മലയാളം തമിഴിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പോ?

 

രണ്ടാം പതിപ്പ് :വായിക്കാം.

എഴുതിയത് : മലയാളമൊഴി

മലയാളത്തെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു കറ്റുകെട്ടാണ് “മലയാളം സംസ്കൃതത്തിന്റെയും തമിഴിന്റെയും മകളാണ്” എന്നത് . മലയാളത്തില്‍ നിന്നും സംസ്കൃതം എടുത്തുകളഞ്ഞാല്‍ നമുക്കു തമിഴ് കിട്ടുമോ? അല്ലെങ്കില്‍ മറിച്ച് തമിഴ് എടുത്തു കളഞ്ഞാല്‍ സംസ്കൃതം കിട്ടുമോ? മലയാളത്തിനു തനതായി ഒരു അടയാളം ഉണ്ടോ ഇല്ലയോ എന്ന വിനവ് തന്നെയാണ് ഇത്.

എന്താണ് മൊഴിയും നാട്ടുമൊഴിയും?

തമിഴിന്റെ ഒരു നാട്ടുമൊഴി ആണെന്ന വായങ്കവും പലപ്പോഴായും ഉയര്‍ന്നു കേള്‍ക്കുന്നതാണ്. അതിന്റെ മറുപടിയിലേക്കു എത്തുന്നതിനു മുന്‍പ് മൊഴിയും നാട്ടുമൊഴിയും എല്ലാം എന്താണെന്ന് അറിയേണ്ടതുണ്ട്. ഒരു മൊഴിയുടെ തന്നാട്ടു വടിവാണ് നാടോടിമൊഴി അല്ലെങ്കില്‍ നാട്ടുമൊഴി എന്നൊക്കെ അറിയപ്പെടുന്നത്. രണ്ടോ അതില്‍ കുടുതല്‍ മൊഴികളോ കലര്‍ന്നു ഉണ്ടാകുന്ന മൊഴിയാണ് കലര്‍പ്പുമൊഴി (macronic language), ഇത് പൊതുവേ എഴുത്തിയലില്‍ ആണ് കാണുവാന്‍ കഴിയുക.


എന്നാല്‍ മൊഴിയും നാട്ടുമൊഴിയും തമ്മില്‍ തെളിവായ ഒരു അതിര് മൊഴിപ്പനുവലില്‍ നല്‍കിയിട്ടില്ല എന്നതാണ് ഉണ്മ. എരോപ്പില്‍ മൊഴിനാടുകള്‍ ഉടലെടുത്തതിനു പിന്നില്‍ വന്‍ തോതിലുള്ള നാടിയക്ക കരുനീക്കങ്ങള്‍ ഉണ്ട്. ഇങ്ങനെയുള്ള നാടുകളുടെ അടിത്തറ തന്നെ ഒരു അന്നാട്ടില്‍ മേല്‍ക്കോയ്മയുള്ള നാട്ടുമൊഴിയെ മറ്റും അച്ചടിമൊഴിയായി ഉയര്‍ത്തിക്കൊണ്ട് വരുകയും മറ്റുള്ളവയെ താഴ്ത്തികെട്ടുകയോ അടിച്ചമര്‍ത്തുകയൊ ചെയ്തുകൊണ്ട് ‘ഒരു നാട് ഒരു മൊഴി’ എന്ന ഊടത്തെ വളര്‍ത്തിയെടുത്തത് ആണ്. ഇന്ത്യയിലും ഇതേ മട്ടില്‍ ഒരു ഇയക്കം നിലനില്‍ക്കുന്നുണ്ട്. ഹിന്ദിയും അതിന്റെ നാട്ടുമൊഴികളും നോക്കുക. ഇതിനെ രണ്ടായി വേര്‍തിരിച്ചിട്ടുണ്ട് ; ഹിന്ദിയുടെ നേരായ നാട്ടുമൊഴികളും (ഹിന്ദിയോട് അടുത്തു ചാര്‍ച്ചയുള്ളവ) ഹിന്ദിയുടെ നാട്ടിയക്കമൊഴികളും (നാട്ടിയക്കത്തിന്റെ അടിത്തറയില്‍ ഹിന്ദിയുടെ നാട്ടുമൊഴികള്‍ എന്ന പട്ടം ചാര്‍ത്തി കിട്ടിയവ). പലപ്പോഴും ഹിന്ദിയെക്കാള്‍ പഴക്കം ചെന്നതും അതില്‍ നിന്നും തെളിവായ വേര്‍തിരിവ് ഉള്ള മൊഴികളെയും ഹിന്ദിയുടെ നാട്ടുമൊഴികളായി കണക്കാക്കിയിരിക്കുന്നതു കാണുവാന്‍ കഴിയും.


