മലയാളം തമിഴിന്റെയും സംസ്കൃതത്തിന്റെയും കലര്‍പ്പോ?

 

ഒന്നാം പതിപ്പ് : വായിക്കാം

എഴുതിയത് : മലയാളമൊഴി 

 തമിഴും മലയാളവും

തമിഴും തമിഴകവും

തമിഴ് എന്ന ഉര എന്തിനെ കുറിക്കുന്നു എന്നതിലാണ് ദ്രാവിഡ മൊഴികളുടെ തമിഴുറവ വായങ്കത്തിന്റെ കാതല്‍ നിലനില്‍ക്കുന്നത്. ഒന്നാമതായി തന്നെ തമിഴ് എന്നത് ഇന്നു നമ്മള്‍ അറിയുന്ന തമിഴ് നാട്ടിലെ പൊതുമൊഴിയായ തമിഴിനെ മുറ്റും കുറിക്കുവാന്‍ ഉണ്ടായിരുന്ന വാക്ക് അല്ലെന്ന കച്ചം ഉള്‍ക്കൊള്ളേണ്ടതുണ്ട്. തമിഴ് എന്നത് അടുത്തു ചാര്‍ച്ചയുള്ള തെന്നിന്റ്യയിലെ ചില മൊഴികളെയൊ അവയുടെ മുന്‍മൊഴികളെയൊ കുറിക്കുവാന്‍ പെരുമാറിയിരുന്ന വാക്ക് ആയിരുന്നു. ഇതേ കുറിച്ച് പെരുംപാവലര്‍ ഉള്ളൂര്‍ അവര്‍കളുടെ കേരള സാഹിത്യ ചരിത്രത്തില്‍ മൂലദ്രാവിഡത്തെ മുതുത്തമിഴ് എന്നു വിളിക്കുന്നതില്‍ തെറ്റില്ല എന്നു പറയുന്നുണ്ട്. പഴന്തമിഴ് എന്നാണ് ഉള്ളൂര്‍ അവര്‍കള്‍ മൂലദ്രാവിഡത്തിന്റെ കുറിയ്ക്കാന്‍ തന്റെ ഏടില്‍ കൊടുത്തിട്ടുള്ള വാക്ക് എങ്കിലും പഴയ തമിഴും ആയി കൂടികലര്‍ന്നു എണ്‍കുഴപ്പമുണ്ടാകാതെ ഇരിക്കാന്‍ മുതുത്തമിഴ് എന്നതു തന്നെ ഈ കുറിപ്പുലും തുടരെ പെരുമാറാം.


തമിഴും ദ്രാവിഡവും ഒരേ വേരില്‍ നിന്നും ഉള്‍ത്തിരിഞ്ഞു വന്ന ഉരികളാണെന്നതില്‍ കില്ലില്ലാത്തതിനാല്‍ തമിഴ് എന്ന വാക്ക് തമിഴ് നാട്ടിലെ തമിഴിനെ മറ്റും കുറിക്കുവാന്‍ പെരുമാറിയിരുന്നതല്ല എന്നത് തെളിവാകുന്നു. മുതുത്തമിഴ് രണ്ടായി വേര്‍തിരിഞ്ഞ് വടക്കന്‍ പിരിവും തെക്കന്‍പിരിവും ഉണ്ടാവുകയും, തെക്കന്‍ പിരിവ് വീണ്ടും പിരിവുകളിലേക്കു വഴിവച്ചു എന്നതും ദ്രാവിഡ മൊഴിപ്പനുവലിന്റെ കാതലായ അറിവാണ്. തെക്കന്‍ ദ്രവിഡ മൊഴികളില്‍ തന്നെ തമിഴ്, കന്നട, മലയാളം എന്നിവ വളരെ അടുപ്പം പുലര്‍ത്തുന്ന മൊഴികളാണ്. കന്നടയുടെ പഴയ വടിവായ *ഹാലേഗന്നഡ (പഴയകന്നട) ഈ ചാര്‍ച്ചയെ ഊട്ടിയുറപ്പിക്കുന്നതാണ്.


