മൊഴിയും വകമൊഴിയും വേറിട്ട്‌ നില്‍ക്കുന്നത് എങ്ങിനെ

"പടയും കൊടിയും ഉള്ള വകമൊഴിയാണ് (dialect) മൊഴി (language) എന്ന് അറിയപ്പെടുന്നത്"  എന്ന പറച്ചില്‍ പടര്‍ത്തിയത് മാക്സ് വൈന്രിക് എന്ന പേരുകേട്ട മൊഴി ആരാഴ്ചികനാണ്. ഇതിന്‍റെ പൊരുള്‍ ഇതാണ്: ഒരു വകമൊഴി വാഴ്ച മൊഴിയാകുകയും അതിന് പുറകില്‍ കരുത്തരായ ഒരു ആള്‍ക്കൂട്ടവും ഉണ്ടെങ്കില്‍ ആ നാട്ടിലെ പറച്ചില്‍വക ഒരു മൊഴിയായി വാഴ്ത്തപ്പെടും. മൊഴിയും നാട്ടുമൊഴിയും തമ്മിലുള്ള അതിര് വരയ്ക്കുകയെന്നത് എളുപ്പമല്ല. വടക്കേ എരോപ്പിയയില്‍ (Europe) നിലകൊള്ളുന്ന സ്വീഡിഷ്, നോര്‍വീജിയന്‍, ഡാനിഷ് എന്നീ മൂന്ന് ജര്‍മ്മാനിക് മൊഴികള്‍ തന്നെയെടുക്കുക. ദ്രാവിഡ മൊഴികള്‍ പഴയ ദ്രാവിഡമെന്ന ഒരേ തള്ള മൊഴിയില്‍ നിന്നും പിരിഞ്ഞത് പോലെ ഈ മൂന്ന് മൊഴികളും പഴയ നോഴ്സ് എന്ന വൈക്കിങ്ങ് മൊഴിയില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞത്. ഇന്ന് സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക് എന്നീ നാടുകളുടെ വാഴ്ചമൊഴികളാണ് ഇവ. വളരെ അടുപ്പമുള്ള മൊഴികള്‍ ആണെങ്കിലും ഒരേ നാട്ടുമൊഴിയുടെ വകകളാണ് ഇവ എന്ന് ആരും പറയാറില്ല. ചില എടുത്തുകാട്ടലുകള്‍ നോക്കാം:

ഇന്ന് ഞാന്‍ കുറച്ച് പാട്ടുകള്‍ പാടും (മലയാളം)

I kväll ska jag sjunga några sånger (സ്വീഡിഷ്)

I kveld skal jeg synge noen sanger (നോര്‍വീജിയന്‍)

I aften skal jeg synge nogle sange (ഡാനിഷ്)


അവള്‍ ഇന്ന് വീട്ടില്‍ ഉണ്ടായിരുന്നില്ല (മലയാളം)

Hon har inte varit hemma i dag (സ്വീഡിഷ്)

Hun har ikke vært hjemme i dag (നോര്‍വീജിയന്‍)

Hun har ikke været hjemme i dag (ഡാനിഷ്)

ഒറ്റ നോട്ടത്തില്‍ തന്നെ മൂന്ന് മൊഴികളുടെയും ഉരുവങ്ങളും ഉരികളും ഏറെക്കുറേ ഒരേ പോലെയാണ് എന്ന് കാണാനാവുന്നതാണ്. എന്നിരുന്നാലും ഇവ നാട്ടുമൊഴികള്‍ ആയല്ല, വേറിട്ട മൊഴികളായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഇനി തെക്ക് കിഴക്കേ യൂറോപ്പിലെ സെര്‍ബിയന്‍, ക്രോയേഷ്യന്‍, ബോസ്നിയന്‍ എന്നീ മൊഴികളിലേക്ക് കടക്കാം. ഇവ അതാത് നാടുകളുടെ വാഴ്ചമൊഴികളാണ്, അത് കൊണ്ട് തന്നെ അവയെ വേറിട്ട മൊഴികളായാണ് കണക്കാക്കുന്നത്. 

