പുറന്തള്ളപ്പെട്ട തള്ള മൊഴികള്‍

ഫെബ്രുവരി ൨൧ (21) പാരില്‍ എമ്പാടും തള്ളമൊഴി നാളായി കൊണ്ടാടുന്ന തീയതിയാണ്. ഇതിന്‍റെ വലുപ്പം അറിയണമെങ്കില്‍ നമ്മള്‍ കുറച്ച് പുറകോട്ട് പോകണം- ഇന്ത്യക്കും പാകിസ്താനും വിടുതല്‍ (freedom) കിട്ടിയ നാളുകളിലേക്ക്. ഇന്നത്തെ ബംഗ്ലാദേശ് ഉള്‍പ്പെടുന്ന നിലം കിഴക്കന്‍ പാക്കിസ്താന്‍ എന്ന പേരില്‍ ഇന്ത്യയില്‍ നിന്നും പിളര്‍ന്ന് പുതുതായി ഉണ്ടാക്കപ്പെട്ട പാക്കിസ്താന്‍ എന്ന നാടിന്‍റെ പകുപ്പായി മാറി. കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന പുതിയ നാട്ടില്‍ ചേര്‍ത്തുനോക്കുമ്പോള്‍ ൫൪% (54%) പേരും ബംഗാളി തള്ളമൊഴിയായി ഉള്ളവര്‍ ആയിരുന്നു. എന്നിരുന്നാലും ഒരു നാടിന് ഒന്നിച്ചു നില്‍ക്കാന്‍ ഒറ്റ മൊഴി ഉള്ളതാണ് നല്ലത് എന്ന വാക്കാണം പേറുന്ന നാടുവാഴികള്‍ ഉറുദു മൊഴിയെ നാടിന്‍റെ ഒറ്റ മൊഴിയായി വിളംബരം ചെയ്തു. കിഴക്കന്‍ പാകിസ്താനില്‍ ഇതിനെതിരേ കുറേ പേര്‍ പൊരുതി. ൧൯൫൨-ആം (1952) ആണ്ട് ഫെബ്രുവരി ൨൧ (21) ന് ബംഗാളി മൊഴിയ്ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയ ഒരു കൂട്ടം ആളുകള്‍ക്ക് നേരെ വെടിവെപ്പുണ്ടാകുകയും അതില്‍ ഒട്ടേറെ പേര്‍ ഉയിര് വെടിയുകയും ചെയ്തു. ബംഗ്ലാദേശിന് വിടുതല്‍ കിട്ടിയതിനൊടുവില്‍ തള്ളമൊഴിക്ക് വേണ്ടി പൊരുതിയവരുടെ ഓര്‍മ്മയ്ക്കായി ഈ നാള്‍ പാരില്‍ എമ്പാടും തള്ളമൊഴി നാളായി കൊണ്ടാടണം എന്ന നിനവ് അവര്‍ UNESCO ല്‍ മുന്നോട്ട് വച്ചു. 

ഇന്ത്യയില്‍ ൧൨൨ (122) വന്‍മൊഴികളും ൧൬൯൯ (1699) ചെറുമൊഴികളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. പതിനായിരം പേരെങ്കിലും മിണ്ടുന്ന മൊഴികളാണ് വന്‍മൊഴികള്‍ എന്ന് തരംതിരിക്കപ്പെടുക. ഇവയില്‍ മലയാളം ഉള്‍പ്പെടെ ൨൨ (22) മൊഴികള്‍ വാഴ്ചമൊഴികളാണ് (official languages). ഇത് പോലെ ഒരു പകിട്ട് നമുക്ക് മറ്റ് നാടുകളിലും കാണുവാനാകും. നൈജീരിയയില്‍ അഞ്ഞൂറിലേറെ മൊഴികള്‍ ഉണ്ടെന്നാണ് കണക്ക്. പാപുവ ന്യൂ ഗിനിയയില്‍ എണ്ണൂറില്‍ കൂടുതലും. ഇന്ത്യ, നൈജീരിയ, പാപുവ ന്യൂ ഗിനിയ എന്നീ മൂന്നിടത്തും ഇങ്കിരിസ് (English) വാഴ്ചമൊഴികളില്‍ തലക്കം ഉള്ള ഒന്നാണ്. ഇനി ഇന്തോനേഷ്യ എന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ നാടിലേക്ക് വരാം. വിടുതല്‍ കിട്ടിയതിനൊടുവില്‍ കൂടുതല്‍ പേര്‍ പറയുന്ന ജാവനീസ് വാഴ്ചമൊഴി ആക്കാതെ പകരം മലയ് മൊഴിയെ അടിത്തറയാക്കി ഒരു പുതിയ മൊഴി ഉണ്ടാക്കി അതിനെ വാഴ്ചമൊഴി ആക്കുകയുമാണ് അവര്‍ ചെയ്തത്. അങ്ങിനെ വഴക്കുകള്‍ ഒഴിവാക്കി ആരുടെയും തള്ളമൊഴി അല്ലാത്ത ഒരു മൊഴിയെ അവര്‍ നാടിന്‍റെ ഒറ്റ മൊഴിയാക്കി മാറ്റി. എഴുന്നൂറില്‍ കൂടുതല്‍ മൊഴികള്‍ മിണ്ടിവരുന്ന ആ നാട്ടില്‍ ഇപ്പോള്‍ പല മൊഴികളും പതിയേ ഒടുങ്ങുകയാണ്. ഒരറ്റത്ത് നാടിന്‍റെ ഒരുമയും വാഴ്ച (governing/rule) നടത്താനുള്ള എളുപ്പവും, മറ്റേ അറ്റത്ത് മൊഴികളുടെ പകിട്ടും അവയില്‍ അടങ്ങുന്ന പഴമയും. ഇത് രണ്ടും ഒരുമിച്ച് കൊണ്ട് പോകുകയെന്നത് പാടുള്ള ഒന്നാണ്, എന്നാല്‍ ചെറിയ തോതിലെങ്കിലും അതിനുള്ള തുനിവുകള്‍ (attempts) നമ്മള്‍ നടത്തിയില്ലെങ്കില്‍ മിക്ക മൊഴികളും അടുത്ത തലമുറയിലേക്ക് എത്തില്ല. 