വട വേങ്കടം മുതല്‍ തെക്കു കുമരി വരെയാണ് തമിഴകം എന്നു പല തമിഴ് പാവലരും അടയാളപ്പെടുത്തുന്നു. അതായത് ഇന്നത്തെ ആന്ത്രയിലെ വെങ്കടമലകള്‍ മുതല്‍ തെക്കു കന്യാകുമാരി വരെ പരന്നു കിടന്നിരുന്ന നിലമാണ് പഴയ തമിഴകം. ഇന്നത്തെ കേരളവും, തമിഴ്നാടും തെക്കന്‍ കരുനാടും ഇതില്‍ ഉള്‍പ്പെടുന്നു. 

ചെന്‍പാണ്ടിത്തമിഴ്

പാണ്ടിത്തമിഴ് എന്നാല്‍ തമിഴ് നാട്ടിലെ തമിഴ് മൊഴിയാണ്. തമിഴ് മൊഴി ചെന്‍പാണ്ടിത്തമിഴ് എന്നും അറിയപ്പെടുന്നു. ഇതെന്തെന്നാല്‍ ദ്രാവിഡ മൊഴികളിലെ ഏറ്റവും പഴക്കം ചെന്ന വരമൊഴിയായ പാണ്ടിത്തമിഴിന്റെ എഴുത്തിയലിനു പിന്‍തുണയേകിയതും അതൊരു വരമൊഴിയായി ഉയര്‍ത്തിക്കൊണ്ടു വന്നതും പാണ്ടി നാട്ടിലെ മന്നന്‍മാരാണ്.
കൂടല്‍ തമിഴും ഇന്നത്തെ തമിഴും തമ്മില്‍ തിരിയുകയില്ല. സങ്കകാല തമിഴ് വായിച്ച് അറിയുവാന്‍ അതില്‍ കല്‍വം കിട്ടേണ്ടതുണ്ട്.

"പാണ്ടിയനിന്‍ നാടുടൈത്തു നല്ല തമിഴ്"

എന്ന് ഔവ്വയാര്‍ പാടിയിട്ടുള്ളതില്‍ നിന്നും തന്നെ പാണ്ടി നാട്ടില്‍ ചൊവ്വാക്കിയ മൊഴിയാണ് വരമൊഴി തമിഴ് എന്നതില്‍ കില്ലു വേണ്ട. കൂടാതെ കൂടലിന്റെ ( സംഘത്തമിഴിന്റെ ) ഈറ്റില്ലം പാണ്ടി നാടിന്റെ തലവുഴയായ മതുര ആയിരുന്നല്ലോ. വരമൊഴിയായി പാണ്ടിത്തമിഴ് ഉയര്‍ന്നതോടെ മറ്റു ഇടപാടു മൊഴികളെയെല്ലാം പുലവര്‍ കൊടുംതമിഴ് എന്നു വിളിക്കുവാന്‍ തുടങ്ങി. ദ്രാവിഡമൊഴികളില്‍ ഇതുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും പഴക്കംചെന്ന വ്യാകരണമായ തൊല്‍ക്കാപ്പിയത്തില്‍ മറ്റു നാടുകളില്‍ അവരുടേതായ മൊഴിവകകള്‍ നിലനിന്നിരുന്നു എന്ന് തെളിവായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതെ കുറിച്ച് ഉള്ളൂര്‍ അവര്‍കളും ചട്ടമ്പിസ്വാമികളും തങ്ങളുടെ ഏടുകളില്‍ പറയുന്നുണ്ട്.

