തമിഴും മലയാളവും- ഒരു ഒത്തുനോട്ടം
മലയാളം എന്ന നമ്മുടെ തള്ളമൊഴി, തമിഴും സംസ്കൃതവും കലര്‍ന്ന് ഉണ്ടായ ഒരു പുതിയ മൊഴിയാണ് എന്ന വാക്കാണം പേറുന്ന പലരും കേരളത്തില്‍ ഉണ്ട്. മലയാളം തമിഴിന്‍റെ ഒരു നാട്ടുമൊഴി (dialect) മുറ്റുമാണ് എന്ന് കരുതുന്നവരുമുണ്ട്. തമിഴും മലയാളവും ഒത്തുനോക്കി നമുക്ക് ഈ വാക്കാണം ശരിയോ തെറ്റോ എന്ന് അറിയാന്‍ തുനിയാം. മൊഴിപ്പനുവല്‍ (linguistics) കൊണ്ട് മുറ്റും നടത്തുന്ന ഒരു ആരാഴ്ച്ചി ആണ് ഈ കുറിപ്പ്. അത് കൊണ്ട് ഇത് ആരെയും നോവിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഇത് എഴുതുന്ന ഞാന്‍ മലയാളി ആണെങ്കിലും മുന്നത്തെ തലമുറ നോക്കിയാല്‍ എന്നില്‍ തമിഴ് ചോരയുണ്ട്, ഇപ്പോഴും വീട്ടില്‍ തമിഴ് മിണ്ടുന്ന ചില ഉറ്റവരും ഉണ്ട്. എന്നെ ഒരു പാതി മലയാളിയും പാതി തമിഴനുമായി കണ്ട് വഴക്കുകള്‍ ഒഴിവാക്കണം എന്ന് കേഴുന്നു.
ചില എടുത്തുകാട്ടലുകള്‍ നോക്കാം. ഇവയില്‍ ഒരു സംസ്കൃത ഉരി പോലും ഇല്ല, ദ്രാവിഡ ഉറവയുള്ള, നാള്‍ക്കുനാള്‍ നാം പറയുന്ന ഉരികള്‍ മുറ്റുമേ പെരുമാറിയിട്ടുള്ളൂ- എന്നിട്ടും മലയാളവും തമിഴും ഒന്നല്ല എന്ന് കാണുവാനാകും.
൧. ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്‍റെ പൂച്ച എന്‍റെ കട്ടിലിന് അടിയില്‍ കിടക്കുകയായിരുന്നു (മലയാളം)
നാന്‍ കാലൈയില്‍ എഴുന്തപ്പോത് എന്‍ പൂനൈ എന്‍ പടുക്കൈക്ക് അടിയില്‍ പടുത്തിരുന്തത് (തമിഴ്)
൨. ഇന്നലെ പുലര്‍ച്ചെ ഒരു ഒച്ച കേട്ട് ഞെട്ടി ഉണര്‍ന്ന് ഞാന്‍ നിലവിളിച്ചു (മലയാളം)
നേറ്റ്റ് കാലൈ ഇരൈച്ചല്‍ കേട്ട് അതിര്‍ച്ചി അടൈന്തു നാന്‍ എഴുന്തു കത്തിനേന്‍ (തമിഴ്)
൩. തലേന്ന് ഞാന്‍ അവിടേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് ഞാന്‍ മിനിഞ്ഞാന്ന് നടന്നതിനെ കുറിച്ച് കേള്‍ക്കാന്‍ ഇട വന്നത് (മലയാളം)
നേറ്റ്റ് നാന്‍ അങ്ക് സെല്ല തയാരാകിക്കൊണ്ടിരുന്തപ്പോത് താന്‍ നേറ്റ്റ് മുന്‍ദിനം നടന്തതൈ കേട്ക നേര്‍ന്തത് (തമിഴ്)
൪. എത്ര തവണ പറഞ്ഞാലും എന്തുകൊണ്ടാണ് അവന്‍ പിന്നെയും തെറ്റായ വഴിയിലൂടെ പോകുന്നത്? (മലയാളം)
എത്തനൈ മുറൈ സൊന്നാലും ഏന്‍ മീണ്ടും തവറാന വഴിയില്‍ സെല്‍കിരാര്‍? (തമിഴ്)
൫. ഈ ജോലി ഒട്ടും വൈകിപ്പിക്കാതെ ചെയ്തു തീര്‍ക്കുവാന്‍ ഞാന്‍ കഴിവതും നോക്കിയെങ്കിലും, ഇനി തുടരാന്‍ കരുത്തില്ല (മലയാളം)
ഇന്ത വേലൈയെ താമതമിൻ്റ്രി മുടിക്ക എന്നാല്‍ മുടിന്ത അളവ് മുയര്‍ച്ചി സെയ്താലും എന്നാല്‍ തൊടര മുടിയവില്ലൈ (തമിഴ്)
ഇവിടെ ഒന്നുകില്‍ മൊത്തത്തില്‍ വേറെ ഉരി, അല്ലെങ്കില്‍ ഉരുവത്തിലെങ്കിലും വേറിട്ട് നില്‍ക്കുന്ന ഉരി ഉള്ളതായി കാണാം. തീര്‍ച്ചയായും സംസ്കൃത ഉരികള്‍ കളഞ്ഞാല്‍ മലയാളം തമിഴായി മാറില്ല.
