മലയാളത്തിലെ പഴപ്പാട് ഉരുവങ്ങള്‍
പോയകാലത്തെ കുറിച്ച് പറയുമ്പോള്‍ മിക്ക മൊഴികളിലും വിനയില്‍ (verb) മാറ്റങ്ങള്‍ ഉണ്ടാവുകയാണ് പതിവ്. ഇങ്കിരിസില്‍ (English) "കഴിക്കുക" എന്നതിന് "eat" എന്നാണല്ലോ. എന്നാല്‍ പഴപ്പാട് ഉരുവത്തില്‍ (past tense) ഇത് "ate" ആയി മാറുന്നു. ചീനമൊഴിയില്‍ (Chinese) ആകട്ടെ വിനയില്‍ മാറ്റം വരുത്താതെ "le" എന്ന പുതിയ ഉരി ചേര്‍ത്താണ് പോയകാലത്തെ കാട്ടുന്നത്. അമേരിക്കന്‍ വന്‍കരയില്‍ ഉള്ള മായന്‍ മൊഴികളിലാകട്ടെ, പഴപ്പാട് കുറിക്കാന്‍ ഉരികളേ ഇല്ല! മറ്റ് ദ്രാവിഡ മൊഴികളെ പോലെ മലയാളത്തിലും ഇങ്കിരിസിലേത് പോലെയുള്ള മുറയാണ് ഉള്ളത്. വിനകള്‍ എങ്ങിനെ മാറണം എന്നുള്ളത് അതാത് വിനയുടെ വേരിന്‍ പടി ആണ് തീരുമാനിക്കപ്പെടുക. ചില എടുത്തുകാട്ടലുകളിലൂടെ നമുക്ക് ഇതിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാം. പൊതുവേ ൨൦ മച്ചങ്ങള്‍ (patterns) ആണ് മലയാളം പഴപ്പാടില്‍ കണ്ടുവരുന്നത്:
൧. -യുക ------> -ഞ്ഞു
വിരിയുക ------> വിരിഞ്ഞു
വളയുക ------> വളഞ്ഞു
പായുക ------> പാഞ്ഞു
൨. -കുക ------> -കി
ഒഴുകുക ------> ഒഴുകി
കഴുകുക ------> കഴുകി
പെരുകുക ------> പെരുകി
ഈ ഉരുവത്തോട് ചേരാത്ത വിനകള്‍:
പോകുക ------> പോയി
ആകുക ------> ആയി (ആകി എന്നത് പോകെപ്പോകെ ആയി എന്നായി)
ചാകുക ------> ചത്തു
൩. -ക്കുക ------> -ന്നു (non-causative form)
മറക്കുക ------> മറന്നു
തുറക്കുക ------> തുറന്നു
പിറക്കുക ------> പിറന്നു
൪. -ക്കുക ------> -ക്കി (causative form)
ഒഴുക്കുക ------> ഒഴുക്കി
ഇളക്കുക------> ഇളക്കി
ഇറക്കുക ------> ഇറക്കി
ഒഴുകുക, ഇളകുക, ഇറങ്ങുക എന്നിവയുടെ causative form ആണ് ഒഴുക്കുക, ഇളക്കുക, ഇറക്കുക എന്നിവ. അതുകൊണ്ടാണ് ഇവയ്ക്ക് വേറെ പഴപ്പാട് ഉരുവം ഉള്ളത്. നീക്കുക, ഒരുക്കുക, ഉരുക്കുക തുടങ്ങിയവയും ഇതേ കൂട്ടത്തില്‍ പെടും.
൫. -ഉക്കുക ------> -ത്തു
കൊടുക്കുക ------> കൊടുത്തു
കൊരുക്കുക ------> കൊരുത്തു
ഉടുക്കുക ------> ഉടുത്തു
ഒഴുക്കുക, ഒരുക്കുക, മെരുക്കുക, കുരുക്കുക എന്നിവയെല്ലാം causative forms ആയത് കൊണ്ട് അവയ്ക്ക് മേല്‍പ്പറഞ്ഞ -ക്കുക ------> -ക്കി ഉരുവമാണ് കാണുവാനാകുക.