"ഇയര്‍ചൊല്‍ തിരിചൊല്‍ തിചൈചൊല്‍ വടചൊല്‍ 

എഩ്റു അഩൈത്തേ ചെയ്യള്‍ ഈട്ടചൊല്ലേ" 

 -തൊല്‍ക്കാപ്പിയം ചൊല്ലതികാരം

തൊല്‍കാപ്പിയത്തിലെ ചൊല്ലതികാരത്തില്‍ ചൊല്ലുകളെ അതായത് വാക്കുകളെ നാലായി തരം തിരിക്കുന്നു. ഇയര്‍ചൊല്‍ എന്നത് പുലവര്‍ക്കും പൊതുവാളുകള്‍ക്കും ഒരുപോലെ തിരിയുന്ന വാക്കുകള്‍ ആണ്. തിരിചൊല്‍ എന്നത് രണ്ടു വകുപ്പുകളില്‍ പെടുന്നു. ഒരു പൊരുളിനെകുറിക്കുന്ന വേറിട്ട വാക്കും (പര്യായം) , വേറെ പൊരുളിനെ കുറിക്കുന്ന ഒരു വാക്കും (നാനാര്‍ത്ഥം) എന്നാല്‍ ഇതില്‍ തിചൈചൊല്‍ ആകട്ടെ തമിഴകത്തിന്റെ പന്ത്രണ്ടു നാടുകളില്‍ അവറവര്‍ക്കു മുറ്റും പിടികിട്ടുന്ന വാക്കുകള്‍ ആകുന്നു (നാട്ടുമൊഴി വാക്കുകള്‍ - ഒരു നാട്ടില്‍ മുറ്റും പെരുമാറി വരുന്ന ഒരു ചൊല്ല്).

"ചെന്തമിഴ് ചേര്‍ന്ത പഩ്ഩീരു നിലത്തും

തം കുറിപ്പിഩവേ തിചൈച്ചൊല്‍ കിളവി"

-തൊല്‍ക്കാപ്പിയം ചൊല്ലതികാരം

അതായത് ചെന്തമിഴും ഉള്‍പ്പെട്ട പന്ത്രണ്ടു നിലങ്ങളിലും തം (സ്വയം) അവിടെ മുറ്റും പരക്കെ നിലനില്‍ക്കുന്ന ചൊല്ലുകള്‍ ആകുന്നു തിചൈചൊല്‍. ഒടുവിലത്തേത് വടചൊല്‍, ഇതു വടമൊഴിയില്‍ (സംസ്കൃതം) നിന്നും കടമെടുത്ത തനതു ഒലിപ്പനുവലുമായി ഇണങ്ങിയ വാക്കുകള്‍ ആകുന്നു. എടുത്തുകാട്ട് - കാരണം, കമലം, കരം. ഇവ തമിഴ് എഴുത്തുകളാല്‍ എഴുതാന്‍ കഴിയുന്നവയാണ്.


ചെന്‍തമിഴ് നിലനിന്നിരുന്ന പരപ്പിന്റെ അതിരിനെക്കുറിച്ച് പല തമിഴ് എഴുത്തുകളിലും പറയുന്നുണ്ട്. തമിഴ് വ്യാകരണമായ നന്നുലില്‍ തമിഴ് മൊഴിക്കു കടന്നു ചെല്ലാന്‍ കഴിയാത്ത പതിനെട്ടു നാടുകളെ കുറിച്ചു പറയുന്നുണ്ട്. അവയില്‍ പതിനേഴെണ്ണത്തെ കട്ടളൈക്കലിത്തുറൈ എന്ന വട്ടത്തില്‍ എഴുതിയിട്ടുള്ള ഒരു പാട്ടിന്‍പടി :-