മൊഴിയാരാച്ചികര്‍ ‘ഡയലക്റ്റ്’ എന്ന വാക്കിനു പകരം “വെറൈറ്റി” ആണ് പെരുമാറുന്നത്, എന്തെന്നാല്‍ നാട്ടുമൊഴിയും മൊഴിയും തമ്മില്‍ വേര്‍തിരിക്കാന്‍ പനുവലിന്റെ അടിത്തറയില്‍ തെളിമയാര്‍ന്ന കാരണങ്ങള്‍ ഇല്ല. ഇതേ മട്ടില്‍ നമുക്കു മലയാളത്തെ അച്ചടിമലയാളം എന്നും മലയാള വകകള്‍ എന്നും മലയാളത്തെ വേര്‍തിരിക്കാം. അതായത് മലയാളത്തെ ഒരു കൂട്ടം ഉള്‍നാടന്‍ വടിവുകള്‍ അടങ്ങിയ ഒരൊറ്റ മാനമായി കാണാവുന്നതാണ്. ഒട്ടുമിക്ക മൊഴികളെയും ഇങ്ങനെ കാണാം. എന്തെന്നാല്‍ അച്ചടിമൊഴിയില്‍ നിന്നുമല്ല മിക്കപ്പോഴും നാട്ടുമൊഴികള്‍ ഉണ്ടാകുന്നത്, നേരെ മറിച്ചാണ് നടക്കുന്നത് എന്ന നേരറിവ് ഉള്‍ക്കൊള്ളേണ്ടതുണ്ട്. മലയാളമൊഴിയുടെ അതിരുകള്‍ വടക്കു കാഞ്ഞരങ്കോടുള്ള നാട്ടുമൊഴികളും തെക്ക് കുമരിയിലുള്ള നാട്ടുമൊഴികളും ആണെന്നു പറയാം. ഇതില്‍ കുമരിയിലെ മലയാളവും കഞ്ഞരങ്കോടുള്ള മലയാളവും തമ്മില്‍ തിരിച്ചറിവ് തീരെയില്ല. ഇവ രണ്ടും ഒരൊറ്റ മൊഴിയുടെ രണ്ടു തുഞ്ചങ്ങള്‍ ആണെന്നു കണക്കാക്കാം. ചുവടെ നല്‍കിയിരിക്കുന്ന നോക്കിയാല്‍ ‘ഡയലക്റ്റ് ഗ്രേഡിയന്‍റ്റ് ' നോക്കിയാല്‍ നമുക്കു മലയാളത്തിന്റെ നിലനില്‍പ്പു കാണുവാന്‍ കഴിയും. പൊതുവെ ഈ വകയിലാണ് ഒരു മൊഴി നിലനില്‍ക്കുന്നത്, ഒരു മൊഴിയുടെ തന്നെ വടിവം ചിലപ്പോള്‍ മറ്റൊരു മൊഴിയും ആയി ഇടകലരുകയും ചെയ്യുന്നു (കുമരി മലയാളവും കുമരി തമിഴും ).

സംസ്കൃതവും മലയാളവും മണിപ്രവാളവും

സംസ്കൃതവും മലയാളവും നേരിട്ടിടപെഴകുന്നത് മണിപ്രവാളത്തിന്റെ പിറപ്പോട് കൂടിയാണ് എന്നു പറയാം. കേരളത്തിലെ തനതു മൊഴിയായ മലയാളവും നമ്പുതിരിമാരുടെ കുടിയേറ്റത്തോടെ മേല്‍ക്കോയ്മ കൈവന്ന സംസ്കൃതവും ഇടകലര്‍ത്തി മണിപ്രവാളം എന്നൊരു എഴുത്തുവടിവിനു കേരളക്കരയില്‍ പിറവിനല്‍കപ്പെട്ടു. അതിനു മുന്നേ തന്നെ സംസ്കൃത വാക്കുകള്‍ മലയാളത്തില്‍ എത്തിയിരുന്നു എങ്കിലും വന്‍തോതിലുള്ള സംസ്കൃതച്ചുവ മലയാളത്തില്‍ കണ്ടിരുന്നില്ല. ഇതിന്റെ ഏറ്റവും വലിയ എടുത്തുകാട്ടല്‍ ആണ് ‘ആയിരം’, ഇതിന്റെ വേര് സംസ്കൃതമാണ് . ഇങ്ങനെ കടം കൊള്ളുന്നത് പൊതുവായി നടക്കുന്ന ഒന്നാണ്. സംസ്കൃതത്തിലും മറ്റു മൊഴികളില്‍ നിന്നും കടമെടുത്ത വാക്കുകള്‍ കാണുവാന്‍ കഴിയുന്നതും ഇതിനാല്‍ തന്നെ. ഇങ്ങനെ എത്തുന്ന വാക്കുകള്‍ മലയാളത്തിന്റെ തനതു ഒലിപ്പനുവലിനോട് ഇണങ്ങുകയൂം മൂല വാക്കില്‍ നിന്നും വേര്‍തിരിഞ്ഞു ചൊലുത്തില്‍ മലയാളിത്തം കാട്ടുകയും ചെയ്യുന്നു.

