മിര്‍സാ ഗാലിബിന്‍റെ രണ്ടുവരി പാനകളുടെ പച്ച മലയാള മൊഴിമാറ്റം
൧. ഇരവിലെയിരുട്ടില്‍ എത്ര പേടിയെന്ന്
വീടില്ലാ കിളികളോട് ആരായൂ നീ ചെന്ന്
൨. നൂറായിരം കിനാക്കള്‍ അകതാരില്‍ നിറയും
ചിലത് വീടണയും, മിക്കതും എരിഞ്ഞമരും
൩. പൊറുപ്പെന്ന തടവറയും അഴലിന്‍റെ കടുംകെട്ടുമൊന്ന്
കരുതുന്നോ ചാകാതെ അഴലില്‍ നിന്നും വിടുതലുണ്ടെന്ന്
൪. കൈവര നോക്കി നീ കണ്ടെത്തും കുറവ്
കൈയില്ലാത്തവനും കൊടുക്കും പടച്ചവന്‍ കനിവ്
൫. പാരിലെ പുഞ്ചിരിയെനിക്കൊന്നുമല്ല
ചങ്കിലോ ചോരയല്ലാതൊന്നുമില്ല
൬. കളിമുറ്റം പോലെയെന്‍ മുന്നില്‍ ഈ പൊറുപ്പ്
ഇരവും പകലും തുടരുന്നു ഈ നടിപ്പ്
൭. ഓര്‍ത്തു ഞാനിതിലും ഒറ്റപ്പെടലേതിടത്ത്
വിട്ടിറങ്ങി വന്നയെന്‍റെ വീടിനകത്ത്!
൮. കൈ എത്തില്ല, കണ്ണെങ്കിലും എത്തട്ടെ
കാഴ്ചയെന്ന വിരുന്ന് ഞാന്‍ നുകരട്ടെ
൯. തുള്ളിക്ക് കടലില്‍ ചേരുമ്പോള്‍ ഒടുക്കം
നോവിന്‍റെയാഴിയ്ക്കും നോവുകൊണ്ടടക്കം
൧൦. ഉറവില്‍ എന്ത് ഉറക്കം, എന്ത് ഉണര്‍വ്
ഉറക്കം കെടുത്തിയ ഉറ്റവളെ കണ്ടാല്‍ നിറവ്
പച്ച മലയാളം ഉരികള്‍:
അകതാര്‍ = മനസ്സ്, പൊറുപ്പ് = ഉപജീവനം, അഴല്‍ = സങ്കടം, വിടുതല്‍ = മോചനം, പാര് = ലോകം, ഉറവ് = സ്നേഹം, ഉറ്റവള്‍ = പ്രിയതമ