ചിങ്കളഞ്ചോനകഞ്ചാവകഞ്ചീതന്തുളുക്കുടകം

കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം

കങ്കമകതങ്കടാരങ്കടുങ്കചലഞകം

പുകഴ്തമിഴ് ചൂഴ്പതിനേഴ് പൂവിതാമിവൈയേ

ചിങ്കളം - സിംഹളം (ഈഴനാട്), ചോനകം (യവനദേശം - ഗ്രീക്ക്, റോമാ) ചാവകം (ജാവ - ഇന്‍ഡൊനേഷ്യ), ചീനം - ചൈന തുളു - തുളുനാട്, കൊങ്കണം, കന്നട - കരുനാട്, കൊല്ലം (കേരളത്തില്‍ വേനാടിന്റെ തലവുഴ) , തെലുങ്കകം , കലിങ്കം - ഒഡീഷ, കങ്കം - മൈസൂരിന്റെ തെക്ക്, മകതം - മഗധം , വങ്കം - ബംഗാള്‍, കടാരം - ബര്‍മ്മ (മ്യാന്‍മര്‍), കടുങ്കചലം - കോസലം എന്നിവയാണ് ആ നാടുകള്‍. ഇന്നാട്ടുകള്‍ അവരുടേതായ മൊഴികള്‍ ഉണ്ടായിരുന്നു എന്ന് ഇതിലൂടെ ഉറപ്പിക്കാം. കൂടാതെ നന്നൂല്‍ തൊല്‍ക്കാപ്പിയത്തിനു പിന്‍പുള്ളതായതിനാല്‍ പന്ത്രണ്ടു നാടുകള്‍ പതിനേഴായതില്‍ അമ്പരക്കേണ്ടതില്ല. ഇക്കാലയളവില്‍ മൊഴികള്‍ക്ക് ഏതാണ്ട് നാട്ടിയക്കമായ മേല്‍ക്കോയ്മ കൈവന്നു എന്നതും എടുത്തുപറയേണ്ടതുണ്ട്. പതിമൂന്നാം നൂറ്റാണ്ടോടെ (നന്നൂല്‍ എഴുതപ്പെട്ട ആണ്ട് ) തെക്കെ ഇന്റ്യയില്‍ ഒട്ടുമിക്ക മൊഴികളും കോയ്മയുടെ പടവുകള്‍ കയറി എന്നത് പഴമയില്‍ അടയാളപ്പെടുത്തിയതാണ്.

തമിഴും മലയാളവും ഒത്തുനോട്ടം 

അതിന്റെ അകരം ഐകരമായ് തിരിന്തു എന്നു തൊല്‍ക്കാപ്പിയത്തില്‍ പറയുന്നത് കാണുക. മലൈ, തലൈ എന്നാണല്ലൊ തമിഴില്‍ പറയുക. മലയാളത്തിലാകട്ടെ മല, തല എന്നൊക്കെ ആണല്ലോ പറയുക. അകരം ഐകരമായി തിരിന്തു എന്നാല്‍ അകരമായിരുന്നു തമിഴിന്റെ മുന്‍മൊഴിയില്‍ ഉണ്ടായിരുന്നത് എന്ന് ആണ്, അത് ഐ ആയി തിരിഞ്ഞു. കന്നടയിലും തുളുവിലും ഇത് എകരമായി മാറുകയും ചെയ്തു. എന്നാല്‍ തെലുങ്കും മലയാളവും ഈ മുന്‍മുറ നിലനിര്‍ത്തി പോന്നു.

“ആ, ഈ” എന്നി ചുട്ടെഴുത്തുകള്‍ തമിഴില്‍ കവിതയിലെ വരു എന്നാണ് തൊല്‍ക്കാപ്പിയര്‍ കുറിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ ആ മരം, ഈ കുളം എന്ന് തന്നെയാണ് വാമൊഴിയിലും വരമൊഴിയിലും. ഇത് കുടാതെ ആയ്ത എഴുത്ത് (ஃ) ദ്രാവിഡ മൊഴികള്‍ക്കിടയില്‍ തമിഴില്‍ മുറ്റുമാണ് കാണുന്നത്. ഇത് വടമൊഴിയില്‍ നിന്നും ഉള്‍ക്കൊണ്ട ഒന്നാണ്. മറ്റു ദ്രാവിഡമൊഴികളില്‍ ആയതം പോലെ ഒന്ന് കാണുവാന്‍ കഴിയില്ല. മലയാളത്തിന്റെ ഒരു എഴുത്തുമുറയിലും ആയ്ത എഴുത്ത് കണ്ടെത്തിയിട്ടുമില്ല.