എടുത്തുകാട്ടല്‍: 1. ആശാരി ⟵ സം. ആചാര്യ, 2. കണ്ടം ⟵ സം. ഖണ്ഡം, 3. വാക്ക് ⟵ സം. വച് 

മണിപ്രവാളം

മിക്കപ്പോഴും സംസ്കൃതത്തില്‍ നിന്നുമാണ് മലയാളം വന്നത് എന്നു പറയുന്നതിനു പിന്നില്‍ കലര്‍പ്പുമൊഴിയായ മണിപ്രവാളത്തെ മലയാളമായി കുട്ടിക്കുഴയ്ക്കുന്നത് കൊണ്ടാണ്. മണിപ്രാവാളം പോലെ തന്നെ മലയാളവും മറ്റു മൊഴികളും ചേര്‍ന്നുണ്ടായ പല കലര്‍പ്പുമൊഴികളും കേരളത്തിലുണ്ട്. ദ്രാവിഡ മൊഴികളുടെ ഒരു മട്ട് എന്തെന്നാല്‍, അവയുടെ വടിവിനു മറ്റു മൊഴികളുടെ മേലേറ്റത്താല്‍ വലിയ മാറ്റം ഉണ്ടാകാറില്ല, മറിച്ചു ഇതേ അടിത്തറയില്‍ നിന്നുകൊണ്ടു തന്നെ വന്‍തോതില്‍ വാക്കുകള്‍ കടം എടുക്കുകയും ചെയ്യുന്നു. ബ്രാഹൂയി തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ എടുത്തുകാട്ടല്‍. അതായത് കലര്‍പ്പുമൊഴികള്‍ പിറക്കുമ്പോള്‍ വാക്കുകള്‍ ഏറെയും മറ്റു മൊഴികളില്‍ നിന്നു എടുക്കുകയും അതേ നേരം തന്നെ വടിവ് ദ്രാവിഡവുമായി നിലനില്‍ക്കുകയും ചെയ്യുന്നു. അറബി മലയാളം, സുറിയാണി, ജൂത മലയാളം എന്നിവയാണ് മണിപ്രവാളം പോലെയുള്ള കലര്‍പ്പുമൊഴികള്‍. ഇതില്‍ ജൂത മലയാളത്തെ ഒരു വേറിട്ട മൊഴിയായും കണക്കാക്കാറുണ്ട്.


ഇനി മണിപ്രവാളത്തെ തമിഴിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പുമൊഴിയായിട്ടാണ് കാണുന്നത് എങ്കില്‍ അതിനെയും കീറിമുറിച്ചു നോക്കാവുന്നതാണ് . മണിയാകുന്ന മലയാളവും പ്രവാളം അതായത് പവിഴമാകുന്ന സംസ്കൃതവും കലര്‍ന്നതിനാല്‍ പിറവികൊണ്ട ഒരു കലര്‍പ്പുമൊഴിയാണ് ആണ് മണിപ്രവാളം. ഇതൊരു എഴുത്തിയല്‍ വടിവമാണ്. ഇതില്‍ തമിഴിന്റെ പങ്ക് എവിടെ എന്നു കേട്ടാല്‍, അങ്ങനെ ഒരു പങ്ക് തമിഴിനു ഇതില്‍ കൂറുവാന്‍ ഇല്ല എന്നതാണ് ഉണ്മ.