മൊഴി ആരാഴ്ചികര്‍ തെന്നിന്ത്യന്‍ മൊഴികളെ ദ്രാവിഡ മൊഴികള്‍ എന്നാണ് വിളിക്കുന്നത്. ബ്രഹുഇ (Brahui) പോലെ തെന്നിന്ത്യക്ക് പുറത്തും ചില ദ്രാവിഡ മൊഴികള്‍ ഇന്നും നിലനില്‍ക്കുന്നു. ഈ മൊഴികള്‍ എല്ലാം കൂടെപ്പിറപ്പുകള്‍ ആണെന്നും അവയ്ക്ക് ഒറ്റ തള്ളമൊഴിയാണ് ഉള്ളതും എന്നതില്‍ മിക്ക മൊഴി ആരാഴ്ചികര്‍ക്കും എതിര്‍നിനവില്ല. പഴയ ദ്രാവിഡം (Proto-Dravidian) എന്നാണ് അവര്‍ ഈ പഴമൊഴിയെ വിളിക്കാറ്. പഴയ ദ്രാവിഡം കാലം പോകെ പല ചില്ലകളായി പിരിഞ്ഞപ്പോള്‍ ഉണ്ടായ തെക്കന്‍ ദ്രാവിഡ ചില്ലയാണ് ഇന്നത്തെ മലയാളത്തിനും കന്നഡത്തിനും തമിഴിനും ഉറവിടം. ഇന്നത്തെ തമിഴും ഇന്നത്തെ മലയാളവും അങ്ങിനെ നോക്കുമ്പോള്‍ കൂടെപ്പിറപ്പുകളാണ്. തമിഴും മലയാളവും വേര്‍പിരിയുന്നത് മുന്‍പ് ഉണ്ടായിരുന്ന തള്ളമൊഴിയെ പഴയ തമിഴ്-മലയാളം (Proto Tamil-Malayalam) എന്നാണ് മൊഴി ആരാഴ്ചികര്‍ വിളിക്കുന്നത്. വേര്‍പിരിയലിന് മുന്‍പുള്ള എഴുത്തുകള്‍ക്കും പഴമയ്ക്കും ഇന്നത്തെ മലയാളത്തിനും ഇന്നത്തെ തമിഴിനും ഒരു പോലെ ഉടമത്തം ഉണ്ട്. ചിലപ്പതികാരം എന്ന കൂടൽ (സംഗം) എഴുത്തിനെ തന്നെയെടുക്കാം. അത് എഴുതിയത് ഇളങ്കോവടികള്‍ എന്ന കേരളക്കരക്കാരന്‍ ആണ് എന്നതില്‍ തമിഴര്‍ക്കും എതിര്‍പ്പില്ല. അന്നത്തെ മൊഴി ഇന്നത്തെ തമിഴ് പോലെയുമല്ല, ഇന്നത്തെ മലയാളം പോലെയുമല്ല- അത് ഈ രണ്ട് മൊഴികളുടെയും പഴയ ഉരുവമാണ് താനും. അപ്പോള്‍ ചിലപ്പതികാരത്തെ ഒരു പഴയ തമിഴ്-മലയാളം എഴുത്തായി കണ്ട് രണ്ടു കരക്കാര്‍ക്കും അതിന്‍റെ പുകഴ്ത്ത് കിട്ടേണ്ടതല്ലേ? മലയാളത്തിന് പഴമൊഴിപ്പുകഴ്ത്ത് (classical language status) കിട്ടാന്‍ നിരത്തിയ എഴുത്തുപഴമയുടെ എടുത്തുകാട്ടലുകളില്‍ ചിലപ്പതികാരവും ഉണ്ടായിരുന്നു എന്നത് എത്ര മലയാളികള്‍ക്ക് അറിയാം?
ഇനി നമുക്ക് ഒത്തുനോട്ടത്തിലേക്ക് കടക്കാം.