ഇതിനു പുറമെ മലയാളത്തില്‍ ഇനത്തെ (ലിംഗ) കുറിക്കുന്ന പതിവ് വാമൊഴിയില്‍ നില്‍നിന്നിരുന്നില്ല, ഇത് വാമൊഴിയായി വന്ന പാട്ടുകളിലും കാണുകയില്ല. എന്നാല്‍ തുടര്‍ക്കാല മലയാള എഴുത്തുകളില്‍ “അവള്‍ വന്താള്‍” എന്നു കാണുന്നതിനു പിന്നില്‍ ചെന്‍തമിഴെന്ന വരമൊഴി ചെലുത്തിയ വയം ഉണ്ടായിരുന്നു എന്ന ഉണ്മ ഉള്‍ക്കൊള്ളണം. എല്ലാ മുന്‍കാല എഴുത്തിയല്‍ പണികളിലും ഇത് കാണുവാന്‍ കഴിയുകയില്ല.

ഉള്ളൂര്‍ അവര്‍കള്‍ പറഞ്ഞു വച്ചതുപടി ലീലാതിലകത്തെ ഇവിടെ കണക്കിലെടുക്കേണ്ടതില്ല. അത് മലയാളത്തിന്റെ അല്ല മണിപ്രവാളത്തിന്റെ വ്യാകരണമാകുന്നതിനാലും, അത്തരമൊഴി കലര്‍പ്പുമൊഴിക്കു ചട്ടങ്ങള്‍ പടുക്കുന്നതിനു വേണ്ടി എഴുതിയതിനാലും ലീലാതിലകത്തിനു വരമൊഴിയായ ചെന്‍തമിഴിന്റെ പല ചട്ടങ്ങളെയും ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

മറ്റു വലിയ ദ്രാവിഡമൊഴികളെ വച്ചു നോക്കുമ്പോള്‍ മലയാളവും തമിഴും അടുത്തു ചാര്‍ച്ചയുള്ളതായി കാണാം. എന്നിരുന്നാലും ആഴത്തിലുള്ള ഒത്തുനോട്ടത്തില്‍ ഈ രണ്ടു മൊഴികളും വേര്‍തിരിവുകള്‍ ഏറെ കാണുവാന്‍ കഴിയുന്നതാണ്. ഈ വേര്‍തിരിവുകള്‍ വ്യാകരണത്തിലും ഒലിപ്പനുവലിലും കാണുവാന്‍ കഴിയുന്നതാണ്.

വാക്കുകളുടെ ഒത്തുനോട്ടം

പഴയ മലയാളം മലയാളം തമിഴ്
നന്റി നന്നി നഩ്റി
പന്റി പന്നി പഩ്റി
വന്റ് വന്ന് വന്ത്
മാങ്ക/മാങ്ങ മാങ്ങ മാങ്കൈ
വീച് വീശ് വീസ്
നനഞ്ഞു നനഞ്ചു
കാറ്റ് കാറ്റ് കാട്ര് /കാത്ത്
പറ്റി പറ്റി പട്രി