കാലാഹിനാ പരിഗ്രസ്തമാം ലോകവും ആലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു -

ഇത് തിരു തുഞ്ചത്തച്ചന്‍ അവര്‍കളുടെ രാമായണം കിളിപ്പാട്ടിലെ മണിപ്രവാള വടിവിലുള്ള വരിയാണ്. ഇതില്‍ എവിടെയാണ് തമിഴ്? ഈ വരിയില്‍ ഏറിയപങ്കും സംസ്കൃതവാക്കുകള്‍ ആണെന്നതു കാണാം. ഒന്നാമതായി തന്നെ പുറത്തു നിന്നുള്ള വാക്കുകള്‍ തമിഴിലേക്കു കടമെടുക്കുന്നതിനു തമിഴ് മൊഴിയിലെ ചില ചട്ടങ്ങള്‍ പിന്‍തുടരേണ്ടതുണ്ട്. ഇവിടെ അങ്ങനെ യാതൊരു ചട്ടത്തിനും സംസ്കൃത വാക്കുകള്‍ കീഴ്പ്പെട്ടതായി കാണുന്നില്ല. ഈ വരിയിലെ ഒടുക്കം വരുന്ന തേടുന്നു എന്ന വാക്ക് നോക്കുക. തമിഴില്‍ എങ്ങനെയാണ് “തേടുന്നു” എന്ന വാക്കു പെരുമാറ്റം വ്യാകരണപരമായി ശരിയാകുക. കുടാതെ “ഭോഗങ്ങള്‍” എന്ന വാക്കില്‍ ഒന്നില്‍കൂടുതല്‍ എന്നു കാട്ടുവാന്‍ പെരുമാറിയിരിക്കുന്ന “ങ്ങള്‍” എന്നത് തമിഴിന്റെ ചൊലുത്തു ചട്ടങ്ങളുമായി പൊരുത്തപെടുകയില്ല. ഇനി ഇതേ എഴുത്തിലെ തന്നെ ഒരു പച്ച മലയാളം വരി കാണുക,

നന്നു നന്നെന്നു പുകഴ്ന്നു പുകഴ്ന്നവര്‍ നന്നായി തൊഴുതു തൊഴുതു നിന്നീടിനാള്‍

 തമിഴില്‍ നന്നി എന്നത് നന്‍റി എന്നാണ്, പുകഴ്ന്നു എന്നത് പുകഴ്ന്തു എന്ന് ആകണം. ‘നന്നായി’ എന്നു തമിഴില്‍ പെരുമാറുക ഇല്ല. ഈ ഒരു ചെറിയ ഒത്തുനോട്ടം കൊണ്ടു തന്നെ മണിപ്രവാളം എന്നത് മലയാളത്തിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പ് ആണെന്നും ഇവിടെ തമിഴിനു യാതൊരു പങ്കില്ല എന്നതും തെളിവാകുന്നതാണ്.

മൊഴിയുടുപ്പം 

മലയാളവും സംസ്കൃതവും വെവ്വേറേ മൊഴിത്തറവാടുകളില്‍ പെട്ട മൊഴികളാണ്. മലയാളം ദ്രാവിഡ മൊഴിയും സംസ്കൃതം ഇന്‍ഡോ എരോപ്പന്‍ മൊഴിയും ആണ്. തമിഴ്, തുളു, തെലുങ്ക്, കന്നടം, ഇരുള, ഗോണ്ടി മുതലായ മൊഴികള്‍ ഉള്‍പ്പെടുന്ന ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മുറ്റും നിലനില്‍ക്കുന്ന ഒരു മൊഴിത്തറവാട് ആണ് ദ്രാവിഡ മൊഴികള്‍. ഇവയില്‍ ഏറെയും തെക്കെ ഇന്ത്യയില്‍ ആണ് നിലനില്‍ക്കുന്നത്. പാകിസ്ഥാന്‍ അഫ്ഘാനിസ്താന്‍ എന്നിവിടങ്ങളില്‍ ബ്രഹൂയി എന്ന ഒരു ദ്രാവിഡ മൊഴി നിലനില്‍ക്കുന്നുണ്ട്.