൧. മലയാളത്തില്‍ 'അ' ല്‍ ഒടുങ്ങുന്ന ഉരികള്‍ തമിഴില്‍ 'ഐ' ല്‍ ഒടുങ്ങുന്നു
മല (മലയാളം) - മലൈ (തമിഴ്)
തല (മലയാളം) - തലൈ (തമിഴ്)
വള (മലയാളം) - വളൈ (തമിഴ്)
'ഐ' ഒടുക്കം 'അ' ആയി മാറിയതാണ് എന്ന് പറയുന്നതില്‍ ഒരു തെറ്റുണ്ട്. വേറെ ചില്ലയിലുള്ള തെലുങ്കില്‍ 'അ' ഒടുക്കമാണ് പതിവ്. ഇത് കാട്ടുന്നത് പഴയ ദ്രാവിഡത്തില്‍ 'അ' ഒടുക്കം ആയിരിക്കാനിടയുണ്ട് എന്നാണ്. തെലുങ്കുനാടുമായി മലയാളക്കരയ്ക്ക് അതിര്‍ത്തി ഇല്ല എന്നത് കൊണ്ട് ഒരേ മുറയ്ക്കുള്ള 'അ' ഒടുക്കം എങ്ങിനെ രണ്ട് മൊഴികളിലും നിലനിന്നു എന്നത് അമ്പരപ്പ് ഉളവാക്കുന്ന ഒന്നാണ്. തമിഴ് മൊഴിമുറ ഏടായ തൊൽകാപ്പിയത്തിൽ അകരം ഐകരം ആയി എന്നു പറയുന്നുമുണ്ട്.
൨. മലയാളത്തിലും കന്നഡത്തിലും തെലുങ്കിലും 'ഈ', 'ആ' എന്ന ചുട്ടെഴുത്തുകളുണ്ട്. തമിഴില്‍ 'അന്ത', 'ഇന്ത' എന്നാണ് പറയാറ്. തമിഴില്‍ നിന്നും വന്നതാണെങ്കില്‍ എന്ത് കൊണ്ട് മലയാളത്തില്‍ പഴയ ദ്രാവിഡ ചുട്ടെഴുത്തുകളായ 'ഈ', 'ആ' എന്നിവ പെരുമാറുന്നു?
൩. മലയാളത്തില്‍ ആണ്‍-പെണ്‍, ഒരു-പല വേര്‍തിരിവുകള്‍ വിനകള്‍ക്ക് (verbs) ഇല്ല. തമിഴില്‍ അത് ഇന്നും നിലനില്‍ക്കുന്നു.
അവന്‍ വന്താന്‍ - അവള്‍ വന്താള്‍ - അവര്‍ വന്താര്‍ - നാന്‍ വന്തേന്‍ - നീ വന്തായ് (തമിഴ്)
അവന്‍ / അവള്‍ / അവര്‍ / ഞാന്‍ / നീ വന്നു (മലയാളം)
പഴയ മലയാളത്തില്‍ ഈ വേര്‍തിരിവ് വരമൊഴിയില്‍ ഉണ്ടായിരുന്നു, എന്നാല്‍ അത് പോകെപ്പോകെ മാഞ്ഞുപോയി. പണ്ട് തന്നെ വാമൊഴിയില്‍ ഈ വേര്‍തിരിവ് ഉണ്ടായിരുന്നില്ല എന്ന വാക്കാണവും ആരാഴ്ചികര്‍ക്കിടയില്‍ നിലനില്‍ക്കുന്നു. പഴമ തെളിയിക്കാന്‍ ഇത് കൈമുതലാകില്ല, എന്നാല്‍ മലയാളം തമിഴിന്‍റെ വെറുമൊരു നാട്ടുമൊഴി അല്ല എന്നും മൊഴിമുറയില്‍ തന്നെ മാറ്റങ്ങള്‍ ഉണ്ട് എന്നും ഇതിലൂടെ വെളിപ്പെടുന്നു.
൪. രണ്ട് ഉരികള്‍ ഒന്നിക്കുമ്പോള്‍ അവയുടെ ഉരുവത്തില്‍ മാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ തമിഴിലും മലയാളത്തിലും അവയെ ചേര്‍ക്കാനുള്ള ചട്ടം വേറെയാണ്. ഇതില്‍ 'ല്‍' വടിവമാണ് കൂടുതല്‍ പഴക്കം ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. ചില്ലിന് പിന്നില്‍ "കള്‍" (plural) ചേര്‍ക്കുമ്പോള്‍ മലയാളത്തില്‍ അത് "ഉകള്‍" എന്നാണ് ആകുക, തമിഴില്‍ അതില്ല.