കെ. എം. നാരായണ മേനോന്റെ “ഹിസ്റ്റോറിക്കല്‍ ഗ്രാമ്മര്‍ ഓഫ് ഏര്‍ളി ഓല്‍ഡ് മലയാളം” എന്ന ആരാച്ചിയെഴുത്തില്‍ തുടര്‍ക്കാല മലയാളത്തിലെ “ന്റ” എന്ന ഒലി മലയാളത്തില്‍ ന്ത, ന്ന എന്നീ ഒലികളിലേക്കു മാറിയതിനെ കുറിച്ച് പറയുന്നുണ്ട്. ഇതിന്റെ അടിത്തറയില്‍ തമിഴിലെ ഩ്റ എങ്ങനെ ആണ് മലയാളത്തില്‍ ‘ന്ന’ ആകുന്നത് എന്ന് തെളിവായി അറിയുവാന്‍ കഴിയും. അണ്ണത്തില്‍ നാക്കു മുട്ടിച്ചു ഉണ്ടാക്കുന്ന “ന്റ” എന്നത് പഴയ തമിഴിലും ഉണ്ടായിരുന്നതായി നാരായണ മേനോന്‍ കുറിക്കുന്നു, എന്നാല്‍ തമിഴില്‍ ഇത് വളരെ നേരത്തെ തന്നെ ഇല്ലാതെ ആകുകയും മലയാളത്തില്‍ ഇതു മുന്‍കാല എഴുത്തിയലില്‍ നിലനിന്നിരുന്നു പോന്നതായും കാണാം. ഺ, ന്റ എന്നീ ഒലികള്‍ മുതുത്തമിഴ് (പ്രോട്ടോ ദ്രവിഡിയന്‍) മൊഴിയില്‍ ഉണ്ടായിരുന്നതായി ദ്രാവിഡ മൊഴിപ്പനുവന്‍ കാട്ടുന്നു. ഇന്ന് ഇവ തമിഴില്‍ അതിന്റെ ചില തെക്കന്‍ നാട്ടുമൊഴികളില്‍ അല്ലാതെ മറ്റെങ്ങും ചൊലുത്തില്‍ ഇല്ല. എന്നാല്‍ മലയാളത്തിലാകട്ടെ ഇവ അതേപടി ചൊല്ലുന്നു എന്നു മുറ്റുമല്ല അച്ചടിമലയാളത്തിലും ഈ ഒലികള്‍ നിലനില്‍ക്കുന്നു. എടു: കാറ്റ്, എന്റെ , നിന്റെ

തമിഴില്‍ റ്റ എന്ന ഒലി ഇല്ല. രണ്ടു റകാരങ്ങള്‍ കൊണ്ടു കുറിക്കും എങ്കിലും “ട്ര” എന്നാണ് അതിന്റെ ചൊലുത്ത്. എടു: കാട്ര് (കാറ്റ്), തമിഴ് വാമൊഴിയില്‍ ഇത് “ത്ത” ആകുന്നതും പതിവാണ്. അതായത് കാട്ര് എന്നതിനെ കാത്ത് എന്നും ചൊല്ലുന്നു.

മറ്റൊരു ഒലിമാറ്റമാണ് തമിഴിലെ ചകാരവും മലയാളത്തിലെ ചകാരവും. തമിഴില്‍ ചകാരം സകാരമായി ചൊല്ലുന്നു. എന്നാല്‍ മലയാളത്തില്‍ ഒരു വാക്കിന്റെ മുന്നില്‍ ഇടയില്‍ വരുന്ന ചകാരമെല്ലാം ശകാരവും ആകുന്നു. വീസ് - വീശ്. തിങ്കള്‍, തിങ്ങള്‍ എന്നീ രണ്ടു വാക്കുകള്‍ മലയാള പൊരുളേടുകളില്‍ കാണുവാന്‍ കഴിയും, ഇതു രണ്ടും ഒരേ പൊരുളുള്ള ഉരികളാണ്, എന്തെന്നാല്‍ ങ്കയായും ങ്ങയായും വാക്കുകള്‍ തുടര്‍ക്കാല മലയാളത്തില്‍ നിലനിന്നു പോന്നിരുന്നു. ഇത് ഇടക്കാല മലയാള എഴുത്തിയലിലേക്കു എത്തിയപ്പോള്‍ “ങ്ങ” എന്നു മുറ്റുമായി മാറി. എന്നാല്‍ തമിഴില്‍ “ങ്ങ” എന്നത് പൊതുവെ ഇരട്ടിക്കാറില്ല, മിക്കപ്പോഴും “ങ്ക” ആയി തന്നെയാണ് ഉരികള്‍ തമിഴില്‍ കാണാറുള്ളത്. ഇതേപോലെ തന്നെയാണ് ഞ്ച , ഞ്ഞ എന്നവയുടെയും കച്ചം.