ഇന്ന് ഞാന്‍ കുറച്ച് പാട്ടുകള്‍ പാടും  (മലയാളം)

Večeras ću pevati neke pesme (സെര്‍ബിയന്‍)

Večeras ću pjevati neke pjesme  (ക്രോയേഷ്യന്‍)

Večeras ću pjevati neke pjesme (ബോസ്നിയന്‍)


അവള്‍ ഇന്ന് വീട്ടില്‍ ഉണ്ടായിരുന്നില്ല (മലയാളം)

Danas nije bila kod kuće (സെര്‍ബിയന്‍)

Danas nije bila kod kuće (ക്രോയേഷ്യന്‍)

Danas nije bila kod kuće (ബോസ്നിയന്‍)

ചൈനയില്‍ വാഴ്ചമൊഴി മാണ്ടറിന്‍ ചൈനീസ് ആണെങ്കിലും വു, കാന്റ്റോനീസ്, യുവെ, ഷാങ്ങ്ഹായ്നീസ് തുടങ്ങിയ മറ്റു പല മൊഴികളും ഉണ്ട്. ഇവ എഴുതുവാന്‍ ഒരേ ലിപി (ഹാന്‍സി) ആണ് പയറ്റുന്നതെങ്കിലും പറച്ചിലില്‍ ഇവ വേറിട്ട്‌ നില്‍ക്കുന്നു. മാണ്ടറിന്‍ ചൈനീസ് മിണ്ടുന്ന ഒരാള്‍ക്ക് കാന്റ്റോനീസ് കേട്ടാല്‍ തിരിയില്ല. എന്നിട്ടും ഇവയെ വകമൊഴികള്‍ എന്നാണ് ചൈനയില്‍ പറയുക. മാണ്ടറിന്‍ ചൈനീസിനെ വാഴ്ചമൊഴിയായും മറ്റ് മൊഴികളെ വെറും വകമൊഴികളായും കണക്കാക്കുന്നത് കൊണ്ട് ആ മൊഴികള്‍ പതിയേ ഇല്ലാതാവുകയാണ്. ഇറ്റലിയിലും ഇതേ നിലയാണ്. ഇറ്റലിയുടെ ഓരോ പകുപ്പിലും വെവ്വേറെ മൊഴികള്‍ ഉണ്ട്, എന്നാല്‍ വാഴ്ചമൊഴിയായി ഒരു മൊഴിയെ മുറ്റും തിരഞ്ഞെടുത്തത് കൊണ്ട് തരം താഴ്ത്തപ്പെട്ട മറ്റു മൊഴികളുടെ മിണ്ടാട്ടം പുതിയ തലമുറയില്‍ കുറഞ്ഞു വരികയാണ്. 

തമിഴും മലയാളവും വകമൊഴികളാണ് എന്ന തെറ്റായ വാക്കാണം പേറുന്ന പലരുമുണ്ട്. ചെന്നൈയില്‍ മിണ്ടുന്ന മൊഴിക്ക് നാഗര്‍കോവിലിലെ മൊഴിയോട് ആണോ കോട്ടയത്തെ മൊഴിയോട് ആണോ കൂടുതല്‍ അടുപ്പം എന്ന് നോക്കുക. അത് പോലെ തൃശ്ശൂരിലെ മൊഴിക്ക് കണ്ണൂരിലെ മൊഴിയോട് ആണോ സേലത്തെ മൊഴിയോട് ആണോ കൂടുതല്‍ അടുപ്പം എന്നും. കേരളത്തിലെ വകമൊഴികളും തമിഴ്'നാട്ടിലെ വകമൊഴികളും വേറെയാണ് എന്നത് തെളിച്ചു കാണാം. അവ തമ്മിലുള്ള അതിര് ഏറെക്കുറേ എളുപ്പത്തില്‍ തന്നെ കണ്ടെത്താനാകും. 

ഇന്ന് ഞാന്‍ കുറച്ച് പാട്ടുകള്‍ പാടും (മലയാളം)

ഇന്റ് നാന്‍ സില പാടല്‍കളൈ പാടുവേന്‍ (തമിഴ്)


അവള്‍ ഇന്ന് വീട്ടില്‍ ഉണ്ടായിരുന്നില്ല (മലയാളം)

അവള്‍ ഇന്റ് വീട്ടില്‍ ഇല്ലൈ (തമിഴ്)

മലയാളം കേരളത്തിന്‍റെ വാഴ്ചമൊഴി ആയതിനാലും തമിഴ് തമിഴ്‌നാടിന്‍റെ വാഴ്ചമൊഴി ആയതിനാലും അവയ്ക്ക് മൊഴികളായി നിലനില്‍ക്കാന്‍ വേണ്ടത്ര കരുത്തും പിന്തുണയും ഉണ്ട്. എന്നാല്‍ കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിയില്‍ വാഴുന്ന കാടിന്‍റെ മക്കളുടെ മൊഴികളെ പിന്തുണയ്ക്കാന്‍ തുനിവുകള്‍ ഇല്ലാത്തതിനാല്‍ ഇരുള, കുരുംബ തുടങ്ങിയ മൊഴികളെ മലയാളത്തിന്‍റെയോ തമിഴിന്‍റെയോ കന്നഡയുടെയോ ഒക്കെ വകമൊഴികളായാണ് കണക്കാക്കുന്നത്. ഇത് അവരുടെ മൊഴികളുടെ വളര്‍ച്ചയ്ക്ക് പലപ്പോഴും വിലങ്ങുതടി ആവുകയാണ്. പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ തള്ളമൊഴിയില്‍ കല്‍ക്കാന്‍ കഴിയുന്നവര്‍ അതാത് നാടുകളിലെ വാഴ്ചമൊഴികള്‍ തന്നെ തള്ളമൊഴികളായി ഉള്ളവര്‍ മുറ്റുമാണ്.

