പഴമ വിളിച്ചോതുന്ന പച്ച മലയാളം ഉരികള്‍
മൊഴികളുടെ കാലപ്പഴക്കം പൊതുവേ എഴുത്തില്‍ നിന്നുമാണ് തിട്ടപ്പെടുത്തുന്നത്. വാമൊഴി തെളിവുകള്‍ മണ്മറഞ്ഞു പോകുന്നതിനാലും, എഴുത്തു തെളിവുകള്‍ മുറ്റും നിലനില്‍ക്കുന്നതിനാലും ആകാമിത്. എന്നാല്‍ ഇത് മുഴുവനായും ശരിയാണെന്ന് പറയാനാകില്ല. ഉരികള്‍ പലപ്പോഴും മൊഴിയുടെ പഴമയെ കാത്ത് കാലാകാലങ്ങളോളം നിലനില്‍ക്കാറുണ്ട്. മുന്തിരി എന്ന ഉരി തന്നെ എടുക്കുക. മുത്ത് (pearl) + കരി (black) എന്നീ രണ്ട ഉരികള്‍ ചേര്‍ന്ന് ഉണ്ടായ വളരെ പഴക്കം ചെന്ന ഒരു ഉരിയായി ഇത് കരുതപ്പെടുന്നു. ഇന്ന് തമിഴില്‍ മുന്തിരി എന്നത് ഉണക്ക മുന്തിരിക്ക് (raisin) മുറ്റും പെരുമാറുന്ന ഒന്നാണ്. അവര്‍ മുന്തിരിക്ക് ദ്രാചൈ എന്നാണ് പറയുക. അതായത് ആ പഴയ ദ്രാവിഡ ഉരി അതേ പൊരുളില്‍ നിലനിന്നത് മലയാളത്തില്‍ മുറ്റുമാണ്. വെള്ളം എന്ന ഉരിയും അങ്ങിനെ ഒന്നാണ് എന്നാണ് കരുതപ്പെടുന്നത്. മലയാളത്തില്‍ വെള്ളം എന്നാല്‍ water എന്നും വെള്ളപ്പൊക്കം എന്നത് flood എന്നുമാണല്ലോ. തമിഴില്‍ ആകട്ടെ വെള്ളം എന്നാല്‍ flood എന്ന പൊരുള്‍ മുറ്റുമേ ഉള്ളൂ, water എന്നത് നീര്‍ ആണ്. ഇതെല്ലാം കാട്ടുന്നത് വാമൊഴിയില്‍ മലയാളം കാത്ത പഴമയാണ്.
എടയ്ക്കല്‍ കല്ലളയില്‍ കണ്ടെത്തിയ ആയിരത്തി അഞ്ഞൂറിലേറെ കൊല്ലം പഴക്കമുള്ള "ഈ പഴമ" എന്ന എഴുത്ത് തന്നെ എടുക്കാം, തമിഴില്‍ ആണെങ്കില്‍ അത് "ഇന്ത പഴമൈ" എന്നായിരിക്കണം. തമിഴില്‍ ഉരികള്‍ "ഐ" -ല്‍ ഒടുങ്ങുന്ന ഒരു മുറയുണ്ട്. "അ" -ല്‍ ഒടുങ്ങുന്ന ഉരികള്‍ മലയാളത്തിലും തെലുങ്കിലുമാണ് കണ്ടുവരുന്നത്. കൂടാതെ "ഈ" എന്ന ഉരി മുന്‍പറഞ്ഞ പൊരുളില്‍ മലയാളത്തിലും കന്നഡത്തിലും തെലുങ്കിലും ഉണ്ട്, തമിഴില്‍ ഇല്ല താനും. ഇത് കൊണ്ട് തന്നെ മലനാട്ടു വഴക്കം ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിന് മുന്‍പ് ചെന്തമിഴില്‍ നിന്നും വേര്‍പിരിഞ്ഞു എന്നതിനുള്ള തെളിവാണ് ഈ എഴുത്ത്. കൊല്ലം എന്ന ഉരിയും മറ്റൊരു എടുത്തുകാട്ടലാണ്. ഈ ഉരിയ്ക്ക് ഏതാണ്ട് ആയിരത്തി ഇരുനൂറ് ആണ്ടുകളുടെ പഴക്കമുണ്ട്. കൊല്ലത്ത് വച്ച് പുതിയ മലയാളം നാളോല (calendar) ഉണ്ടാക്കിയതിനാലാണ് ആണ്ട് എന്നതിന് കൊല്ലം എന്ന പേര് വീണത്.
