മഞ്ഞുമലയാളം


എഴുതിയത് : നിതിന്‍ കൊടുങ്ങല്ലൂര്‍

രാവില്‍ മെല്ലെപ്പൊഴിയുന്ന

മഞ്ഞിനൊച്ച.

ഇലയില്ലാച്ചില്ലകളില്‍

തട്ടിത്തടഞ്ഞടര്‍ന്നുടഞ്ഞ്

മണ്ണു തൊടുന്ന വെണ്‍മഞ്ഞ്.

ഉരുകാതെയലിയാതെ

പുതപ്പായി നിലത്ത്.

പുലര്‍ച്ചെ

മഞ്ഞില്‍ പൂണ്ട കാലുകള്‍.

മഞ്ഞില്‍ തട്ടിത്തെറിച്ച

വെട്ടമേറ്റടയുന്ന മിഴികള്‍.

മഞ്ഞുപൂക്കള്‍ പെയ്ത് മൂടുന്ന

രോമക്കുപ്പായം.

മേല്‍പ്പുരകളുടെ അരികുകളില്‍

എപ്പോഴും വീഴാമെന്ന്

പേടിപ്പിക്കുന്ന അറ്റം കൂര്‍ത്ത

മഞ്ഞുവാളുകള്‍.

കല്ലുപാകിയ നടപ്പാതമേല്‍

നേര്‍ത്ത പാടയായി

ഉറഞ്ഞ വെള്ളം.


എന്നിലൂടെ മഞ്ഞിനെയുറ്റുനോക്കുന്ന

മഞ്ഞു കാണാത്ത പിന്‍തലമുറകള്‍.

മഞ്ഞുവീഴാത്ത നിലങ്ങളിലുയിര്‍ത്ത

മിണ്ടാട്ടം നിലച്ച

എന്റെ തായ്മൊഴി.

മഞ്ഞുപരപ്പില്‍ പകച്ച്

മൊഴിയറ്റ് ഞാന്‍.

മഴക്കിനാവ് കണ്ട്‌

എന്നിലുറങ്ങുന്ന അമ്മമൊഴി.

Next Post Previous Post
1 Comments
  • AFSAL
    AFSAL 2022, ഫെബ്രുവരി 7 9:17 PM

    മലയാളത്തം തുളുമ്പുന്ന വരുകൾ നല്ലെഴുത്ത് 👌

Add Comment
comment url