വ്യാകരണം

തമിഴിനും മലയാളത്തിനും ഇടയില്‍ വ്യാകരണമയമായ അകല്‍ച്ച നിലനില്‍ക്കുന്നുണ്ട്. ഇതില്‍ എടുത്തുപറയേണ്ടത് ഒട്ടുമിക്ക ദ്രാവിഡ മൊഴികളിലെന്നപോലെ തമിഴിലും വിനയുടെ ഒടുവിലായി ഇനം ചേര്‍ക്കുന്നു എന്നതാണ്.

മലയാളം: അവന്‍ അമ്പലത്തില്‍ നിന്നും വരുന്നു.
അച്ചടി തമിഴ്: അവന്‍ അവര്‍ കോവിലില്‍ ഇരുന്തു വരുകിറാന്‍
വാമൊഴി തമിഴ്: അവേ കോയിലില ഇരുന്തു വരാന്‍
കന്നട: അവനു ദേവസ്ഥാനന്ദിന്ദ ബരുത്തിഡ്ഡനെ

ഇവിടെ മലയാളത്തിലും തമിഴിലും -ഇല്‍ ചേര്‍ത്തു ഇടത്തെ കുറിക്കുന്നു എങ്കിലും ഒടുവില്‍ വരുന്ന വിനയുടെ കുടെ മലയാളത്തില്‍ ആണിനം ചേര്‍ത്തുകാണുന്നില്ല. എന്നാല്‍ തമിഴിലും കന്നടത്തിലും അന്‍ എന്ന ആണിന കുറി ചേര്‍ക്കുന്നതായി കാണാം. അതുകൂടാതെ തമിഴില്‍ ഇരിന്തു എന്നുള്ളടുത്തെല്ലാം മലയാളത്തില്‍ നിന്നു എന്നാകുന്നതും ചെലുത്തുക.

മലയാളം : അവള്‍ നീളമുള്ള പെണ്ണ് ആണ്. തമിഴ് : അവള്‍ ഉയരമാന പെണ്‍ കന്നഡ: അവളു എത്തരദ ഹുഡുഗി

മറ്റൊരു വേര്‍തിരിവ് നൊക്കുക, മലയാളത്തില്‍ പൊതുവെ പെരുമാറി വരുന്ന “ആണ്” (ഇംഗ്ലീഷിലെ ഈസ് എന്നതുപോല്‍) എന്നത് തമിഴിലും കന്നടയിലും ഒന്നും ആ മട്ടില്‍ കാണുവാന്‍ കഴിയില്ല. താങ്കളുടെ പേര് എന്താണ്? എന്ന് മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ തമിഴില്‍ ഇത് ഉങ്കള്‍ പെയര്‍ എഩ്ഩ? എന്നാണ് കേള്‍ക്കുക. ഇനി ഉങ്കള്‍ പെയര്‍ എഩ്ഩ ആകും? എന്ന് തമിഴില്‍ കേള്‍ക്കുക ആണെങ്കില്‍ അവിടെ പൊരുളു മാറുകയാണ് ചെയ്യുക. What is your name? എന്നത് What will your name become?(താങ്കളുടെ പേര് എന്താകും?) എന്നായി മാറുന്നു.

ഇനി കാലങ്ങള്‍ എങ്ങനെ കുറിക്കുന്നു എന്നു നോക്കാം.