ഇന്ന് ഇങ്കിരിസ് (English) പോലൊരു മൊഴി ഉള്ളപ്പോള്‍ എന്താണ് നമ്മുടെ തള്ളമൊഴിക്ക് തലക്കം (importance) എന്ന് കരുതുന്ന പലരുമുണ്ട്. അതിനാല്‍ തന്നെ അവര്‍ തങ്ങളുടെ കുട്ടികളിലേക്ക് തങ്ങളുടെ തള്ളമൊഴിയുടെ ഇനിമ പകര്‍ന്നുകൊടുക്കാറില്ല. ഇന്ന് പാരില്‍ ഏതാണ്ട് ൭൦൦൦ (7000) മൊഴികള്‍ ഉണ്ട് എന്ന് മൊഴി ആരാഴ്ചികര്‍ (linguists) കണ്ടുപിടിച്ചിട്ടുണ്ട്. ഇവയില്‍ പകുതിയും ഈ നൂറ്റാണ്ടിനുള്ളില്‍ തന്നെ ഇല്ലാതാവും എന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ കാട്ടുന്നത്. ഈ പട്ടികയിലെ ൩൦൦൦-ത്തോളം (3000) മൊഴികള്‍ ആയിരം പേര്‍ പോലും ഇന്ന് മിണ്ടാത്തവയാണ്. നാം ഒടുങ്ങുമ്പോള്‍ നമ്മുടെ ഉടല്‍ മുറ്റുമേ മണ്‍മറയുന്നുള്ളൂ, എന്നാല്‍ ഒരു മൊഴി ഒടുങ്ങുമ്പോള്‍ അതിന്‍റെ പഴമയും അത് മിണ്ടിയിരുന്ന ആളുകളുടെയെല്ലാം കാല്‍പ്പാടുകളുമാണ് ഇല്ലാതാകുന്നത്. നമ്മുടെ മുന്‍തലമുറകളുടെ അടയാളങ്ങളും നാട്ടുനടപ്പുകളും അറിവുകളും എല്ലാം ചേരുന്നതാണ് നമ്മുടെ തള്ളമൊഴി എന്നത്. അതിനെ നാം കാത്തില്ലെങ്കില്‍ എന്നെന്നേക്കുമായി ആ അറിവുകള്‍ മണ്‍മറഞ്ഞു പോകും. 

മലയാളം പരുങ്ങല്‍ നിലയില്‍ എത്തിയ മൊഴികളുടെ പട്ടികയില്‍ ഇല്ല. നാല് കോടി പേര്‍ മിണ്ടുന്ന, കുറേയേറെ എഴുത്തും പഴമയും പാട്ടും തനതായ വെള്ളിത്തിരയുമുള്ള, കേരളത്തിന്‍റെ വാഴ്ചമൊഴിയായ (official language) ഒരു കരുത്തുറ്റ മൊഴി തന്നെയാണ് മലയാളം. എന്നിരുന്നാലും ഇന്ന് നാം ഏറെയും കണ്ടു വരുന്നത് പുതിയ തലമുറയിലേക്ക് നമ്മുടെ മൊഴിയെ പകരാന്‍ മുതിരാത്തവരെയാണ്. പഴമൊഴിപ്പുകഴ്ത്ത് (classical language status) നേടിയ പഴക്കവും പെരുമയുമുള്ള തേനിറ്റുന്നത് പോലെ ഇനിക്കുന്ന നമ്മുടെ തള്ളമൊഴിയെ  കാക്കേണ്ടതും വളര്‍ത്തേണ്ടതും നമ്മുടെ ചുമതലയാണ്. ആ ചുമതല നമ്മള്‍ നിറവേറ്റിയാല്‍ നമ്മുടെ മലയാളവും നമ്മുടെ മുന്‍തലമുറകളുടെ അറിവുകളും എന്നും നിലനില്‍ക്കും. ഈ പാരിലെ എല്ലാവരുടെയും തള്ളമൊഴികള്‍ എല്ലാം തന്നെ നീണാള്‍ വാഴട്ടെ!

കടപ്പാട്:

Next Post Previous Post
No Comment
Add Comment
comment url