കടല്‍ + കര/കരൈ = കടല്‍ക്കര (മലയാളം), കടര്‍ക്കരൈ (തമിഴ്)
പല്‍ + കള്‍ (plural) = പല്ലുകള്‍ (മലയാളം), പര്‍കള്‍ (തമിഴ്)
തൂണ്‍ + കള്‍ (plural) = തൂണുകള്‍ (മലയാളം), തൂണ്‍കള്‍ (തമിഴ്)
൫. പല ഉരികള്‍ക്കും രണ്ട് മൊഴികളിലും വേറെ പൊരുളാണ് ഉള്ളത്. ഇന്നത്തെ തമിഴും ഇന്നത്തെ മലയാളവുമാണ് ഒത്തുനോക്കുന്നത് എന്ന് ഓര്‍ക്കുക. കൂടല്‍ (സംഗം) എഴുത്തുകളില്‍ ചില ഉരികള്‍ ഇന്നത്തെ മലയാളത്തിലെ അതേ പൊരുളില്‍ തന്നെ കണ്ടാല്‍ അത് മലയാളത്തില്‍ നാം നിലനിര്‍ത്തി എന്നും ഇന്നത്തെ തമിഴില്‍ അത് മാഞ്ഞുപോയി എന്നു വേണം കരുതാന്‍. അതും മലയാളത്തിന്‍റെ പഴമയെ ഊട്ടിയുറപ്പിക്കാന്‍ ഉതകും.
വെള്ളം = Water (മലയാളം), flood (തമിഴ്)
പൊരുള്‍ = Meaning (മലയാളം), idea/object (തമിഴ്)
മുന്തിരി = Grapes (മലയാളം), raisin (തമിഴ്)
കിളി = Small Bird (മലയാളം പോകെ പോകെ വന്ന മാറ്റം), parrot (തമിഴ്)
പാര്‍ക്കുക = To reside (മലയാളം), to see (തമിഴ്)
മതി = Enough/moon (മലയാളം), moon/knowledge (തമിഴ്)
പനി = Fever (മലയാളം), cold/cool (തമിഴ്)
ചൊല്ലുക = To recite (മലയാളം), to speak (തമിഴ്)
പിഴ = Punishment/fine (മലയാളം), error (തമിഴ്)
കാതല്‍ = Core (മലയാളം), love (തമിഴ്)
൬. മലയാളത്തില്‍ 'ആ' ല്‍ തുടങ്ങുന്ന ചില ഉരികള്‍ തമിഴില്‍ 'യാ' ല്‍ തുടങ്ങുന്നു
ആര് (മലയാളം) - യാര്‍ (തമിഴ്)
ആന (മലയാളം) - യാനൈ (തമിഴ്)
ആട് എന്നതിന് പഴയ തമിഴില്‍ യാട് എന്ന് പറഞ്ഞിരുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കാം. മലയാളം ഈ ഉരുവം കൈക്കൊണ്ടില്ല.
൭. തമിഴില്‍ 'ആ' ല്‍ ഒടുങ്ങുന്ന ഉരികള്‍ മലയാളത്തില്‍ 'വ്' ല്‍ ഒടുങ്ങുന്നു
നിലാ (തമിഴ്) - നിലാവ് (മലയാളം)
സുറാ (തമിഴ്) - സ്രാവ് (മലയാളം)
പുറാ (തമിഴ്) - പ്രാവ് (മലയാളം)
൮. തമിഴിലെ 'ൻ്റ്ര' മലയാളത്തില്‍ 'ന്ന' ആകുന്നു
കൻ്റ്ര് (തമിഴ്) (കൻട്ര്) - കന്ന് (മലയാളം)
ഇൻ്റ്ര് (തമിഴ്) - ഇന്ന് (മലയാളം)
നൻ്റ്രി (തമിഴ്) - നന്നി (മലയാളം) - [നന്ദി എന്നത് എഴുത്തുപിഴയാണ്]
പഴയ മലയാളത്തിൽ കൻ്റ്, ഇൻ്റ്, നൻ്റി എന്നായിരുന്നു എന്ന് കെ എം നാരായണ മേനോന്‍റെ thesis ഇൽ പറയുന്നുണ്ട്. പഴയ ദ്രാവിഡത്തിൽ രണ്ട് "റ"കള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന "റ്റ" എന്ന ഒലി ഇപ്പോള്‍ തമിഴില്‍ ഉള്ളത് പോലെ "റ്റ്ര" എന്നായിരുന്നില്ല എന്നും മൊഴി ആരാഴ്ചികര്‍ കണ്ടുപിടിച്ചിട്ടുണ്ട്.
൯. റ്റ എന്ന പഴയ ദ്രാവിഡ ഒലി മലയാളത്തില്‍ ഇന്നുമുണ്ട്. തമിഴില്‍ അത് റ്റ്ര എന്നാണ് കണ്ടുവരുന്നത്. തമിഴിന്‍റെ ചില നാട്ടുമൊഴികളായ കുമാരി തമിഴ്, യാഴപ്പാനം (Jaffna) തമിഴ് എന്നിവയിൽ ഈ ഒലി ഇന്നും കണ്ടുവരുന്നുണ്ടെങ്കിലും പൊതുവേ അത് മാഞ്ഞുപോയിരിക്കുന്നു.