ഇന്ത്യയുടെ വടക്ക് ഉള്ള ഒരു പഴമയുള്ള മൊഴിയാണ് അവധി. തുളസിദാസ്, കബീര്‍ എന്നിവരുടെ എഴുത്തുകള്‍ ഈ മൊഴികളില്‍ ആയിരുന്നു എഴുതപ്പെട്ടത്. ഇന്നും ഉത്തര്‍ പ്രദേശിന്‍റെ ചിലയിടങ്ങളില്‍ വാമൊഴിയായി ആളുകള്‍ അവധിയാണ് പെരുമാറുക. ഇന്ന് ഹിന്ദിയുടെ വെറുമൊരു വകമൊഴി മുറ്റുമായാണ് അവധി കണക്കാക്കപ്പെടുന്നത്. ഹിന്ദിയേക്കാള്‍ പഴമയുള്ള മൊഴിയായ അവധി അങ്ങനെ വാഴ്ചമൊഴി അല്ലാത്തതിനാല്‍ കരുത്തും പിന്തുണയും ഇല്ലാതെ പതിയേ ഒടുങ്ങുന്നു. ബീഹാറിലും കിഴക്കേ ഉത്തര്‍ പ്രദേശിലും മിണ്ടി വരുന്ന ഭോജ്പുരി എന്ന മൊഴിയുടെയും നില ഇത് പോലെ പരുങ്ങലിലാണ്. ഹിന്ദിയുടെ വകമൊഴിയായി ഇവയെ കണക്കാക്കുന്നത് കൊണ്ട് പുതിയ തലമുറ ഈ മൊഴികള്‍ പള്ളിക്കൂടത്തില്‍ കല്‍ക്കുന്നില്ല. അത് കൊണ്ട് അവര്‍ക്ക് ഹിന്ദി ഉയര്‍ന്ന നിലയിലുള്ള മൊഴിയും, തങ്ങളുടെ മൊഴി താണ ഒന്നുമായി തോന്നുകയും ചെയ്യും. മൊഴി എന്ന പട്ടം ചാര്‍ത്തികിട്ടുവാന്‍ ഏറെ കാലമായി ഭോജ്പുരി മിണ്ടുന്നവര്‍ തുനിയുന്നത് തങ്ങളുടെ മൊഴിയുടെ പെരുമ വീണ്ടെടുക്കാന്‍ വേണ്ടിയാണ്. 

മൊഴിയും വകമൊഴിയും തമ്മിലുള്ള അതിരുകള്‍ പലപ്പോഴും വരയ്ക്കുന്നത് അവയ്ക്ക് പുറകില്‍ നില്‍ക്കുന്ന കരുത്തരായ ആളുകളാണ് എന്ന നിലയ്ക്ക് നമുക്ക് എന്താണ് ചെയ്യാനാകുക? അമേരിക്കയിലെ തെക്കന്‍ പകുപ്പിലെ വകമൊഴിയല്ല കിഴക്കന്‍ പകുപ്പില്‍ ഉള്ളത്. ബ്രിട്ടനില്‍ പോലും ഓരോ ഇടത്തും ഓരോ തരത്തിലാണ് ആളുകള്‍ ഇങ്കിരിസ് പറയുക. അപ്പോള്‍ അടിത്തറ മൊഴിയായി ഒരു വകമൊഴിയെ മുറ്റും തിരഞ്ഞെടുത്ത് അതിനെ ഉയര്‍ത്തിപ്പിടിച്ചാല്‍ മറ്റ് വകമൊഴികള്‍ പതിയേ രണ്ടാം കിട വകമൊഴികളായി കണക്കാക്കപ്പെടും. ഒരേ മൊഴിയുടെ കച്ചത്തില്‍ തന്നെ  ഇങ്ങിനെയാകുമ്പോള്‍ വെവ്വേറെ നാടുകളില്‍ മിണ്ടുന്ന ക്രോയേഷനും സെര്‍ബിയനും വകമൊഴികളാണോ അതോ വേറിട്ട മൊഴികളോ എന്ന് തേടി പോകാതിരിക്കുകയാണ് നല്ലത്.  

കടപ്പാട്:

How similar are Danish, Norwegian and Swedish? (lynganor.com)


Next Post Previous Post
No Comment
Add Comment
comment url