മറ്റൊരു എടുത്തുകാട്ടലാണ് പടിഞ്ഞാറ് എന്ന ഉരി. പടു + ഞായർ എന്ന രണ്ട് ഉരികളിൽ നിന്നുമാണ് പടിഞ്ഞാറ് പിറവികൊണ്ടത്. പകലവന്‍ താഴുന്നയിടം എന്നാണ് ഇതിന് പൊരുള്‍. പടു എന്നതിന് കിടക്കുക/വീഴുക/താഴുക എന്ന പൊരുളാണ് ഉള്ളത്. ഞായർ എന്നത് പകലവനെ സൂചിപ്പിക്കുന്നു. ഇനി പൊരുളേട് നോക്കിയാല്‍ കിഴക്ക് എന്നതിനു പകരം മറ്റൊരു ഉരി ഉള്ളതായി കാണാം - ഉഞ്ഞാറ്. ഉയർ + ഞായർ എന്നതിൽ നിന്നും ഉണ്ടായ ഒന്ന്- പകലവന്‍ ഉയരുന്നയിടം. തമിഴിൽ മേർക് എന്ന ഉരി നിലവിൽ വന്നത് അവരുടെ പടിഞ്ഞാറ് മലനിരകള്‍ ഉള്ളത് കൊണ്ടാവാം. കേരളത്തിന് പടിഞ്ഞാറ് അറബിക്കടൽ ആയത് കൊണ്ട് തന്നെ കടലിലേക്ക് പകലവന്‍ താഴുന്നത് കാണാൻ കഴിയും- അത് കൊണ്ട് പടിഞ്ഞാറ് എന്ന ഉരി പെരുമാറുന്നു. ഏതായാലും ഒന്നുറപ്പ്. പടിഞ്ഞാറ് എന്നതിൻ്റെ കൂട്ട് ഉഞ്ഞാറ് എന്ന വാക്കാണ്. പിൽക്കാലത്ത് മണ്മറഞ്ഞ ആ തനി മലയാളം ഉരിയെ നാം വീണ്ടെടുക്കണം.
പണ്ട് ഒരു പഴന്തമിഴ് പാട്ട് കേട്ടപ്പോള്‍ അതില്‍ "അമ്പലം" എന്ന ഉരി കേള്‍ക്കാനിട വന്നപ്പോള്‍ എന്‍റെ തമിഴ് കൂട്ടുകാരോട് ഞാന്‍ അതിനെ കുറിച്ച് ആരാഞ്ഞു. വളരെ പഴക്കം ചെന്ന, മിക്കവരും ഇപ്പോള്‍ പെരുമാറാത്ത ഒരു ഉരിയാണ് അത് എന്ന് അറിയാനായി. അമ്പരിപ്പിക്കുന്നത് എന്തെന്നാല്‍ കേരളത്തില്‍ ഇന്നും "അമ്പലം" എന്നത് വാമൊഴിയില്‍ പരക്കെയുള്ള ഒരു ഉരിയാണ്. ആ പഴയ ദ്രാവിഡ ഉരിയുടെ പഴമ അറിയാതെ തന്നെ നാം ആയിരക്കണക്കിന് കൊല്ലങ്ങള്‍ക്ക് അതിനെ നടപ്പുമൊഴിയില്‍ കാത്തു, തമിഴ് അതിനെ കാലം പോകെ വാമൊഴിയില്‍ നിന്നും ഏറെക്കുറേ കൈവെടിഞ്ഞുവെങ്കിലും. ദ്രാവിഡ പഴമയെ മലയാളം നിലനിര്‍ത്തുന്നത് വേറെ ഉരികളിലും കാണാനാവുന്നതാണ്. തുടക്കം എന്ന ഉരി തന്നെ എടുക്കുക. തമിഴില്‍ അത് തൊടക്കം എന്നാണ്. വാമൊഴിയില്‍ "ഉ" എന്നത് "ഒ" ആയി മാറുന്നത് ദ്രാവിഡ മൊഴികളില്‍ കണ്ടുവരുന്ന ഒരു പതിവാണ്. ഉലക്ക എന്നത് പറച്ചിലില്‍ ഒലക്ക എന്നും, ഉള്ളത് ഒള്ളത് എന്നുമാകുന്നത് പോലെ. ഉലക്ക എന്നതാണ് എഴുത്തു മൊഴിയെന്നും പറച്ചിലില്‍ അത് ഒലക്ക എന്നായി മാറിയതാണ് എന്നത് പോലെ തുടക്കം എന്ന ദ്രാവിഡ ഉരി പറച്ചിലില്‍ തൊടക്കം എന്നായി മാറി. തമിഴില്‍ അവര്‍ എഴുത്തിലും പറച്ചിലിലും തൊടക്കം എന്ന് പയറ്റുകയും മലയാളത്തില്‍ മുറ്റും ദ്രാവിഡത്തിലെ പഴയ എഴുത്തുമുറ പിന്തുടരുകയും ചെയ്തു. പെടുക എന്ന ഉരി എടുത്താല്‍ അത് തിരിച്ചാണ്. തമിഴില്‍ പടു എന്നാണ് നടപ്പ്, മലയാളത്തില്‍ പെടു എന്നും. Depart എന്നതിന് തമിഴില്‍ പുറപ്പട് എന്നാണ്, മലയാളത്തില്‍ പുറപ്പെട് എന്നും. ഇത് മലയാളത്തിന്‍റെ പഴമ തെളിയിക്കാന്‍ കൈത്താങ്ങായി. ഏറെ പഴക്കം ചെന്ന തേനി വീരക്കല്‍ എഴുത്തില്‍ "പെടു" എന്ന ഉരി ഉള്ളതായി കാണാം. അതായത് മലയാളം എന്ന മലനാട്ടു വഴക്കം അതിനു മുന്നേ പിറവി കൊണ്ടതാകണം.
മുന്‍പറഞ്ഞത് പോലെ മലയാളത്തിന്‍റെ പഴമ വാമൊഴി കൊണ്ടും വരമൊഴി കൊണ്ടും തെളിയിച്ചാണ് മലയാളത്തിന് പഴമൊഴിപ്പുകഴ്ത്ത് (classical language status) കിട്ടിയത്. മലയാളപ്പഴമയും കേരളത്തനിമയും വിളിച്ചോതുന്ന ഈ ഉരികളെ കാലത്തിന്‍റെ നീര്‍ച്ചുഴിയില്‍ നിന്നും കാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. മലയാളം നീണാള്‍ വാഴട്ടെ!