൧൦. മലയാളത്തില്‍ എഴുതുമ്പോള്‍ ഒരു ന മുറ്റുമേ ഇന്നത്തെ എഴുത്തുമുറയില്‍ ഉള്ളൂ, തമിഴില്‍ രണ്ടെണ്ണം ഉണ്ട്- ன (പല്ല് കൊണ്ട് പറയുന്നത്), ந (മൂക്ക് കൊണ്ട് പറയുന്നത്) എന്നിങ്ങിനെ. എന്നാല്‍ പറച്ചിലില്‍ ഉള്ള ഈ പഴയ ദ്രാവിഡ വേര്‍തിരിവ് കാത്തത് മലയാളം മുറ്റുമാണ്.
൧൧. ര, റ എന്നിവ തമ്മിലുള്ള വേര്‍തിരിവ് എഴുത്തില്‍ രണ്ട് മൊഴികളിലും ഉണ്ടെങ്കിലും ഇന്ന് പറച്ചിലില്‍ മലയാളത്തില്‍ മാത്രമേ ഈ വേര്‍തിരിവ് കാണാനുള്ളൂ
൧൨. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിനകളുടെ (verbs) ഉരുവം മലയാളത്തില്‍ "-ഉന്നു" എന്നാണ്. ഈ ഉരുവം ഇന്നത്തെ തമിഴില്‍ കാണാനില്ല. കേരളത്തില്‍ എഴുതപ്പെട്ട ചില കൂടല്‍ (സംഗം) എഴുത്തുകളില്‍ "-ഉന്നു" എന്ന ഉരുവത്തിന്‍റെ വകയായ "-ഉന്തു" കാണാം എന്നും നാം അറിയണം.
നാന്‍ വീഴുകിറേന്‍ (തമിഴ്) - ഞാന്‍ വീഴുന്നു (മലയാളം)
നീ പോകിറായ് (തമിഴ്) - നീ പോകുന്നു (മലയാളം)
൧൩. വിനകളുടെ (verbs) പുപഴപ്പാട് ഉരുവങ്ങള്‍ (past tense forms) തമിഴില്‍ 'ന്ത' എന്ന് ഒടുങ്ങുന്നയിടത്ത് മലയാളത്തില്‍ ഞ്ഞു, ന്നു എന്നീ രണ്ട് വക ഉരുവങ്ങള്‍ കണ്ടുവരുന്നു. -യുക എന്ന് ഒടുങ്ങുന്ന വിനകളില്‍ -ഞ്ഞു എന്നാണ് വരിക. മായുക- മാഞ്ഞു, ചായുക-ചാഞ്ഞു എന്നിങ്ങിനെ. തമിഴില്‍ ഈ വേര്‍തിരിവ് കാണുവാന്‍ കഴിയില്ല.
വന്തത് (തമിഴ്) - വന്നു (മലയാളം)
പകര്‍ന്തത് (തമിഴ്) - പകര്‍ന്നു (മലയാളം)
വിരിന്തത് (തമിഴ്) - വിരിഞ്ഞു (മലയാളം)
അലൈന്തത് (തമിഴ്) - അലഞ്ഞു (മലയാളം)
൧൪. തമിഴിലെ 'ന' ല്‍ തുടങ്ങുന്ന പല ഉരികളും മലയാളത്തില്‍ 'ഞ' ല്‍ തുടങ്ങുന്നു.
നാന്‍ (തമിഴ്) - ഞാന്‍ (മലയാളം)
നണ്ട് (തമിഴ്) - ഞണ്ട് (മലയാളം)
൧൫. മലയാളത്തില്‍ 'ആണ്' എന്നത് മൊഴി ചട്ടത്തില്‍ തലക്കമുള്ള ഒരു ഉരിയാണ്. തമിഴില്‍ ഈ ഉരി പയറ്റാറില്ല.
എന്‍ പെയര്‍ നിതിന്‍ - എന്‍റെ പേര് നിതിന്‍ (എന്ന്) ആണ്
അത് അങ്കെ ഉള്ളത് - അത് അവിടെ ആണ് ഉള്ളത്
നീ താന്‍ - നീ തന്നെ ആണ്
൧൬. തമിഴിലെ 'ങ്ക' മലയാളത്തില്‍ 'ങ്ങ' ആണ്. രണ്ട് 'ങ' ചേരുമ്പോള്‍ ഉണ്ടാകുന്ന ഈ ഒലി തമിഴില്‍ ഇല്ല.