മറിച്ച് സംസ്കൃതം ഒരു ഇന്‍ഡോ എരോപ്പിയന്‍ മൊഴിയാണ്. പാരിലെ ഏറ്റവും വലിയ മൊഴിത്തറവാട് ആണ് ഇത്. ലത്തീന്‍, ജെര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലിഷ്, റഷ്യന്‍, ഫ്രെഞ്ച്, ഇറ്റാലിയന്‍, പേര്‍ഷ്യന്‍ മുതലായ മൊഴികള്‍ ഉള്‍പ്പെട്ട ഈ കൂട്ടത്തിലെ ഇന്‍ഡോ-ഇറാനിയന്‍ പിരിവിലെ ഇന്‍ഡോ-ആര്യന്‍ പറ്റത്തിലുള്‍പെട്ട മൊഴിയാണ് സംസ്കൃതം. വടക്കെ ഇന്ത്യയിലെ ഒട്ടുമിക്ക മൊഴികളും ഈ വന്‍ പറ്റത്തില്‍ ഉള്‍പ്പെട്ടവയാണ് . ഇതില്‍ ഏറ്റവും പഴക്കം കണക്കാക്കിയിട്ടുള്ള വരമൊഴിയാണ് സംസ്കൃതം. ഇന്‍ഡോ എരോപ്പിയന്‍ മൊഴികളും ദ്രാവിഡ മൊഴികുളും തമ്മില്‍ യാതൊരു അടുപ്പവും ഇല്ല. കൂടാതെ ഈ രണ്ടു മൊഴിത്തറവാടുകളില്‍ ഉള്‍പ്പെട്ട മൊഴികളുടെ വടിവുകള്‍ തമ്മില്‍ നല്ല അകല്‍ച്ചയുമുണ്ട്. ദ്രാവിഡ മൊഴികള്‍ കൊറിയന്‍, ജാപ്പനീസ് ഒക്കെ പോലെ “അഗ്ലൂറ്റിനേറ്റീവ്” ഇയലുള്ള മൊഴികള്‍ ആണെന്നിരിക്കെ സംസ്കൃതം ഹിന്ദി ബംഗാളി തുടങ്ങിയ ഇന്‍ഡോ ആര്യന്‍ മൊഴികള്‍ ഇംഗ്ലീഷും ജെര്‍മനും പോലെ “ഫ്യൂഷണല്‍ “ വടിവു കാട്ടുന്ന മൊഴികളാണ്.

അഗ്ലൂട്ടിനേഷന്‍

ദ്രാവിഡ മൊഴികളെയും ആര്യന്‍ മൊഴികളെയും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു വലിയ വേര്‍തിരിവ് ആണ് അഗ്ലുട്ടിനേഷന്‍. ഇതിനെ മലയാളത്തില്‍ കൂട്ടിച്ചേരല്‍ അല്ലെങ്കില്‍ ചേര്‍പ്പ് എന്നു പറയാം. ലത്തീന്‍ മൊഴിയില്‍ ‘പശകൊണ്ട് ഒട്ടിക്കുക’ എന്ന പൊരുളാണ് അഗ്ലൂട്ടിനേഷന്‍ ആയത്. ഇവിടെ വ്യാകരണപരമായ ഇയലുകള്‍, അതായത് പാലിനം, എണ്ണം, കാലം എന്നിവ ഒരു വിനച്ചൊല്ലിന്റെ (ക്രിയാപദം) ഒടുവില്‍ കൂട്ടിച്ചേര്‍ക്കുപ്പെടുന്നു. ഇതിനാല്‍ വേരായി വരുന്ന വാക്കിനെ വേര്‍തിരിച്ചു എടുക്കുക പാടുള്ള പണിയല്ല. ഒരു എടുത്തുകാട്ട് എന്ന നിലയില്‍ കൈ എന്ന വാക്ക് എടുക്കാം.

എഴുതു - to write, എഴുതി - wrote, എഴുതും - will write, ഇവിടെ എഴുതു എന്ന വേരിനു മാറ്റം വരാതെ തന്നെ വ്യാകരണ പ്രത്യങ്ങള്‍ കൂട്ടിചേര്‍ത്തു പൊരുളില്‍ മാറ്റം വരുത്തുന്നു. എല്ലാ ദ്രാവിഡ മൊഴികളും ചേര്‍പ്പുമൊഴികള്‍ (അഗ്ലൂറ്റിനേറ്റീവ് മൊഴികള്‍ ) ആണ്.

എന്നാല്‍ സംസ്കൃതം പോലെയുള്ള ഫ്യൂഷണല്‍ മൊഴികളില്‍ ഒന്നിലേറെ വാക്കുവടിവങ്ങളെ കുറിക്കുവാന്‍ ഒരൊറ്റ പ്രത്യയത്തെ അല്ലെങ്കില്‍ ‘ഇൻഫ്ലക്ഷണൽ മോർഫീം’ പെരുമാറുന്നതായി ആണ് കാണാന്‍ കഴിയുക.

ഒത്തുനോക്കല്‍

 ഇംഗ്ലീഷ് - മലയാളം - ഫിന്നിഷ്

  • fear - പേടി - pelko
  • I fear - ഞാന്‍ പേടിക്കുന്നു - pelkään
  • I will fear - ഞാന്‍ പേടിക്കും - minä pelkään
  • I feared - ഞാന്‍ പേടിച്ചു - minä pelkäsin
  • I am fearless - എനിക്കു പേടിയില്ല - olen peloton

ഇംഗ്ലീഷ് - ഹിന്ദി

  • fear - dar
  • I fear - mujhe dar hai
  • I will fear - mujhe dar lagega
  • I feared - mujhe dar tha
  • I am fearless - main nidar hoon
മലയാളവും ഫിന്നിഷും പേടി - പെല്‍കൊ എന്നിവയുടെ കുടെ -ക്കുന്നു - aan, - ച്ചു - asin, -ഇല്ല - ton ഒക്കെ ചേര്‍ത്തു പൊരുളില്‍ മാറ്റം വരുത്തുമ്പോള്‍ ഹിന്ദിയും ഇംഗ്ലീഷും മറ്റൊരു ചട്ടമാണ് ഇതിനു വെണ്ടി നിലയിടുന്നത്.