൬. -യ്ക്കുക ------> -ച്ചു
വയ്ക്കുക ------> വച്ചു
ചുമയ്ക്കുക ------> ചുമച്ചു
ഏല്‍പ്പിയ്ക്കുക ------> ഏല്‍പ്പിച്ചു
ഈ ഉരുവത്തോട് ചേരാത്ത വിന:
ഇരിയ്ക്കുക ------> ഇരുന്നു
൭. -ര്‍ക്കുക ------> -ത്തു
വിയര്‍ക്കുക ------> വിയര്‍ത്തു
കയര്‍ക്കുക ------> കയര്‍ത്തു
ഓര്‍ക്കുക ------> ഓര്‍ത്തു
൮. -ല്‍ക്കുക ------> -റ്റു
തോല്‍ക്കുക ------> തോറ്റു
ഏല്ക്കുക ------> ഏറ്റു
വില്‍ക്കുക ------> വിറ്റു
ഈ ഉരുവത്തോട് ചേരാത്ത വിന:
നില്‍ക്കുക ------> നിന്നു
൯. -ല്‍കുക------> -ല്‍കി
നല്‍കുക ------> നല്‍കി
പുല്‍കുക ------> പുല്‍കി
൧൦. -ളുക ------> -ണ്ടു
ഉരുളുക ------> ഉരുണ്ടു
പുരളുക ------> പുരണ്ടു
വരളുക ------> വരണ്ടു
൧൧. -യ്യുക ------> -യ്തു
ചെയ്യുക ------>ചെയ്തു
ചെയ്യുക ------>ചെയ്തു
എയ്യുക ------> എയ്തു
൧൨. -രുക ------> -ര്‍ന്നു
ഉണരുക ------> ഉണര്‍ന്നു
വിടരുക ------> വിടര്‍ന്നു
ചോരുക ------> ചോര്‍ന്നു
ഈ ഉരുവത്തോട് ചേരാത്ത വിനകള്‍:
പോരുക ------> പോന്നു
വരിക /(വരുക) ------> വന്നു
തരിക /(തരുക) ------> തന്നു
൧൩. -ഴുക ------> -ണു
വീഴുക ------> വീണു
താഴുക ------> താണു
കേഴുക ------> കേണു
ഈ ഉരുവത്തോട് ചേരാത്ത വിനകള്‍:
ചൂഴുക ------> ചൂഴ്ന്നു
ആഴുക ------> ആഴ്ന്നു
തൊഴുക ------> തൊഴുതു
വീഴ്ന്നു എന്ന പഴയ ഉരുവം മാറി പറച്ചിലില്‍ വീണു എന്നായി എന്നാണ് കരുതപ്പെടുന്നത്, അത് കൊണ്ട് തന്നെ ചൂഴ്ന്നു, ആഴ്ന്നു എന്നിവ വേറിട്ട് നില്‍ക്കുന്നു എന്ന് പറയാനാകില്ല.
൧൪. -വുക ------> -ന്തു
നോവുക ------> നൊന്തു
വേവുക ------> വെന്തു
൧൫. -ള്ളുക ------> -ള്ളി
തള്ളുക ------> തള്ളി
തുള്ളുക ------> തുള്ളി
പൊള്ളുക ------> പൊള്ളി
ഈ ഉരുവത്തോട് ചേരാത്ത വിന:
കൊള്ളുക ------> കൊണ്ടു
൧൬. -ല്ലുക ------> -ന്നു
കൊല്ലുക ------> കൊന്നു
വെല്ലുക ------> വെന്നു
ചെല്ലുക ------> ചെന്നു
ഈ ഉരുവത്തോട് ചേരാത്ത വിനകള്‍:
തല്ലുക ------> തല്ലി
ചൊല്ലുക ------> ചൊല്ലി (ചിലയിടത്ത് ചൊന്നു എന്നും പറയപ്പെടുന്നു)
൧൭. -ടുക ------> -ട്ടു (short vowel / കുറിയ ഉയിരെഴുത്ത്)
പെടുക ------> പെട്ടു
കെടുക ------> കെട്ടു
നടുക ------> നട്ടു
-ടുക എന്നതിന് മുന്നില്‍ ഒരു കുറിയ ഉയിരെഴുത്ത് ഉണ്ടെങ്കില്‍ പഴപ്പാട് ഉരുവം -ട്ടു എന്നാണ് വരിക.
൧൮. -ടുക ------> -ടി (long vowel / വലിയ ഉയിരെഴുത്ത്)
ആടുക ------> ആടി
പാടുക ------> പാടി
ചാടുക ------> ചാടി
-ടുക എന്നതിന് മുന്നില്‍ ഒരു വലിയ ഉയിരെഴുത്ത് ഉണ്ടെങ്കില്‍ പഴപ്പാട് ഉരുവം -ട്ടു എന്നാണ് വരിക.
൧൯. -ള്‍ക്കുക ------> -ട്ടു
കേള്‍ക്കുക ------> കേട്ടു
കക്കുക (കള്‍ക്കുക) ------> കട്ടു
൨൦. മിച്ചം വരുന്ന മിക്ക വിനകളിലും -ഉക മാറ്റി -ഇ ആക്കിയാണ് പഴപ്പാട് കുറിക്കുക:
വിളമ്പുക ------> വിളമ്പി
പിച്ചുക ------> പിച്ചി
കറങ്ങുക ------> കറങ്ങി
കൊഞ്ചുക ------> കൊഞ്ചി
മിണ്ടുക ------> മിണ്ടി
തുമ്മുക ------> തുമ്മി
പൊരുതുക ------> പൊരുതി
മാന്തുക ------> മാന്തി
തപ്പുക ------> തപ്പി
ആറുക ------> ആറി
വിലസുക ------> വിലസി
മാറ്റുക ------> മാറ്റി
വീശുക ------> വീശി
ചില വിനകള്‍ക്ക് വേറെ ഉരുവം ഉണ്ടെന്നത് ഒഴിച്ചാല്‍ ഏറെക്കുറേ വിനയുടെ ഒടുക്കം വരുന്ന എഴുത്തിന്‍പടി അതിന്‍റെ പഴപ്പാട് മച്ചം എങ്ങിനെ ആകും എന്ന് നമുക്ക് കണ്ടുപിടിക്കുവാനാകും. പുതുതായി മലയാളം കല്‍ക്കുന്നവര്‍ക്ക് ഇത് തുണയാകുവാന്‍ ഇടയുണ്ട്.