നീങ്കള്‍ (തമിഴ്) - നിങ്ങള്‍ (മലയാളം)
മാങ്കായ് (തമിഴ്) - മാങ്ങ (മലയാളം)
൧൭. തമിഴിലെ 'ഞ്ച' മലയാളത്തില്‍ 'ഞ്ഞ' ആണ്. രണ്ട് 'ഞ' ചേരുമ്പോള്‍ ഉണ്ടാകുന്ന ഈ ഒലി തമിഴില്‍ ഇല്ല. ഒറ്റ 'ഞ' കൊണ്ട് തുടങ്ങുന്ന ഒലികള്‍ തമിഴില്‍ ഉണ്ട്- ഞാലം (പാര്, ഉലകം). എന്നാല്‍ ഇരട്ട 'ഞ' തമിഴില്‍ കാണപ്പെടുന്നില്ല.
മഞ്ചള്‍ (തമിഴ്) - മഞ്ഞള്‍ (മലയാളം)
കുറിഞ്ചി (തമിഴ്) - കുറിഞ്ഞി (മലയാളം)
൧൮. തമിഴിലെ causative form മലയാളത്തിലേത് പോലെയല്ല പൊതുവേ കാണപ്പെടുന്നത്. തമിഴ്നാട്ടില്‍ ചില നാട്ടുമൊഴികളില്‍ മലയാളത്തിലേത് പോലെയുള്ള causative form നിലവില്‍ ഉണ്ടെങ്കിലും, ഇത് ഏറെക്കുറേ ഇല്ലാതായിരിക്കുന്നു.
ചെയ്യ വയ്ക്കിറത് - ചെയ്യിപ്പിക്കുക
കുടിക്ക വയ്ക്കിറത് - കുടിപ്പിക്കുക
൧൯. തമിഴിലെ 'വ' ല്‍ തുടങ്ങുന്ന ചില ഉരികള്‍ മലയാളത്തില്‍ 'മ' ല്‍ തുടങ്ങുന്നു. എന്നാല്‍ രണ്ട് ഉരുവങ്ങളും മലയാളത്തില്‍ പെരുമാറാവുന്നതാണ്.
വാനം (തമിഴ്) - മാനം (മലയാളം)
വിന (തമിഴ്) - മിന (മലയാളം)
എന്നാല്‍ തിരിച്ചുള്ള എടുത്തുകാട്ടലുകളും ഉണ്ട്.
വീണ്ടും (മലയാളം) - മീണ്ടും (തമിഴ്)
ഇന്നത്തെ തമിഴും ഇന്നത്തെ മലയാളവും വേര്‍പിരിഞ്ഞപ്പോള്‍ പഴയ ദ്രാവിഡത്തിലെ ഉരുവത്തില്‍ നിന്നും രണ്ട് മൊഴികളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ആ വേര്‍പിരിയലിന് മുന്‍പുള്ള കച്ചങ്ങളുടെ പെരുമ ഇരുമൊഴികള്‍ക്കും ഒരേപോലെ കിട്ടേണ്ടതാണ്.
൨൦. ചില ഉരികളില്‍ "ഴ" പകുതി ഒലിയായി തമിഴില്‍ വരുമ്പോള്‍ മലയാളത്തില്‍ ഇല്ല, തിരിച്ചും.
വീഴ്ന്തത് (തമിഴ്) - വീണു (മലയാളം)
കാട്ചി (തമിഴ്) - കാഴ്ച (മലയാളം)
൨൧. മുന്‍വരുന്നതിനെ കുറിച്ച് പറയുമ്പോള്‍ വിനകളുടെ ഉരുവങ്ങള്‍ തമിഴിലും മലയാളത്തിലും വെവ്വേറെയാണ്.
പോകലാം (തമിഴ്) - പോകാം (മലയാളം)
കുടിക്കലാം (തമിഴ്) - കുടിക്കാം (മലയാളം)
ഇവിടെ കുടിക്കുക എന്നതിലെ 'ക്ക' മലയാളത്തില്‍ മിക്കപ്പോഴും (ചില നാട്ടുമൊഴികള്‍ ഒഴിച്ച്) "യ" ചേര്‍ത്ത് "ക്ക്യ" എന്നാണ് പറയുക എന്ന് ഓര്‍ക്കുക.
൨൨. പകുതി "ഉ" തമിഴില്‍ വാമൊഴിയില്‍ ഉണ്ട്, വരമൊഴിയില്‍ ഇല്ല.