കൂടാതെ മലയാളത്തില്‍ പൂര്‍വ്വപ്രത്യയം (prefix) സംസ്കൃതത്തില്‍ നിന്നും കടമെടുത്ത വാക്കുകളില്‍ ആണ് ചേര്‍ക്കുക, കാരണം പൂര്‍വ്വപ്രത്യയം ദ്രാവിഡ മൊഴികളില്‍ പരപ്രത്യയത്തിനു (suffix) ആണു മുന്‍തുക്കം. ‘നിര്‍ഭയം’ എന്നതിലെ നി എന്നത് എതിര്‍പ്പിനെ കാട്ടുന്നു, മുകളില്‍ ഹിന്ദിയില്‍ nidar എന്നതു പോലെ. അ- എന്ന പ്രത്യയവും സംസ്കൃത വാക്കുകള്‍ക്കു മുന്നില്‍ കൊടുക്കാറുണ്ട് ; പ്രസക്തം - അപ്രസക്തം. തനിമലയാളത്തില്‍ -ഇല്ല (പേടി + ഇല്ല) , (ഉയിര്‍ + അറ്റ) -അറ്റ, -ആ (കാണാ) തുടങ്ങിയ പ്രത്യങ്ങള്‍ വാക്കിന്റെ ഒടുക്കം കൂട്ടിച്ചേര്‍ത്ത് എതിര്‍പ്പിനെ കുറിക്കുന്നു.

വാക്കുകള്‍ കടം കൊണ്ടു എന്നതിനാല്‍ ഒരു മൊഴി മറ്റൊന്നില്‍ നിന്നും ഉണ്ടായി എന്ന് പറയാനാവില്ല. സംസ്കൃതം കഴിഞ്ഞാല്‍ മലയാളം ഏറ്റവും കൂടുതല്‍ വാക്കുകള്‍ കടം കൊണ്ടിരിക്കുന്നത് ഇംഗ്ലീഷില്‍ നിന്നുമാണ്. ഇതിനാല്‍ മലയാളം ഇംഗ്ലീഷില്‍ നിന്നുമാണ് ഉണ്ടായത് എന്നു പറയുന്നത് നേരല്ല. എല്ലാ ഇന്ത്യന്‍ മൊഴികളും സംസ്കൃതത്തില്‍ നിന്നും പിറവികൊണ്ടത് ആണെന്ന വായങ്കത്തെ ആരാഴ്ച്ചിയുടെ പിന്‍വയത്തോടെ തച്ചുടച്ചതാണ്. ഇതില്‍ ചട്ടമ്പിസ്വാമികളുടെ ആദിഭാഷയും, ദ്രാവിഡ മഹാത്മ്യവും ഒക്കെ എടുത്തു പറയേണ്ട ചുവടികളാണ്.

ദ്രാവിഡ മൊഴികളില്‍ ഒന്നു മുതല്‍ പത്തു വരെയും, നൂറ്, ആയിരം (വെയ്യ് തെലുങ്കില്‍) ആണ് എണ്ണങ്ങള്‍, ഇതില്‍ ഒമ്പത്, തൊള്ളായിരം, തൊണ്ണൂറ് എന്നിവ പത്ത് , നൂറ്, ആയിരം എന്നിവയെ അടിത്തറയാക്കിയ വാക്കും ആകുന്നു. തൊള്‍ എന്നാല്‍ മുന്നെ എന്ന പൊരുള്‍ വരും. തൊള്ളായിരം എന്നത് ആയിരത്തിനു തൊള്ളായിട്ടുള്ളത് , അതായത് ആയിരത്തിനു മുന്നെ വരുന്നത് എന്ന് പൊരുള്‍. തൊണ്ണൂറും ഇതു തന്നെ. ഇതില്‍ തന്നെ തെലുങ്കിനു മറ്റുമെ ആയിരം എന്നതിന്റെ കുറിക്കാന്‍ തനതായി ഒരു വാക്ക് ഉള്ളു, തമിഴും, മലയാളവും കന്നഡയും നേരിട്ടല്ലാതെ സംസ്കൃതത്തില്‍ നിന്നും കടം കൊണ്ട വാക്ക് ആണ് പെരുമാറുന്നത്. അതിനു പുറമെ വടക്കന്‍ ദ്രാവിഡ മൊഴികളില്‍ അക്കങ്ങള്‍ ഏറെയും ആര്യന്‍ മൊഴികളില്‍ നിന്നും കടം കൊണ്ടതായും കാണാം.