നികഴ്ക്കാലം

മലയാളം: ഞാൻ വീട്ടിൽ പോകുന്നു 

തമിഴ്: നാന്‍ വീട്ടിര്‍ക്കു ചെല്‍കിറേന്‍

കന്നട: നാനു മനെഗെ ഹോഗുത്തുനേനെ 

കഴിഞ്ഞകാലം

മലയാളം: ഞാന്‍ വീട്ടിലേക്ക് പോയി 

തമിഴ്: വീട്ടുക്കു പോഩേന്‍ 

കന്നട: നാനു മനെഗെ ഹോദെ 

വരുംകാലം

മലയാളം: ഞാൻ വീട്ടിലേക്ക് പോകും 

തമിഴ്: നാന്‍ വീട്ടുക്കു പോറേന്‍ 

കന്നട: നാനു മനെഗെ ഹോഗുത്തേനെ 

മുകളിലുള്ള വരികളില്‍ നിന്നും തമിഴ്, കന്നട, മലയാളം എന്നിവ തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും തെളിവായി കാണാവുന്നതാണ്. കൂടാതെ മുകളിലത്തെ മലയാള വരികളില്‍ ഒരു സംസ്കൃത വാക്കുപോലും ഇല്ല എന്നിരിക്കെ തമിഴും മലയാളവും തമ്മിലുള്ള വേര്‍തിരിവ് മിഴിവാണ്.

തീര്‍പ്പ്

മൊഴികള്‍ തമ്മില്‍ ഇടപെഴുകുമ്പോള്‍ തനതായി ഉണ്ടാവുന്ന മാറ്റങ്ങളും വളര്‍ച്ചയുമെല്ലാം പൊതുവായ പൊഴുതി ആണ്. തമിഴും മലയാളവും കന്നടയും തമ്മില്‍ അടുപ്പമുള്ളത് അവയെല്ലാം ഒരു വേരില്‍ നിന്നും പിരിഞ്ഞു വളര്‍ന്നവ ആയതിനാലാണ്. അല്ലാതെ വാക്കുകള്‍ തമ്മില്‍ ചാര്‍ച്ചയുള്ളതിനാല്‍ സംസ്കൃതത്തിലൊ തമിഴിലൊ നിന്നാണ് മറ്റേല്ലാ മൊഴികളും ഉണ്ടായത് എന്ന അറിവുകേടിനെ പല കാലങ്ങളിലായും പലരും തച്ചുടച്ചതാണ്. പനുവലിന്റെ അടിത്തറയിലുള്ള ചിട്ടയായ ആരാച്ചി ഈ വക പൊയ്കളെ എല്ലാം ഉടച്ചുവാര്‍ത്ത് നേരായ അറിവിന്റെ വെളിച്ചം ആളുകളിലേക്കു പകരുന്നു. അതിനാല്‍ മതമയവും നാട്ടിയക്കത്തിന്റെ അടിത്തറയുടെ മേലും പടുത്തുയര്‍ത്തുന്ന മൊഴികളിലെ തെറ്ററിവുകളെ തള്ളിക്കളയുകയും നേരിനെ യാതൊരു മടിയും കൂടാതെ ഉള്‍ക്കൊള്ളുകയും ചെയ്യണം. കേരളത്തില്‍ നിലവിലുള്ള കല്‍വിയത്തില്‍ മൊഴിപ്പനുവലിനെ കുറിച്ചോ മലയാളത്തിന്റെ അടിയാളത്തെ കുറിച്ചോ തെളിവായ അറിവ് നല്‍കുന്നില്ല. അതു മുറ്റുമല്ല മലയാളം സംസ്കൃതത്തില്‍ നിന്നും ചെന്‍പാണ്ടിതമിഴില്‍ നിന്നും ഒക്കെ വന്നതാണ് എന്ന കറ്റുകെട്ടുകള്‍ പള്ളിക്കുടങ്ങളില്‍ നിന്നും ആളുകളിലേക്കു എത്തുന്നു എന്നതും ചെലുത്ത് വേണ്ടുന്ന ഒരു കച്ചമാണ്.

പിന്‍കുറിപ്പുകള്‍

  1. The Dravidian Languages, Bhadriraju Krishnamurthi
  2. മലയാഴ്മയുടെ വ്യാക്രണം, റവറന്തു മാത്തന്‍ ഗീവറുഗീസു
  3. Tholkappiyam in English, Dr. V. Murugan, 2000
  4. കേരള സാഹിത്യ ചരിത്രം , ഉള്ളൂര്‍
  5. ആദിഭാഷ, ചട്ടമ്പിസ്വാമികള്‍
  6. Historical Grammar of Early Old Malayalam, K. M. Narayanamenon
Next Post Previous Post
No Comment
Add Comment
comment url