നാടു (തമിഴ്) - നാട് (മലയാളം) [മലയാളത്തില്‍ നാടു എന്നത് വേറെ മുറയ്ക്കാണ് പറയുക)
വീടു (തമിഴ്) - വീട് (മലയാളം)
തൂണ്‍, തൂണ്, തൂണു ഇവ മൂന്നും മലയാളത്തില്‍ വേറെ ഒലികളാണ്. തമിഴില്‍ തൂണ്‍, തൂണു എന്നീ ഒലികള്‍ മുറ്റുമേ ഉള്ളൂ. "ഉ" ല്‍ ഒടുങ്ങുന്ന ഉരികളെ അവര്‍ പറയുമ്പോള്‍ പകുതി "ഉ" ആയി കണക്കാക്കുന്നു. ഇംഗ്ലീഷില്‍ നിന്നും വന്ന ഉരികള്‍ക്കും ഇത് തന്നെയാണ് ചെയ്യുക. പേസു എന്ന് എഴുതി പേസ് എന്ന് വായിക്കുകയാണ് തമിഴില്‍ പതിവ്. മലയാളത്തില്‍ പേസ്, പേസു രണ്ടും വേറെ മുറയ്ക്കാണല്ലോ പറയുക.
൨൩. തമിഴിലെ 'ന' ചിലയിടത്ത് മലയാളത്തില്‍ 'യ' ആയാണ് നിലകൊള്ളുന്നത്, ചിലയിടത്ത് 'ര' ആയും.
പോനത് (തമിഴ്) - പോയത് (മലയാളം)
തവറാന (തമിഴ്) - തെറ്റായ (മലയാളം) [തവറു = തെറ്റ്]
കള്ളത്തനം (തമിഴ്) - കള്ളത്തരം (മലയാളം)
൨൪. രണ്ട് ഉരികള്‍ തമ്മില്‍ ചേര്‍ക്കാന്‍ തമിഴിലും മലയാളത്തിലും "ഉം" ആണ് പെരുമാറുക. എന്നാല്‍ "അം" എന്ന ഒലിയില്‍ ഒടുങ്ങുന്ന ഉരികളുടെ കച്ചത്തില്‍ ഇരുമൊഴികളും വേറെ മുറയാണ് പിന്തുടരുന്നത്.
മരം + ഉം = മരമും (തമിഴ്), മരവും (മലയാളം)
നിറം + ഉം = നിറമും (തമിഴ്), നിറവും (മലയാളം)
൨൫. ഓച്ചാനം (respect) കൊടുക്കുന്ന ഉരുവം മലയാളത്തില്‍ വേറിട്ട് നില്‍ക്കുന്നു. പറയൂ, തരൂ, വരൂ എന്നീ ഉരുവം തമിഴില്‍ കാണപ്പെടുന്നില്ല. പകരം വരവും, സൊല്ലവും അല്ലെങ്കില്‍ വാറുങ്കള്‍, സൊല്ലുങ്കള്‍ എന്നൊക്കെയാണ് പെരുമാറുക.
൨൬. പലയാളുകള്‍ ഉണ്ടെന്ന് കാട്ടുവാനുള്ള ഉരുവവും തമിഴിലും മലയാളത്തിലും വേറിട്ട് നില്‍ക്കുന്നു.
Mothers = തായ് മാര്‍കള്‍ (തമിഴ്), തള്ളമാര്‍ (മലയാളം)
Fathers = തന്തൈകള്‍ (തമിഴ്), തന്തമാര്‍ (മലയാളം)
പഴയ ദ്രാവിഡത്തില്‍ 'മാര്‍' എന്ന ഉരുവം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ തമിഴില്‍ അത് പരക്കെ പയറ്റാറില്ല. മലയാളത്തില്‍ '-മാര്‍' എന്നത് മറ്റ് പല ഉരികളിലും കാണാം- ചേച്ചിമാര്‍, കുരങ്ങന്മാര്‍, എഞ്ചിനിയര്‍മാര്‍ എന്നിങ്ങിനെ.
൨൭. Dative case ല്‍ തമിഴില്‍ 'ക്ക്' മുറ്റുമേ ഉള്ളൂ. മലയാളത്തില്‍ മറ്റ് ഉരുവങ്ങള്‍ കാണാനാകും.
പുലിക്ക് (തമിഴ്) - പുലിയ്ക്ക് (മലയാളം)
അവനുക്ക് (തമിഴ്) - അവന്(മലയാളം)
അവളുക്ക് (തമിഴ്) - അവള്‍ക്ക് (മലയാളം)
കാതുക്ക് (തമിഴ്) - കാതിന് (മലയാളം)
എനക്ക് (തമിഴ്) - എനിക്ക് (മലയാളം)
തമിഴില്‍ എല്ലായിടത്തും ക്ക് എന്ന ഉരുവമാണ് ഉള്ളത്. മലയാളത്തില്‍ അ, ഇ എന്നിവയില്‍ ഒടുങ്ങുന്ന ഉരികള്‍ക്ക് 'യ്ക്ക്' എന്നും ചില്ല് വരുന്നിടത്ത് 'ക്ക്' എന്നും മറ്റ് ഉരികളില്‍ 'ന്' എന്നുമാണ് വരിക.