അക്കങ്ങളുടെ ഒത്തുനോക്കല്‍

ദ്രാവിഡ മൊഴികള്‍
തെക്കന്‍ ദ്രാവിഡ മൊഴികള്‍ - മലയാളം, കന്നഡ,തമിഴ്, തുളു
നടു തെക്കന്‍ ദ്രാവിഡ മൊഴികള്‍ - തെലുങ്ക്

  1.  മലയാളം - ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒമ്പത് പത്ത് നൂറ് ആയിരം
  2. തമിഴ് - ഒന്‍റു ഇരണ്ടു മൂന്‍റു നാന്‍കു ഐന്തു ആറു ഏഴു എട്ടു ഒന്‍പതു പത്തു നൂറു ആയിരം
  3. കന്നഡ - ഒന്ദു എരഡു മൂരു നാല്‍കു ഐദു ആരു ഏളു എണ്ടു ഒംബത്തു ഹത്തു നൂരു സാവിര
  4. തെലുങ്ക് - ഒകടി രേണ്ഡു മൂഡു നാലുഗു ഐദു അരു ഏഡു എനിമിദി തൊമ്മിദി പദി വന്ദ വെയ്യി
  5. തുളു - ഒഞ്ജി രഡ്ഡു മൂജി നാല് ഐന് ആജി ഏള് എണ്മ ഒര്‍മ്ബ പത്ത് നൂദു സാര
ഇന്‍ഡോ എരോപ്പന്‍

  1. ഗ്രീക്ക് - എന ദ്യൊ ത്രിയ തെസ്സെര പെന്റെ എക്സി എപ്ത ഒക്തൊ എന്നെയ ദെക്ക എക്കാതൊ
  2. ലത്തീന്‍ - ഉനും ദുഒ ത്രെസ് ക്വാത്തുഒര്‍ ക്വിയിന്‍ക്വെ സെക്സ് സെപ്തെം ഒക്തിന്‍ജെന്റി നൊന്‍ജെന്റി ഡെചെം കെന്‍തും
  3. സംസ്കൃതം - ഏകം ദ്വി ത്രി ചതുഃ പഞ്ച ഷഠ് സപ്ത അഷ്ഠ നവ ദശ ശത സഹസ്ര
  4. ഹിന്ദി - ഏക് ദോ തീന്‍ ചാര്‍ പാഞ്ച് ഛഹ് സാത് ആഠ് നൗ ദസ് സൗ
  5. സ്പാനിഷ് - ഉനൊ ദൊസ് ത്രെസ് ക്വാത്രൊ ചിന്‍കൊ സെയിസ് സിയത്തെ ഒച്ചൊ നുയെവെ ദിയെസ് സെന്തെനാര്‍
  6. റൊമേനിയന്‍ - ഉനു ദൊയി ത്രെയി പത്രു ചിന്‍ചി സസെ സപ്തെ ഒപ്ത് നൌഅ സെചെ സുത

