന് എഴുതിയാലും മലയാളത്തിൽ പൊരുളിൽ മാറ്റമൊന്നും ഉണ്ടാകുവാൻ പോകുന്നില്ല. മലയാളികളോട്ടു സംസ്ക്രിത ഒലികൾ അതേപൊലെ ചൊല്ലുകയുമില്ല, അങ്ങനെ ചൊല്ലേണ്ടതുമില്ല. ദ്രാവിഡ ഒലികളുടെ തെളിവായ ചൊലുത്തിനാണ് മലയാളത്തിൽ കച്ചം.
'അഃ' വിസർഗത്തിന്റെ എന്ത് ആവശ്യമാണ് മലയാളത്തിലുള്ളത്? ദുഃഖം എന്നതിനെ മലയാളി പൊതുവെ 'ദുക്കം' എന്നു തന്നെയാണ് ഇയമ്പുന്നത്. നിലവിലുള്ള വടമൊഴിയിലെ 'മഹാപ്രാണകൾ' (ഖ, ഘ മുതലായവ) പൊതു ലിപിയിൽ നിന്നും ഒഴിവാക്കിയാൽ തന്നെ മലയാള എഴുതുന്നത് വളരെ എളുപ്പമാകും. കൂടാതെ കുട്ടികൾ ഇത് എളുപ്പം കൽക്കുകയും ചെയ്യും.
ഒലിനില എഴുത്തിൽ നിലനിർത്തുവാനാണ് നോക്കുന്നത് എങ്കിൽ ഩകരം എവിടെ എന്നു വിനവുക വേണ്ടി വരും.