൨൮. ഉടമത്തം കാട്ടുന്ന ഉരുവം (Genitive case) തമിഴിലും മലയാളത്തിലും ഒരേപോലെ അല്ല.
പുലിയുടെയ (തമിഴ്) - പുലിയുടെ (മലയാളം)
അവനുടെയ (തമിഴ്) - അവന്‍റെ (മലയാളം)
അവളുടെയ (തമിഴ്) - അവളുടെ (മലയാളം)
കാതുടെയ (തമിഴ്) - കാതിന്‍റെ (മലയാളം)
എന്നുടെയ (തമിഴ്) - എന്‍റെ (മലയാളം)
തമിഴില്‍ എല്ലായിടത്തും ഉടെയ എന്ന ഉരുവമാണ് എന്ന് തെളിച്ചുകാണാം. മലയാളത്തില്‍ അ, ഇ എന്നിവയില്‍ ഒടുങ്ങുന്ന ഉരികള്‍ക്ക് 'ഉടെ' എന്നും മറ്റ് ഉരികള്‍ക്ക് 'ന്‍റെ'എന്നുമാണ് വരിക.
൨൯. Ablative case ല്‍ തമിഴില്‍ 'ഇല്‍ ഇരുന്ത്' എന്നാണ്, മലയാളത്തില്‍ ;ഇല്‍ നിന്നും' എന്നും.
അങ്കെ ഇരുന്ത് (തമിഴ്) - അവിടെ നിന്നും (മലയാളം)
ചെന്നൈയിലിരുന്ത് (തമിഴ്) - ചെന്നൈയില്‍ നിന്നും (മലയാളം)
ഇത് കൂടാതെ -ലേക്ക് എന്ന ഉരുവം തമിഴില്‍ ഇല്ല.
അങ്ക് (തമിഴ്) - അവിടേക്ക് (മലയാളം)
ചെന്നൈക്ക് (തമിഴ്) - ചെന്നൈയിലേക്ക് (മലയാളം)
൩൦. മഴയത്ത്, വെയിലത്ത് എന്ന പറച്ചില്‍ മലയാളത്തില്‍ ഇന്നും പരക്കെ ഉണ്ട്. പഴയ തമിഴില്‍ അത് ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് ഈ പറച്ചില്‍ ഏറെക്കുറേ മിക്കയിടങ്ങളിലും ഇല്ലാതായിരിക്കുന്നു.
മലയാളം തമിഴിന്‍റെ നാട്ടുമൊഴി അല്ല എന്ന് ഇതിനോടകം വെളിപ്പെട്ടുകാണും എന്ന് കരുതുന്നു. ഇത് വരെ നിങ്ങള്‍ വായിച്ച ഈ കുറിപ്പില്‍ എങ്ങും സംസ്കൃത ഉരികള്‍ പയറ്റിയിട്ടില്ല എന്ന് ഉറപ്പുവരുത്താനാകുന്നതാണ്, അപ്പോഴും മലയാളം അതിന്‍റെ തനിമ നിലനിര്‍ത്തിയിരിക്കുന്നു, തമിഴില്‍ നിന്നും വേറിട്ട് നില്‍ക്കുകയും ചെയ്യുന്നു. തന്നെയുമല്ല, പഴയ ദ്രാവിഡത്തിലെ പല കച്ചങ്ങള്‍ തമിഴില്‍ മാഞ്ഞുപോയെങ്കിലും മലയാളം അതേ പടി കാത്തിട്ടുണ്ട്. മലയാളത്തിന് പഴമൊഴിപ്പുകഴ്ത്ത് (classical language status) കിട്ടിയതും അതുകൊണ്ടാണ്. മലയാളവും തമിഴും ഏറെ അടുപ്പമുള്ള മൊഴികളാണ് എന്നത് തീര്‍ച്ച. എന്നാല്‍ അവ തമ്മിലുള്ള അടുപ്പം തള്ള-മകള്‍ എന്നതാണ് എന്ന വാക്കാണം തെറ്റാണ് എന്നും അവ ഒരേ ദ്രാവിഡ ചില്ലയില്‍ നിന്നും വേര്‍പിരിഞ്ഞതാണ് എന്നും തെളിയിച്ചാണ് മൊഴി ആരാഴ്ചികര്‍ മലയാളത്തിന് ൨൦൧൨ ല്‍ പഴമൊഴിപ്പുകഴ്ത്ത് നേടിത്തന്നത്.