സംസ്കൃതവും മലയാളവും, ഒത്തുനോട്ടം

  • സം. കിം പ്രതി വദതി സാ ? - . അവള്‍ /അവര്‍ എന്തിനെക്കുറിച്ചാണ് പറയുന്നത് ?
  • സം. മമ വചനം ശൃണോതു - മ. ഞാന്‍ പറയുന്നത് കേള്‍ക്കു
  • സം. കിം ദൃഷ്ടവാൻ ? - മ. താങ്കള്‍ എന്താണ് കണ്ടത്?
  • സം. ഏകാകിനീ പർവതം ആരോഢും സാ നിശ്ചയം കൃതവതീ - മ. അവള്‍ ഒറ്റയ്ക്കു മല കയറാന്‍ തീരുമാനിച്ചു
  • സം. രാമഃ തം താഡയിതും ഹസ്തം ഉന്നീതവാൻ - മ. രാമന്‍ അവനെ അടിക്കുവാനായി കയ്യോങ്ങി 
ഓരോ സംസ്കൃത പേര്‍ച്ചൊല്‍ (നാമപദം) അതിന്റേതായ ഇന വടിവ് ഉണ്ട്. വൃക്ഷ (ആണ്‍ - പുല്ലിംഗം), ഫല (നപുംസക ലിംഗം), നദി (പെണ്‍ - സ്ത്രീലിംഗം). എന്നാല്‍ ദ്രാവിഡ മൊഴികളില്‍ ഇനത്തെ കുറിക്കുന്നത് മറ്റോരു വകയിലാണ്.
തൊല്‍ക്കാപ്പിയത്തില്‍ വാക്കുകളെ രണ്ടായി ഇനം തിരിച്ചിരിക്കുന്നു.
"ഉയര്‍ത്തിണൈ എന്‍മാനര്‍ മക്കട് ചൂട്ടേ
അക്‍റിണൈ എന്‍മാനര്‍ അവര്‍ അല പിറവേ
ആയിരു തിണൈയിന്‍ ഇചൈക്കുമാന ചൊല്ലേ" - തൊല്‍കാപ്പിയം ചൊല്ലതികാരം
ഉയിര്‍ത്തിണൈ എന്നാല്‍ ഉയിരുള്ളവ അല്ലെങ്കില്‍ മാന്തരിനത്തില്‍ പെട്ടവ. അക്‍റിണൈ എന്നതു മാന്തരിനത്തില്‍ പെട്ടവയല്ലാത്തവയും. അതായത് യുക്തിരഹിതമോ ഉയിരറ്റതോ ആയവ (മരം, മണ്ണ്, മാന്‍ ). ആളുകളും ദേവതകളും ഉയിര്‍ത്തിണയിലും, മറ്റുള്ളവയെല്ലാം അക്‍റിണൈയിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ഉയിര്‍ത്തിണയില്‍ പാലിനത്തെ മൂന്നായിട്ടാണ് തെക്കന്‍ ദ്രാവിഡ മൊഴികളില്‍ ഇനം തിരിച്ചിട്ടുള്ളത്. ആണിനം, പെണ്ണിനം, പിന്നെ ഇവ രണ്ടിനും പൊതുവായി ഉള്ള ഇനവും (പലതിനെ കുറിക്കുവാന്‍ - ബഹുവചനം). ഇതില്‍ വിണ്ണാടരും , ആണിലും പെണ്ണിലും പെടാത്തവരും പൊതുവായുള്ള ഇനത്തില്‍ പെടുന്നു. മാന്തരിനത്തില്‍ പെടാത്തവയെ -ത് (അത് , ഇത് ) എന്നിവ കൊണ്ടു കുറിക്കുന്നു.

പഴയ മലയാളം വരമൊഴി - നിലവിലെ മലയാളം

  • അവന്‍ പോയിട്ടുവന്നാന്‍ - അവന്‍ പോയിട്ടുവന്നു (ആണ്‍ - ഉയിര്‍ത്തിണൈ)
  • അവള്‍ പോയിട്ടുവന്നാള്‍ - അവള്‍ പോയിട്ടുവന്നു (പെണ്‍ - ഉയിര്‍ത്തിണൈ)
  • അവര്‍ പോയിട്ടുവന്നാര്‍ - അവര്‍ പോയിട്ടു വന്നു. (പൊതുവായുള്ളത് - ഉയിര്‍ത്തിണൈ)
  • നായ പോയിട്ടുവന്നതു - നായ പോയിട്ടു വന്നു (അകു്റിണൈ)
സംസ്കൃതത്തിലെ പോലെ മരത്തിനും പഴത്തിനും ഒന്നും ദ്രാവിഡ മൊഴികളില്‍ ഇനംതിരിവ് നിലനില്‍ക്കുന്നില്ല . സംസ്കൃതവും ദ്രാവിഡ മൊഴികളും തമ്മില്‍ കാതലായ മാറ്റങ്ങള്‍ നിലവിലുണ്ട് എന്നു നമുക്ക് കാണുവാന്‍ കഴിയും. വ്യാകരണം, ചൊലുത്ത്, വടിവ് എന്നിവയുടെ എല്ലാം അടിത്തറയില്‍ സംസ്കൃതവും മലയാളവും തമ്മിലുള്ള അകല്‍ച്ച വളരെ വലുതാണ്.

പിന്‍കുറിപ്പുകള്‍

  1. The Study of Language, George Yule, Fourth Edition
  2. The Dravidian Languages, Bhadriraju Krishnamurthi
  3. മലയാഴ്മയുടെ വ്യാക്രണം, റവറന്തു മാത്തന്‍ ഗീവറുഗീസു
  4. Tholkappiyam in English, Dr. V. Murugan, 2000
  5. Sanskrit for Beginners, A simple and comprehensive guide

 

Next Post Previous Post
No Comment
Add Comment
comment url